ജനീവ: ലോകത്തെ വൻ കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകൊണ്ട് ഗോഡ്‌സില്ല എൽ നിനോ അസാധാരണമാംവിധം ശക്തിപ്രാപിക്കുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യു.എം.ഒ) മുന്നറിയിപ്പ്. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം എൽ നിനോ കൂടി ഒത്തുചേരുന്നതോടെ ലോകം ഇതിനകം തന്നെ ഒരു “അതീവ കാലാവസ്ഥാ അപകടമേഖലയിലേക്ക്” പ്രവേശിച്ചതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എൽ നിനോയായി ഇത് മാറിയേക്കാമെന്നാണ് ലോക കാലാവസ്ഥാ സംഘടന (WMO) വ്യക്തമാക്കുന്നത്.
പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണ നിലയേക്കാൾ 2.2 ഡിഗ്രി സെൽഷ്യസ് മുതൽ 2.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതിനെ തുടർന്നാണ് ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ രൂപത്തിലേക്ക് ഈ പ്രതിഭാസം മാറുന്നത്. ആഗോള താപനില വലിയ തോതിൽ ഉയരാൻ കാരണമാകുന്ന ഈ പ്രതിഭാസം 2027 ഫെബ്രുവരി വരെ ശക്തമായി തുടരുമെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്. സമുദ്രോപരിതലത്തിന് താഴെ താപനില സാധാരണയേക്കാൾ എട്ട് ഡിഗ്രി സെൽഷ്യസിലധികം ഉയർന്ന നിലയിലാണ്. പ്രതിഭാസം ശക്തിപ്രാപിക്കാൻ സഹായിക്കുന്ന വലിയൊരു താപശേഖരമാണ് സമുദ്രത്തിനടിയിൽ രൂപപ്പെട്ടിരിക്കുന്നത്.
ഭൂരിഭാഗം കരപ്രദേശങ്ങളിലും വരും മാസങ്ങളിൽ റെക്കോർഡ് ചൂട് അനുഭവപ്പെടും. ഇന്ത്യ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവടങ്ങളിലും മൺസൂൺ ദുർബലമാകാനും കടുത്ത വരൾച്ചയ്ക്കും കാട്ടുതീക്കും ഇത് കാരണമായേക്കാം. ശക്തിപ്രാപിക്കുന്ന എൽ നിനോ ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ മൺസൂണിനെയും കാർഷിക മേഖലയെയും ജലസുരക്ഷയെയും കനത്ത സമ്മർദ്ദത്തിലാക്കും. ഒക്ടോബർ-ഡിസംബർ കാലയളവിൽ എൽ നിനോ കൂടുതൽ തീവ്രമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ രാജ്യത്ത് ഗണ്യമായ മഴക്കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ സെപ്റ്റംബറിലും മഴ സാധാരണ ലഭിക്കേണ്ട തോതിലും താഴെയാകുമെന്നാണ് പ്രവചനം.
പസഫിക് സമുദ്രത്തോട് ചേർന്നുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും (പെറു, ഇക്വഡോർ) യുഎസിന്റെ ചില ഭാഗങ്ങളിലും അസാധാരണമായ കനത്ത മഴയും വിനാശകരമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. സമുദ്ര താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനാൽ പവിഴപ്പുറ്റുകൾ നശിക്കുന്നതിനും വൻതോതിൽ സമുദ്രജീവികളുടെ മരണത്തിനും ഇത് കാരണമാകുന്നു.
ആഗോളതലത്തിൽ കാർഷിക ഉൽപ്പാദനം തടസ്സപ്പെടുന്നതോടെ ഭക്ഷ്യവില കുതിച്ചുയരാനും, കോടിക്കണക്കിന് ആളുകൾ പട്ടിണിയിലാകാനും ജലക്ഷാമം നേരിടാനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം എൽ നിനോയെ കൂടുതൽ മാരകമാക്കുന്ന ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി മുൻകൂട്ടിയുള്ള പ്രതിരോധ പ്രവർത്തനങ്ങളും കൃത്യമായ ആസൂത്രണങ്ങളും നടത്താൻ സർക്കാരുകളോട് WMO ആഹ്വാനം ചെയ്തിട്ടുണ്ട്.

