Sunday, August 30, 2026
Home » പന്നിമാംസം ഒഴിവാക്കുന്നതെന്തുകൊണ്ട്? – ആരോഗ്യ കാരണങ്ങളും മതവിശ്വാസങ്ങളും.
പന്നിമാംസം ഒഴിവാക്കുന്നതെന്തുകൊണ്ട്? — ആരോഗ്യ കാരണങ്ങളും മതവിശ്വാസങ്ങളും.

പന്നിമാംസം ഒഴിവാക്കുന്നതെന്തുകൊണ്ട്? – ആരോഗ്യ കാരണങ്ങളും മതവിശ്വാസങ്ങളും.

മാർത്ത് ഷ്മൂനിയും ഏഴ് പുത്രന്മാരും — വിശ്വാസത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ കഥ

by Editor

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മാംസാഹാരമാണ് പന്നിയിറച്ചി. എന്നാൽ മതവിശ്വാസങ്ങൾ, പാരമ്പര്യങ്ങളും സാംസ്കാരിക ആചാരങ്ങളും, ആരോഗ്യപരമായ ആശങ്കകളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കോടിക്കണക്കിന് ആളുകൾ പന്നിമാംസം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നു. മനുഷ്യചരിത്രത്തിൽ തന്നെ ഏറെ പഴക്കമുള്ള ഭക്ഷണനിയന്ത്രണങ്ങളിൽ ഒന്നാണ് പന്നിമാംസം ഒഴിവാക്കുന്ന സമ്പ്രദായം. വിവിധ മതങ്ങളിലും സംസ്കാരങ്ങളിലും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ വിലക്കിന് മതപരവും സാമൂഹികവും സാംസ്കാരികവുമായ നിരവധി മാനങ്ങളുണ്ട്.

പന്നിമാംസം കഴിക്കണമോ ഒഴിവാക്കണമോ എന്നത് വ്യക്തിയുടെ മതവിശ്വാസവും ആരോഗ്യസ്ഥിതിയും ഭക്ഷണരീതിയും ആശ്രയിച്ചുള്ള തീരുമാനമാണ്. എന്നാൽ പന്നിയിറച്ചിയുമായി ബന്ധപ്പെട്ട ചില ആരോഗ്യ അപകടസാധ്യതകളും വിവിധ മതങ്ങളിലെ വിലക്കുകളും മനസ്സിലാക്കുന്നത് പ്രയോജനകരമാണ്.

പന്നിമാംസം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ
പന്നിമാംസം (പോർക്ക്) ശരിയായ രീതിയിൽ പാകം ചെയ്യാതെ കഴിക്കുന്നതും, അമിതമായി ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പന്നിയുടെ കരളിലും മാംസത്തിലും ഹെപ്പറ്റൈറ്റിസ് ഇ വൈറസ് അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ശരിയായി വേവിക്കാതെ ഇത് കഴിച്ചാൽ കരൾ വീക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാം. ഗർഭിണികളായ സ്ത്രീകളെ ഈ വൈറസ് ബാധിച്ചാൽ അത് കൂടുതൽ അപകടകരമാണ്.

  • ടീനിയ സോലിയം (Taenia solium): ഇത് പന്നിയിറച്ചിയിലൂടെ പകരുന്ന ഒരു തരം നാടവിരയാണ് (Tapeworm). ഇതിന്റെ മുട്ടകൾ ശരീരത്തിലെത്തുന്നത് ന്യൂറോസിസ്റ്റിസെർക്കോസിസ് (Neurocysticercosis) എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് മസ്തിഷ്കത്തെ ബാധിക്കുകയും അപസ്മാരം (Epilepsy) പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാം
  • ട്രിച്ചിനെല്ല (Trichinella): ഈ വിരകൾ പേശികളിൽ തങ്ങിനിൽക്കുകയും ശരീരവേദന, പനി, കണ്ണിനു ചുറ്റുമുള്ള വീക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

