Friday, September 4, 2026
Home » പകരംവയ്ക്കാനില്ലാത്തത്..
കഥ - പകരംവയ്ക്കാനില്ലാത്തത്..

പകരംവയ്ക്കാനില്ലാത്തത്..

കഥ

by Editor

ശാരിയുടെ കല്യാണം കൂടി കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ തനിച്ചായി.
“ദത്തുനിൽക്കാൻ താല്പര്യമുള്ള ഒരു പയ്യനെ നോക്ക് ശാരിക്ക്,” എന്ന് പലരും അമ്മയോട് പറഞ്ഞതാണ്. അമ്മയ്ക്കതിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.
“മക്കളുടെ സംരക്ഷണത്തിൽ അങ്ങോളം കഴിയാൻ ഞാനുദ്ദേശിക്കുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. മരിക്കുന്നതുവരെ എനിക്കെന്റെ ഭർത്താവിന്റെ പെൻഷൻ കിട്ടും. എന്റെ ചെലവിന് അതുതന്നെ ധാരാളം. ആർക്കുമൊരു ഭാരമാവാതെ ഇതുവരെ ജീവിച്ചു. ഇനിയും അങ്ങനെതന്നെ മതി.”

ഇങ്ങനെയൊക്കെ വീമ്പുപറഞ്ഞുനടന്ന അമ്മ രണ്ടാഴ്ച തികച്ചും ഒറ്റയ്ക്ക് ആ വീട്ടിൽ കഴിഞ്ഞില്ല.
ഒരു ദിവസം നേരം വെളുത്തപ്പോൾ ശുഭയുടെ വീടിനു മുന്നിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന അമ്മ..!
“എന്തുപറ്റി അമ്മേ? അമ്മയ്ക്ക് സുഖമില്ലേ?” ശുഭ അമ്പരപ്പോടെ ഓടിച്ചെന്നു..
“പറഞ്ഞിരുന്നെങ്കിൽ ഞാൻ വന്ന് കൂട്ടിക്കൊണ്ടുപോന്നേനെയല്ലോ…”
“അവിടെ ഒറ്റയ്ക്കിരുന്നിട്ട് എന്തിനാ? കുറച്ചുദിവസം ഇവിടെ പിള്ളാരുടെ കൂടെ നിൽക്കാമെന്നു പെട്ടെന്നങ്ങു വിചാരിച്ചു.”
അമ്മയുടെ ആ ‘കുറച്ചുദിവസം’ അങ്ങനെ നീണ്ടുനീണ്ടുപോവുകയായിരുന്നു..

രണ്ടാഴ്ച മുമ്പ്, പതിവുപോലെ ഞാനമ്മയെ കാണാൻ ചെന്നിരുന്നു..
അമ്മയ്ക്ക് തട്ടുകടയിലെ പരിപ്പുവടയും പഴംപൊരിയും ഇഷ്ടമായതുകൊണ്ട് അതുംകൊണ്ടേ ചെല്ലൂ.. പോരുമ്പോൾ കുറച്ചു കാശുകൂടി ഞാനമ്മയെ ഏല്പിക്കും..
ശുഭയുടെ ഭർത്താവ് രമേശൻ, ഒറ്റയാളുടെ ചെറിയ ശമ്പളം കൊണ്ടാണ് ആ വീട് കഴിയുന്നത്..!
ഡിഗ്രി കഴിഞ്ഞ് പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു രമേശന്റെയും ശുഭയുടെയും പ്രണയം നാട്ടിലും വീട്ടിലുമൊക്കെ പാട്ടാവുന്നത്..
കൂടുതലൊന്നും ആലോചിക്കാതെ എടുപിടീന്നു കല്യാണമങ്ങു നടത്തിക്കൊടുത്തു.
അടുത്ത ഊഴക്കാരിയും അവളായിരുന്നല്ലോ.

അടുപ്പിച്ചടുപ്പിച്ച് രണ്ടു പ്രസവം, അവരെ വളർത്തൽ… ഉദ്യോഗമോഹമൊക്കെ അവളന്നേ ഉപേക്ഷിച്ചതാണ്.
അമ്മ വന്നതിനുശേഷം ശുഭയ്ക്ക് വലിയ ആശ്വാസമായിരുന്നു. കുട്ടികളുടെ കാര്യത്തിലും വീട്ടുകാര്യങ്ങളിലും അമ്മയുടെ സാന്നിധ്യം അവൾക്ക് താങ്ങായി..
രാത്രി ഏറെ വൈകിയിട്ടും അമ്മയുടെ മുറിയിൽ വെളിച്ചം കണ്ടാണ് ഉറങ്ങാൻ കിടന്ന ശുഭ അങ്ങോട്ടു ചെന്നത്.
രാത്രിയിൽ കിടന്നാൽ ഉറക്കംവരാറില്ലെന്ന് പരാതിപറയാറുള്ള അമ്മ മൂടിപ്പുതച്ച് സുഖമായി കിടന്നുറങ്ങുന്നു…! ലൈറ്റണച്ച്, കതകും ചാരി ശുഭയും ഉറങ്ങാൻ കിടന്നു..

പിറ്റേന്ന് നേരം നന്നായി വെളുത്തിട്ടും അമ്മ എഴുന്നേറ്റുവരാതായപ്പോൾ ചെന്നു തട്ടിവിളിച്ചു.
അനക്കമറ്റു വെറുങ്ങലിച്ചു കിടക്കുന്ന അമ്മ..!
ഉറക്കത്തിനിടയിൽ എപ്പൊഴോ മരണം സംഭവിച്ചിരിക്കണം.!

