Home » മരിച്ചാൽ ബോഡി എന്തു ചെയ്യണം?
മരിച്ചാൽ ബോഡി എന്തു ചെയ്യണം?

മരിച്ചാൽ ബോഡി എന്തു ചെയ്യണം?

by Editor
Send your news and Advertisements

ഞാൻ മാലിയിൽ ജോലി ചെയ്യുന്ന കാലത്ത് ജോലി contract -ൽ ഒരു ചോദ്യം ഉണ്ടായിരുന്നു.
മരിച്ചാൽ ബോഡി എന്ത് ചെയ്യണം എന്ന്.
ആ ചോദ്യം അപ്രതീക്ഷിതമായാണ് ഒരു ഓഫീസർ ചോദിച്ചത്. എനിക്ക് മുൻപേ ഓഫീസിലേക്ക് കയറിപ്പോയവർ പലരും കലങ്ങിയ കണ്ണുകളോടെ ഇറങ്ങി വന്നപ്പോൾ എന്താണ് കാര്യം എന്ന് മനസ്സിലായില്ല. അവരോടു കാര്യം ചോദിക്കും മുൻപേ എനിക്ക് ഉള്ളിലേക്ക് പോകേണ്ടിയും വന്നു.

അപ്പോഴാണ് ഓഫീസർ ഈ ചോദ്യം ചോദിച്ചത്.
മനുഷ്യസാഹചര്യം അല്ലേ.. ആളുകൾ ജോലിസ്ഥലത്ത്‌ മരിക്കുമല്ലോ..
ഞാൻ പറഞ്ഞു വീട്ടിൽ അറിയിക്കുക എന്നിട്ട് മാലിയിൽ ഖബറടക്കം നടത്തിയേക്കുക എന്ന്. അവിടെത്തെ പള്ളിയും സർക്കാരും — മുസ്ലിം രാഷ്ട്രം ആയതിനാൽ — അനുവദിക്കുമെങ്കിൽ ഒരു പെട്ടിയിൽ ആക്കി കടലിൽ എറിഞ്ഞാലും നന്ന്. കടലിനെ സ്നേഹിച്ച ആളെന്ന നിലയിൽ അതെനിക്ക് കൂടുതൽ സന്തോഷമാണ് എന്നും പറഞ്ഞു. മത്സ്യകന്യകമാരും കന്യകന്മാരും ഭൂമിയിലെ ഒരാളെ കടലിൽ കാണട്ടെ എന്നും തമാശയോടെ ഓർത്തു.
മരിച്ചു കഴിഞ്ഞാൽ എവിടെ അടക്കിയാൽ എന്താണ്.

തിരികെ വന്നപ്പോൾ പല ഫ്രണ്ട്സും ചോദിച്ചു.
എന്റെ ഉത്തരത്തിനു അവർ സ്വയം വിശദീകരണവും നൽകി.
സനയ്ക്ക് കുഞ്ഞും കുട്ടിയും ഭർത്താവും പരാധീനങ്ങളും ഇല്ലല്ലോ. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്!
അതെനിക്ക് അത്ഭുതകരമായ അറിവായിരുന്നു! സ്നേഹിക്കുന്നവർക്ക് അവസാനമായി മുഖം കാണേണ്ടതില്ലേ… ഞങ്ങൾ ഡെഡ് ബോഡി ആയാലും അതോണ്ട് നാട്ടിൽ പോകുന്നു,
സന ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്!

അന്നുമുതൽ ഞാൻ എന്നെ സ്നേഹിക്കുന്നവരെയും ഞാൻ സ്നേഹിക്കുന്നവരെയും എണ്ണികൊണ്ടിരിക്കുകയാണ്. ഇതുവരെ എണ്ണി തീർന്നിട്ടുമില്ല! ലിസ്റ്റ് വിപുലമായിക്കൊണ്ടിരിക്കുന്നു!!

അന്നത്തെ (മാലിദ്വീപ്) വീടിന് തൊട്ടുമുന്നിൽ ഖബറിടം ഉണ്ടായിരുന്നു. അവിടെനിന്നും ജിന്നും ആത്മാക്കളും വരുമെന്നും ഉറക്കത്തിൽ നമ്മെ സമീപിക്കുമെന്നും ശക്തമായ ഒരു വിശ്വാസം ദ്വീപുവാസികൾക്കിടയിൽ ഉണ്ടായിരുന്നു. ഏകാന്തമായ പല സമയത്തും ഒരു ജിന്ന് വന്നെങ്കിൽ പ്രേതം വന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കണ്ടുകിട്ടിയില്ല!

ജീവിതം എപ്പോഴും പ്രഹേളികയാണ്. മരണവും ! നന്നായി ജീവിക്കുമ്പോലെതന്നെ നന്നായി മരിക്കാനും നല്ലതുപോലെ അടക്കം ചെയ്യാനും ഒരു യോഗം വേണമെന്ന് ഈ ലോകം വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഭൂലോകം എന്ന ഈ മൺഗോളത്തിൽ വെച്ച് എവിടെ വെച്ച് മരിച്ചാലും ഒരുപോലെതന്നെ.
ഒരുകാര്യം ഓർത്തുകൊണ്ടാണ് എന്നും ഉറങ്ങാൻ കിടക്കുന്നത്. എന്റെ പ്രിയപ്പെട്ടവർ എല്ലാം ഞാൻ ഉണരുമ്പോൾ എന്റെ കൂടെ ഉണർന്നെണീക്കണേ എന്ന്. എന്റെ കൂടെ കല്പാന്തകാലത്തോളം ഉണ്ടായിരിക്കണമേ എന്നും.

സന റുബീന

You may also like

error: Content is protected !!