പന്നിമാംസത്തിൽ യേർസിനിയ എന്ററോകോളിറ്റിക്ക (Yersinia enterocolitica), സാൽമൊണല്ല (Salmonella) തുടങ്ങിയ അപകടകരമായ ബാക്ടീരിയകൾ കാണപ്പെടാറുണ്ട്. ഇവ ഗുരുതരമായ ഭക്ഷ്യവിഷബാധ (Food poisoning), വയറിളക്കം, ഛർദ്ദി, പനി എന്നിവയ്ക്ക് കാരണമാകുന്നു. പന്നിമാംസത്തിൽ വലിയ അളവിൽ സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിരിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

പന്നിമാംസം റെഡ് മീറ്റ് (Red meat) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) പഠനങ്ങൾ പ്രകാരം റെഡ് മീറ്റും സംസ്‌കരിച്ച മാംസവും (Processed meat – Bacon, Sausage, Ham) അമിതമായി കഴിക്കുന്നത് വൻകുടലിലെ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. മാംസം ഉയർന്ന താപനിലയിൽ ഫ്രൈ ചെയ്യുമ്പോഴും ഗ്രിൽ ചെയ്യുമ്പോഴും ഉണ്ടാകുന്ന കാർസിനോജനുകൾ (Carcinogens) കാൻസറിന് കാരണമാകാം.

മതങ്ങളിൽ പന്നിമാംസത്തിനു വിലക്ക്
ചില പ്രമുഖ മതങ്ങളിൽ പന്നിമാംസം കഴിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പ്രധാനമായും സെമിറ്റിക് (അബ്രഹാമിക്) മതവിഭാഗങ്ങളിലാണ് ഈ വിലക്ക് വ്യക്തമായി കാണുന്നത്. വിവിധ മതങ്ങളിൽ പന്നിയിറച്ചിക്ക് വിലക്കേർപ്പെടുത്തിയതിന്റെ കാരണങ്ങളും പശ്ചാത്തലവും താഴെ പറയുന്നവയാണ്:

യഹൂദ മതം (Judaism)
യഹൂദ മതവിശ്വാസപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് കർശനമായി നിരോധിക്കപ്പെട്ടിരിക്കുന്നു. യഹൂദരുടെ ഭക്ഷണ നിയമങ്ങളെ ‘കോഷർ’ (Kosher) എന്നാണ് വിളിക്കുന്നത്.
* തോറ (Torah): യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ തോറയിലെ ലെവിറ്റിക്കസ് (Leviticus 11:7-8), ആവർത്തനപുസ്തകം (Deuteronomy 14:8) എന്നിവയിൽ പന്നിയിറച്ചി വിലക്കിയിട്ടുണ്ട്.
* കാരണം: ഈ നിയമപ്രകാരം ഒരു മൃഗത്തെ ഭക്ഷണമാക്കണമെങ്കിൽ അതിന് ഇരട്ടക്കുളമ്പുണ്ടായിരിക്കുകയും അത് അയവിറക്കുകയും വേണം. പന്നിക്ക് ഇരട്ടക്കുളമ്പുണ്ടെങ്കിലും അത് അയവിറക്കാത്ത മൃഗമായതിനാൽ ‘അശുദ്ധമായി’ കണക്കാക്കപ്പെടുന്നു.

ക്രിസ്തുമതവും ബൈബിളിലെ നിർദ്ദേശങ്ങളും
ക്രിസ്തുമതത്തിലെ പല സഭകളും ഇന്ന് പന്നിയിറച്ചി വിലക്കുന്നില്ലെങ്കിലും ചില വിഭാഗങ്ങൾക്കിടയിൽ ഇതിന് വിലക്കുണ്ട്. കാരണം പഴയനിയമത്തിൽ പന്നിയിറച്ചി കഴിക്കുന്നതിനെക്കുറിച്ചുള്ള വിലക്ക് വ്യക്തമായി കാണാം. ലേവ്യപുസ്തകം 11:7–8 പന്നിക്ക് പിളർന്ന കുളമ്പുണ്ടെങ്കിലും അത് അയവിറക്കാത്തതിനാൽ അശുദ്ധമാണെന്നും അതിന്റെ മാംസം ഭക്ഷിക്കരുതെന്നും പറയുന്നു. ആവർത്തനപുസ്തകം 14:8-ലും സമാനമായ നിർദ്ദേശം ആവർത്തിക്കുന്നു.

