Thursday, September 10, 2026
Home » കേൾവിക്കപ്പുറം..!
ചെറുകഥ - കേൾവിക്കപ്പുറം..!

കേൾവിക്കപ്പുറം..!

ചെറുകഥ

by Editor

കുറച്ചു ദിവസമായി ഇടത്തേ ചെവി അടഞ്ഞിരിക്കുന്നതുപോലെ..
വേദനയൊന്നുമില്ല. വെള്ളം കയറിയതായിരിക്കുമോ..
വിധുവിനോട് പറഞ്ഞില്ല. അല്ലെങ്കിൽത്തന്നെ അദ്ദേഹത്തിനെവിടെയാ നേരം..!
ഒരാഴ്ചയായി പ്രമാദമായൊരു കേസിന്റെ പിന്നാലെയാണ്. ബലത്ത കക്ഷികളാണ്. ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കാൻ പാടില്ലപോലും.. ചേനക്കാര്യമാണെങ്കിലും അതൊരു ആനക്കാര്യമാക്കുന്ന സ്വഭാവക്കാരനാണു പുളളി.. ബാക്കിയുള്ളവരുടെ സമാധാനംകൂടി കളയും.
അതിനിടയ്ക്ക് ചെവിയുടെ കാര്യം പറഞ്ഞ് അങ്ങോട്ടെങ്ങാനും ചെന്നാൽ…
“എന്താ, ചെവിക്ക്?”
“എന്നിട്ടുമേന്താ പോയി ഡോക്ടറെ കാണാത്തത്.. എല്ലാത്തിനും ഞാൻ കൂടെ വരണമെന്നുവച്ചാൽ.. നടക്കുന്ന കാര്യമല്ല..”
പിന്നെ നിർത്തില്ല..
പറഞ്ഞുകൊണ്ടേയിരിക്കും…!

അടുത്ത ദിവസം രാവിലെ കണ്ണാടിയിൽ നോക്കുമ്പോൾ കവിളിനോടു ചേർന്ന ചെവിയുടെ ഭാഗത്ത് അല്പം തടിപ്പുള്ളതുപോലെ..
താഴത്തെ നിലയിൽ താമസിക്കുന്ന ഹൗസോണർ മീരാന്റിയോട് പറഞ്ഞപ്പോൾ അവർ ഉറപ്പിച്ചു പറഞ്ഞു,
“ചെവിക്കായം നിറഞ്ഞിരിക്കുന്നതാവും. ചെറുചൂടോടെ ഇത്തിരി എണ്ണ ചൂടാക്കി ചെവിയിലിറ്റിച്ചു കിടന്നാൽ നേരം വെളുക്കുമ്പോഴേക്കും അതു കുതിർന്നിരിക്കും. ചെവിത്തോണ്ടി വച്ച് അതിങ്ങ് ഇളക്കിയെടുക്കാവുന്നതേയുളളൂ.. “
രാത്രിതന്നെ എണ്ണ ചൂടാക്കി ചെവിയിലിറ്റിച്ചു…!

വിധു മറക്കാതെ വാങ്ങിവയ്ക്കുന്ന രണ്ടു സാധനങ്ങളാണ് ഇയർബഡ്സും, ടൂത്ത്പിക്കും.
ഇയർബഡ്സിൽ ഒരെണ്ണമെടുത്ത് ചെവിയിലിട്ടൊന്നു തിരിച്ചു.
എണ്ണയുടെ നനവുമാത്രം.
അകത്ത് പാറപോലെ ചെവിക്കായം ഉറച്ചിരിക്കുന്നു,
വേദനയില്ലെങ്കിലും ഒരു വല്ലാത്ത അസ്വസ്ഥത..!

