ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും സുരക്ഷിതവും സാങ്കേതിക വിദ്യാധിഷ്ഠിതവുമാക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയും എക്സിലൂടെയും പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് പരീക്ഷാ നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉറപ്പ് നൽകുന്ന നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. നീറ്റ് (NEET-UG) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.
അത്യാധുനിക സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കി ഭാവിയിൽ ചോദ്യപേപ്പർ ചോർച്ച പൂർണമായും തടയുന്ന രീതിയിലുള്ള ഘടനാപരമായ മാറ്റങ്ങളാണ് സമിതിയുടെ പ്രധാന ലക്ഷ്യം. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, മുൻ ഐ.ബി ഡയറക്ടർ തപൻ ദേക്ക, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി, മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്‌സ് വിദഗ്ദ്ധൻ അമൃത് ലാൽ മീണ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് നന്ദൻ നിലേകനിക്കൊപ്പം സമിതിയിലുള്ളത്.
വിദ്യാർഥികളുടെ ഭാവി വെച്ച് പന്താടുന്ന കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സന്ദേശത്തിൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ക്രമക്കേടുകളിൽ ഉൾപ്പെട്ട പലരും നിലവിൽ ജയിലിലാണെന്നും കേസിൻ്റെ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന് ശക്തമായ ശിക്ഷാ വ്യവസ്ഥകളും വൻതുക പിഴയും ഉറപ്പാക്കുന്ന പുതിയ ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും വരും ദിവസങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത പൂർണമായും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്കാണ് മന്ത്രാലയത്തിൻ്റെ അധിക ചുമതല നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർണ പ്രതിബദ്ധതയോടെ നിറവേറ്റുമെന്നും ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ള നിർണായക പദ്ധതികൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും ചുമതലയേറ്റ ശേഷം പ്രൽഹാദ് ജോഷി വ്യക്തമാക്കിയിരുന്നു.