യെശയ്യാ പ്രവാചകൻ ദൈവത്തോടുള്ള അനുസരണക്കേടിന്റെയും ആത്മീയ തകർച്ചയുടെയും പ്രതീകമായാണ് പന്നിമാംസം കഴിക്കുന്നതിനെ ചൂണ്ടിക്കാണിക്കുന്നത്. യെശയ്യാവ് 65:2-4-ൽ ദൈവത്തെ നിരന്തരം കോപിപ്പിക്കുന്ന ഒരു ജനതയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വിഗ്രഹാരാധന നടത്തുന്നതും, കല്ലറകളിൽ ഇരിക്കുന്നതും, ഒപ്പം “പന്നിമാംസം തിന്നുകയും അശുദ്ധ സാധനങ്ങൾ കൊണ്ടുള്ള ചാറു പാത്രങ്ങളിൽ വെക്കുകയും” ചെയ്യുന്നത് ദൈവത്തോടുള്ള വലിയ ലംഘനമായി ഇതിൽ വിവരിക്കുന്നു. യെശയ്യാവ് 66:17 -ൽ പൂന്തോട്ടങ്ങളിൽ പോയി തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നു എന്ന് നടിക്കുകയും, എന്നാൽ പന്നിമാംസം, എലി തുടങ്ങിയ അശുദ്ധമായവ കഴിക്കുകയും ചെയ്യുന്ന കപടഭക്തർക്ക് നേരെയുള്ള മുന്നറിയിപ്പാണിത്. അങ്ങനെയുള്ളവർ ഒരുപോലെ നശിച്ചുപോകുമെന്ന് വചനം താക്കീത് നൽകുന്നു.

സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭക്കാർ, ചില ഹീബ്രൂ ക്രിസ്ത്യൻ വിഭാഗങ്ങൾ, ചില സിറിയൻ, എത്തിയോപ്യൻ ഓർത്തഡോക്സ്‌ സഭ വിഭാഗങ്ങൾ എന്നിവർ പന്നിയിറച്ചി ഉപയോഗിക്കാറില്ല.

ഇസ്ലാം മതം
ഇസ്ലാം മതത്തിൽ പന്നിയിറച്ചി കഴിക്കുന്നത് പൂർണ്ണമായും നിഷിദ്ധമാണ് (ഹറാം). വിശുദ്ധ  ഖുർആനിലെ പല അധ്യായങ്ങളിലും (ഉദാഹരണത്തിന്: സൂറത്തുൽ ബഖറ 2:173, സൂറത്തുൽ മാഇദ 5:3, അൽ-അൻആം 6:145, അൻ-നഹ്ൽ 16:115) പന്നിമാംസം കഴിക്കുന്നത് അല്ലാഹു വിലക്കിയതായി വ്യക്തമാക്കുന്നുണ്ട്.
കാരണം: പന്നി അശുദ്ധമായ മൃഗമാണെന്നും അതിന്റെ മാംസം ശരീരത്തിന് ഹാനികരമാണെന്നുമാണ് ഇസ്ലാമിക വിശ്വാസം. വൈദ്യശാസ്ത്രപരമായ വിശദീകരണം എന്തുതന്നെയായാലും പന്നിയിറച്ചി ഒഴിവാക്കുന്നത് ഇസ്ലാമിക ജീവിതരീതിയുടെ അടിസ്ഥാന ഘടകമാണ്.