അടുത്ത ദിവസം ഓഫീസിലേക്ക് കുറച്ചു നേരത്തെ ഇറങ്ങി. പോകുന്ന വഴി ജനറൽ ആശുപത്രിയിൽ കയറി ഇ.എൻ.ടി. ഡോക്ടറെ കാണിക്കാൻ..
“ചെവിക്കായം നിറഞ്ഞിരിപ്പുണ്ട്..
“മൂന്നു ദിവസം തുടർച്ചയായി മരുന്നൊഴിച്ചിട്ടു വരൂ. എടുത്തു കളയാം.”
അന്ന്,
ആശുപത്രിയിൽ നല്ല തിരക്കായിരുന്നു.
പത്തിന് ഓഫീസിലെത്താൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ട് സൂപ്രണ്ടിനോട് വിളിച്ചു പറഞ്ഞു.
കാഷ്വാലിറ്റിയിലെ നഴ്സ് കിഡ്നി ഡിഷുമായി വന്നു. ചെവിക്കുളളിലേക്ക് വെള്ളം ചീറ്റിത്തെറിപ്പിച്ചു..
ഒന്നും പുറത്തേക്ക് വരുന്നില്ല..
“നിങ്ങൾ ചെവിയിൽ മര്യാദയ്ക്ക് മരുന്നൊഴിച്ചില്ല, അല്ലേ?”
ചെവിക്കായം കുതിർന്നിട്ടില്ല. ഒരാഴ്ച അടുപ്പിച്ച് മരുന്നൊഴിച്ചിട്ട് വരൂ.”
ഞാൻ ചെവിയിലൊന്നു വിരലിട്ടു നോക്കി..
അതേ അടപ്പ്.
അതേ അസ്വസ്ഥത.
ഇതെന്താ ഇങ്ങനെ?
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വിധു പതിവുപോലെ കേസുകെട്ടുകൾക്കിടയിലായിരുന്നു.
“കേസെന്തായി?” ഞാൻ ചോദിച്ചു.
“ഇനി രണ്ടുദിവസം കൂടി നോക്കണം. നീ എന്തിനാ ഇന്ന് ആശുപത്രിയിൽ പോയത്?”
“കുറച്ചുദിവസമായി ചെവി അടഞ്ഞിരിക്കുന്നതുപോലെ.”
“എന്നിട്ട് നീ ഇത്രയും ദിവസം എന്തുകൊണ്ട് എന്നോടു പറഞ്ഞില്ല..?”
വിധു ചെവിയ്ക്കു ചുറ്റും അമർത്തി നോക്കി..
“ഇവിടെ വേദനയുണ്ടോ?”
“ഇല്ല.”
“നിനക്ക് കേൾക്കാൻ പറ്റുന്നുണ്ടോ?”
“അല്പം.”
“നാളെ കോസ്മോയിലെ ഇ.എൻ.ടി യെ കാണാം.”
“ഒരാഴ്ച ചെവിയിൽ മരുന്നൊഴിച്ചിട്ട് ചെല്ലാനാ പറഞ്ഞത്.”
“വെച്ചുകൊണ്ടിരിക്കണ്ട.! “

വിളിച്ചു ബുക്കുചെയ്തിരുന്നതുകൊണ്ട് ഒട്ടും താമസമുണ്ടായില്ല.
“ചെവിക്കായം മാത്രമല്ല പ്രശ്നം. പുറത്തു നിന്ന് കാണാത്ത ഭാഗത്ത് ഒരു ചെറിയ വീക്കം പോലെ തോന്നിക്കുന്നു.. ഒന്നു സ്കാൻചെയ്തു നോക്കട്ടെ..!
ഉള്ളിൽ എന്തോ പിടഞ്ഞു.
“വലിയ പ്രശ്നമാണോ, ഡോക്ടർ?”
“റിപ്പോർട്ടു കാണട്ടെ..”
ആ നിമിഷംവരെ ചെറിയൊരു അസ്വസ്ഥത മാത്രമായിരുന്ന ചെവിയടപ്പ്,
ഒരു വലിയ ചോദ്യമായി മുന്നിൽ..!

“ഭയപ്പെടേണ്ട കാര്യമില്ല. ചെവിക്കുള്ളിൽ കട്ടിയായി അടിഞ്ഞുകൂടിയ ചെവിക്കായംതന്നെയാണ് പ്രശ്നക്കാരൻ.. പുറത്തുനിന്ന് നോക്കുമ്പോൾ ചെറിയ വീക്കംപോലെ തോന്നിയതാണ്.”
ഞാൻ ദീർഘമായൊന്നു നിശ്വസിച്ചു..
വിധു എന്നെ നോക്കി ചിരിച്ചു.
കുറച്ചുദിവസമായി അടഞ്ഞുകിടന്ന ചെവിക്കുളളിലേക്ക് പെട്ടെന്ന് കാറ്റും വെളിച്ചവും കടന്നുകയറിയതുപോലെ..!
വഴിയരികിലെ മരങ്ങളിൽ ഇലകൾ ഇളകുന്ന ശബ്ദം വരെ വളരെ വ്യക്തമായി കേൾക്കാമായിരുന്നു.

ചില അസ്വസ്ഥതകൾ നാം നിസ്സാരമെന്ന് കരുതി മാറ്റിവയ്ക്കും. പക്ഷേ, അവയ്ക്കു പിന്നിലെ കാരണമറിയുന്നതുവരെ മനസ്സ് അതിന് പല അർത്ഥങ്ങളും നൽകിക്കൊണ്ടിരിക്കും. അന്ന് ചെവിയടപ്പ് മാറിയപ്പോൾ കേൾവി മാത്രമല്ല തെളിഞ്ഞത്.
അനാവശ്യമായ ഭയങ്ങൾക്കപ്പുറം ജീവിതം എത്ര സാധാരണവും മനോഹരവുമാണെന്നും മനസ്സിലായി.

രമണി അമ്മാൾ

Send your news and Advertisements

You may also like

error: Content is protected !!