അമ്മ മരിച്ചതിന്റെ മൂന്നാംനാൾ.. അമ്മ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഒതുക്കിവയ്ക്കാനും മറ്റുമായി ശുഭ മുറിയിലേക്ക് കയറിയതാണ്.
അമ്മ ഇവിടേയ്ക്കു വന്നപ്പോൾ കൊണ്ടുവന്ന എയർബാഗ് അവൾ തുറന്നുനോക്കി.
ഒന്നുരണ്ട് മടക്കിവച്ച തോർത്തുകൾ…
ഉപയോഗിച്ചിട്ടില്ലാത്ത കോൾഗേറ്റ് ടൂത്തുപേസ്റ്റും, ബ്രഷും, പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുവച്ച പെൻഷൻ പാസ്ബുക്ക്… ചുമയ്ക്കുള്ള മരുന്ന്… വിക്സ് ബാം… പിന്നെ എന്തൊക്കെയോ കുനുകുനാ എഴുതിനിറച്ച ഒരു നോട്ടുബുക്കും..

ബുക്കിന്റെ പേജുകൾ മറിച്ചുനോക്കുമ്പോൾ ഓരോ മാസത്തെയും പെൻഷൻതുകയും, അതിൽ നിന്ന് ചെലവായതും ശേഷിക്കുന്നതുമായ തുകകൾ ആദ്യം..
വിശദമായ കണക്കുകൾ അടുത്ത പേജുകളിൽ..
ശുഭ — കുട്ടികളുടെ ഫീസ്
ശാരി — ഡോക്ടറെ കാണുന്നതിനും മരുന്നിനും..
കുഞ്ഞുങ്ങൾ- പുസ്തകങ്ങൾ
രമേശൻ– പെട്രോൾ
പച്ചക്കറിയും പലവ്യഞ്ജനവും..
അവസാനം എഴുതിനിർത്തിയിരുന്നത്:
“എനിക്കായി ഞാനൊന്നും കരുതുന്നില്ല.”

ശുഭ അടുത്ത പേജ് മറിച്ചു.
അവിടെ രണ്ടു വരികൾ മാത്രം.
“മക്കളെ ഒന്നിനും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹം.. അവർക്കും പ്രാരാബ്ധങ്ങളുണ്ട്. ഒരുപാട് ചെലവുകളുണ്ട്.”
ശുഭയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

താൻ ഒരിക്കലും മക്കൾക്കൊരു ഭാരമാവരുതെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷേ, മക്കൾക്ക് അറിയാതെ അവരുടെ ആശ്രയമായി മാറിയിരുന്നത് അമ്മ തന്നെയായിരുന്നു.
അമ്മയുടെ മുറി…
കട്ടിലിൽ അമ്മ അവസാനമായി കിടന്നിരുന്ന ചുളിഞ്ഞ പുതപ്പ്…
മേശപ്പുറത്ത് പകുതി കുടിച്ചുവെച്ച വെള്ളം…
കട്ടിലിനടിയിലെ തേഞ്ഞ വള്ളിച്ചെരുപ്പ്…
തുറന്നുകിടന്ന ജനലഴികളിലൂടെ അകത്തേക്ക് പാളിവീഴുന്ന നേരിയ വെളിച്ചം…
എല്ലാം പഴയതുപോലെ… അമ്മ മാത്രം ഇല്ല.

ശുഭ കട്ടിലിന്റെ തലയ്ക്കലിരുന്നു.
ലൈറ്റ് അണയ്ക്കാൻ വന്നപ്പോൾ കണ്ട അമ്മയുടെ മുഖം…
ശാന്തമായ ഉറക്കം.
രാത്രിസമയങ്ങളിൽ ഉറങ്ങാൻ കഴിയാതെ വിഷമിച്ചിരുന്ന അമ്മയ്ക്ക് ഒരിക്കലും ഉണരാനാവാത്ത ഉറക്കമാണു കിട്ടിയത്..
“അമ്മേ…” അവൾ പതുക്കെ വിളിച്ചു.
ജനലിന്റെ കർട്ടൻ ഒന്നിളകി.
അപ്പോൾ ശുഭയ്ക്ക് തോന്നി…
അമ്മ ഇവിടെയുണ്ട്.
വാതിലടയ്ക്കുമ്പോൾ, “നേരം വൈകി, പോയി കിടന്നോ…” എന്നു പറയുന്ന അതേ ശബ്ദവുമായി…
ഒന്നും ചോദിക്കാതെ എല്ലാം കൊടുത്തിരുന്ന അതേ മനസ്സുമായി…
അമ്മയുടെ ജീവിതം മുഴുവൻ ഒരു വാചകത്തിലായിരുന്നു ഒതുങ്ങിയിരുന്നത്: “ആർക്കും ഒരു ഭാരമാവരുത്.”
പക്ഷേ, അമ്മ പോയപ്പോഴാണ് മക്കൾ തിരിച്ചറിഞ്ഞത്, അവർക്ക് ഭാരമാകാതിരിക്കാൻ അമ്മയുടെ ജീവിതകാലം മുഴുവൻ അമ്മ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നുവെന്ന്..

അമ്മയുടെ വേർപാടോടെ ആ വീട് ശൂന്യമായി.
ഉള്ളുനിറയെ സ്നേഹമുണ്ടായിരുന്നെങ്കിലും അത് പുറമെ പ്രകടിപ്പിക്കാൻ അറിഞ്ഞുകൂടാതിരുന്ന അമ്മ..! .

രമണി അമ്മാൾ

Send your news and Advertisements

You may also like

error: Content is protected !!