ഹിന്ദുമതവും ജൈനമതവും
ഹിന്ദുമതത്തിൽ പന്നിയിറച്ചിക്ക് നേരിട്ടുള്ള മതപരമായ വിലക്കുകൾ ഇല്ലെങ്കിലും പൊതുവേ ഇത് ശുഭകരമായി കാണാറില്ല.
കാഴ്ചപ്പാട്: ഹിന്ദു ധർമ്മത്തിൽ മാംസാഹാരത്തേക്കാൾ സാത്വിക ആഹാരത്തിനാണ് (സസ്യാഹാരം) മുൻഗണന നൽകുന്നത്. പന്നി അഴുക്കിൽ ജീവിക്കുന്ന മൃഗമായതിനാൽ ഭൂരിഭാഗം ഹിന്ദുക്കളും ഇത് അശുദ്ധമായി കരുതി ഒഴുവാക്കുന്നു. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ചില പ്രത്യേക സമുദായങ്ങളിലെയും ഹിന്ദുക്കൾ പന്നിയിറച്ചി ആഹാരമാക്കാറുണ്ട്.

ജൈനമതത്തിൽ അഹിംസ (Ahimsa) എന്ന തത്വത്തിന് വലിയ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ജൈനമതവിശ്വാസികളിൽ ഭൂരിഭാഗവും മാംസാഹാരം ഒഴിവാക്കുന്നു. ഹിന്ദുമതത്തിലും നിരവധി വിഭാഗങ്ങളും കുടുംബങ്ങളും സസ്യാഹാരത്തെ ആത്മീയവും സാംസ്കാരികവുമായ ജീവിതത്തിന്റെ ഭാഗമാക്കുന്നു.

പന്നിയിറച്ചി ഒഴിവാക്കുന്നത് ചിലർക്കു മതവിശ്വാസത്തിന്റെ ഭാഗമാണ്; മറ്റുചിലർ ആരോഗ്യപരമായോ വ്യക്തിപരമായോ കാരണങ്ങളാൽ അത് ഒഴിവാക്കുന്നു. ലോകത്തിന്റെ വിവിധ സംസ്കാരങ്ങളിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഈ ഭക്ഷണനിയന്ത്രണത്തിന് മതപരവും ചരിത്രപരവും സാംസ്കാരികവുമായ ആഴമുള്ള പശ്ചാത്തലമുണ്ട്. മതപരമായ കാരണങ്ങളാൽ പന്നിയിറച്ചി ഒഴിവാക്കുന്നവരുടെ വിശ്വാസങ്ങളെയും ഭക്ഷണനിയമങ്ങളെയും ബഹുമാനിക്കുന്നതും അത്രതന്നെ പ്രധാനമാണ്. ആരോഗ്യപരമായ അവകാശവാദങ്ങളിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വിവരങ്ങളും മതപരമായ വിഷയങ്ങളിൽ ബന്ധപ്പെട്ട മതഗ്രന്ഥങ്ങളും പാരമ്പര്യങ്ങളും വേർതിരിച്ച് മനസ്സിലാക്കുമ്പോഴാണ് ഈ വിഷയത്തെ കൂടുതൽ ഉത്തരവാദിത്തത്തോടെ സമീപിക്കാൻ കഴിയുക.

മാർത്ത് ഷ്മൂനിയും ഏഴ് പുത്രന്മാരും — വിശ്വാസത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ കഥ

മാർത്ത് ഷ്മൂനിയും അവളുടെ ഏഴ് പുത്രന്മാരും ക്രൈസ്തവ, യഹൂദ ചരിത്രങ്ങളിൽ വിശ്വാസ സംരക്ഷണത്തിനും രക്തസാക്ഷിത്വത്തിനും ഉദാഹരണമായി പറയുന്ന ഏറ്റവും വീര്യം നിറഞ്ഞ ഒരു ചരിത്ര സംഭവമാണ്. ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിൽ (ബി.സി. 167-ൽ) അന്തയോക്യയിൽ നടന്ന ഈ സംഭവം യഹൂദ ചരിത്രകാരനായ ജോസീഫസിന്റെ പുസ്തകങ്ങളിലും, ബൈബിളിലെ മക്കബായരുടെ രണ്ടാം പുസ്തകത്തിലും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ മതവിശ്വാസവും ദൈവകൽപ്പനകളും സംരക്ഷിക്കാൻ വേണ്ടി ഒരു അമ്മയും അവളുടെ ഏഴ് മക്കളും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവൻ വെടിഞ്ഞതാണ് ഈ കഥ. പന്നിയിറച്ചി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചരിത്രപരവും മതപരവുമായ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നാണിത്.

സിറിയയിലെ ഭരണാധികാരിയായിരുന്ന അന്ത്യോക്യസ് എപ്പിഫാനസ് നാലാമൻ (Antiochus IV Epiphanes) യഹൂദന്മാരുടെ മേൽ ഗ്രീക്ക് സംസ്കാരവും വിഗ്രഹാരാധനയും അടിച്ചേൽപ്പിക്കാൻ ശ്രമിച്ച കാലമായിരുന്നു അത്. യഹൂദ ദൈവാലയം അശുദ്ധമാക്കുകയും, അവരുടെ മതനിയമമായ ‘തോറ‘ അനുസരിക്കുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തു. യഹൂദരെക്കൊണ്ട് നിർബന്ധപൂർവ്വം ദൈവനിയമപ്രകാരം നിഷിദ്ധമായ പന്നിയിറച്ചി കഴിപ്പിച്ച് അവരുടെ വിശ്വാസം തകർക്കുക എന്നതായിരുന്നു രാജാവിന്റെ പ്രധാന വിനോദം.

യഹൂദരുടെ നിയമപ്രകാരം നിരോധിച്ചിരുന്ന പന്നിയിറച്ചി കഴിക്കാൻ നിർബന്ധിക്കപ്പെട്ടിട്ടും ഷ്മൂനിയും അവരുടെ ഏഴ് പുത്രന്മാരും അത് നിരസിച്ചു. ദൈവകൽപ്പന ലംഘിച്ച് പന്നിയിറച്ചി കഴിക്കാൻ രാജാവ് അവരോട് ആവശ്യപ്പെട്ടു. അനുസരിച്ചാൽ വലിയ സമ്പത്തും പദവികളും നൽകാമെന്നും, വിസമ്മതിച്ചാൽ ക്രൂരമായ മരണം നേരിടേണ്ടിവരുമെന്നും രാജാവ് മുന്നറിയിപ്പ് നൽകി. കഥ പ്രകാരം, പുത്രന്മാരെ ഒരാളൊരാളായി ക്രൂരമായി പീഡിപ്പിച്ച് വധിച്ചു. ഒടുവിൽ മാതാവും മരണത്തെ അഭിമുഖീകരിച്ചു. അവരുടെ വിശ്വാസത്തിൽ നിന്ന് പിന്മാറാതിരുന്നതാണ് ഈ കഥയുടെ കേന്ദ്ര സന്ദേശം.

ഈ സംഭവം പ്രത്യേകിച്ച് കിഴക്കൻ ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ വിശ്വാസസ്ഥൈര്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും പ്രതീകമായി ഓർമ്മിക്കപ്പെടുന്നു. ക്രൈസ്തവ സഭകളിൽ (പ്രത്യേകിച്ച് ഓർത്തഡോക്സ്, സുറിയാനി സഭകളിൽ) ഓഗസ്റ്റ് 1-ാം തീയതി മാർത്ത് ഷ്മൂനിയുടെയും ഏഴു പുത്രന്മാരുടെയും ഓർമ്മപ്പെരുന്നാളായി ആചരിക്കുന്നു.

ഈ വിശുദ്ധരെ ഏറ്റവും ഭക്തിപൂർവ്വം വണങ്ങുന്നത് സുറിയാനി പാരമ്പര്യമുള്ള പൗരസ്ത്യ സഭകളിലാണ്. കേരളത്തിലും ഈ സഭകൾക്ക് ഇവരുടെ പേരിൽ നിരവധി ദേവാലയങ്ങളുണ്ട്. ഗ്രീക്ക്, റഷ്യൻ തുടങ്ങിയ ഓർത്തഡോക്സ് സഭകളിൽ ഇവർ “വിശുദ്ധ സോളമനിയയും ഏഴ് മക്കളും” എന്ന പേരിൽ അറിയപ്പെടുന്നു. ലത്തീൻ സഭയുടെയും ഔദ്യോഗിക വിശുദ്ധരുടെ പട്ടികയിൽ ഇവരുണ്ട്.

 

Send your news and Advertisements

You may also like

error: Content is protected !!