Wednesday, August 26, 2026
Home » മൂന്ന് മഹാപ്രവാഹങ്ങൾ സംഗമിച്ച മണ്ണിൽ: സ്നേഹത്തിന്റെ നൂലിഴകളാൽ നെയ്ത കേരളത്തിന്റെ പൂക്കാലം!
മൂന്ന് മഹാപ്രവാഹങ്ങൾ സംഗമിച്ച മണ്ണിൽ: സ്നേഹത്തിന്റെ നൂലിഴകളാൽ നെയ്ത കേരളത്തിന്റെ പൂക്കാലം!

മൂന്ന് മഹാപ്രവാഹങ്ങൾ സംഗമിച്ച മണ്ണിൽ: സ്നേഹത്തിന്റെ നൂലിഴകളാൽ നെയ്ത കേരളത്തിന്റെ പൂക്കാലം!

by Editor

മണ്ണിൽ പെയ്തിറങ്ങുന്ന മഴത്തുള്ളികൾക്ക് ജാതിയോ മതമോ ഇല്ലെന്ന സത്യം പോലും മറന്നുപോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നത്.

കാലങ്ങളായി കേരളത്തിന്റെ മണ്ണിൽ സ്നേഹത്തിന്റെ വേരുകൾ ആഴ്ത്തിയിറക്കിയ മൂന്ന് മഹത്തായ വിശ്വാസധാരകൾ – ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും – ഇന്ന് ആരുടെയോ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി പരസ്പരം വിദ്വേഷം വിതയ്ക്കാൻ ഉപയോഗിക്കപ്പെടുന്നു എന്നത് വേദനാജനകമായ ഒരു യാഥാർത്ഥ്യമാണ്.
ഈ നിസ്സാരമായ ചവിട്ടിത്താഴ്ത്തലുകൾ കൊണ്ട് യഥാർത്ഥത്തിൽ ആർക്കാണ് നേട്ടം?

ഹൈന്ദവ ദൈവസങ്കൽപ്പത്തിന്റെ വൈവിധ്യത്തെ എണ്ണത്തിന്റെ പരിഹാസത്തിലേക്ക് ചുരുക്കുന്നവരുണ്ട്. എന്നാൽ, അത്തരം പരിഹാസങ്ങൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് നിവർന്നുനിൽക്കാനുള്ള ആർജ്ജവം ഹൈന്ദവ വിശ്വാസധാരയ്ക്കുണ്ട്. കാരണം, അത് കേവലം എണ്ണത്തിന്റെ കണക്കല്ല; മറിച്ച്, ഈ ഭൂമിയിലെ മൺതരികളോളം, ആകാശത്തിലെ നക്ഷത്രങ്ങളോളം വിപുലമായ പ്രകൃതിയുടെ ഓരോ അംശത്തിലും ദൈവികതയെ ദർശിക്കുന്ന വിശാലമായ സങ്കൽപ്പമാണ്.

പ്രകൃതിയെയും സകല ജീവജാലങ്ങളെയും ഈശ്വരനായി കണ്ട് സർവ്വതിനെയും ഉൾക്കൊള്ളാനുള്ള ആ വലിയ മനസ്സാണ് അതിന്റെ സൗന്ദര്യം.

ആ വിശാലത തന്നെയാണ് ഹൈന്ദവ സഹോദരങ്ങളെ അമ്പലത്തിലെ സന്ധ്യാദീപത്തിന് മുന്നിൽ മാത്രമല്ല, ക്രൈസ്തവ ദേവാലയത്തിന്റെ പ്രശാന്തതയിലും പ്രാർത്ഥനയോടെ എത്തിക്കുന്നത്.

നമ്മുടെ നാട്ടിൻപുറങ്ങളിലെ പെരുന്നാളുകൾ ഇതിന്റെ ഉജ്ജ്വലമായ തെളിവാണ്. പള്ളിപ്പെരുന്നാളിന് ആയിരങ്ങൾ മുടക്കി ദീപാലങ്കാരങ്ങൾ ഒരുക്കുന്നതും, നിലവിളക്കുകൾ തെളിയിച്ച് ആ വിശുദ്ധിയിലേക്ക് ഒഴുകിയെത്തുന്നതും ആ നാട്ടിലെ ഹൈന്ദവ സഹോദരങ്ങളാണ്. മാതാവിന്റെയും മറ്റ് വിശുദ്ധരുടേയും കാപ്പേളകളിൽ ഉരുകുന്ന മെഴുകുതിരികളിലും, അർപ്പിക്കുന്ന നേർച്ചകളിലും അവർ കാണുന്നത് ഒരേ ദൈവീക സാന്നിധ്യമാണ്. ഈ സ്നേഹബന്ധത്തെ, ഈ ബഹുസ്വരതയെ ആർക്കാണ് തള്ളിപ്പറയാൻ കഴിയുക?

കഥകളിയും കൂടിയാട്ടവും തെയ്യവും മോഹിനിയാട്ടവും പോലെ ഈ നാടിന്റെ ആത്മാവായി മാറിയ തനതു കലാരൂപങ്ങളെ നട്ടുവളർത്തിയ മണ്ണാണിത്. അദ്വൈത ദർശനത്തിലൂടെ ലോകത്തിന് വെളിച്ചം പകർന്ന ആദിശങ്കരനിൽ തുടങ്ങി, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സമത്വസന്ദേശത്തിലൂടെയും അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും നവോത്ഥാനത്തിന് വിത്തുപാകിയ ശ്രീനാരായണ ഗുരുവും, അധഃസ്ഥിതരുടെ അവകാശങ്ങൾക്കായി പടനയിച്ച അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വിഭാവനം ചെയ്തത് ഇതേ മാനവികതയായിരുന്നു. എഴുത്തച്ഛന്റെ കിളിപ്പാട്ടിലൂടെ മലയാള ഭാഷയ്ക്ക് അമൃതേകിയതും, തച്ചശാസ്ത്രവും ആയുർവേദവും പോലുള്ള പാരമ്പര്യജ്ഞാനശാഖകളിലൂടെ കേരളത്തിന്റെ സാംസ്കാരിക-ജ്ഞാന പൈതൃകത്തെ സമ്പന്നമാക്കിയതും ഹൈന്ദവ പാരമ്പര്യത്തിന്റെ മഹത്തായ സംഭാവനകളാണ്.

അതുപോലെ തന്നെയാണ് മലബാറിന്റെ തീരങ്ങളിൽ നൂറ്റാണ്ടുകളായി സജീവമായിരുന്ന കടൽവ്യാപാരത്തിലൂടെയും വാണിജ്യബന്ധങ്ങളിലൂടെയും കേരളത്തിന്റെ സാമ്പത്തിക-സാംസ്കാരിക ജീവിതത്തിൽ ശ്രദ്ധേയമായ സംഭാവന നൽകിയ മുസ്ലിം സഹോദരങ്ങളുടെ പാരമ്പര്യവും ഈ നാടിന്റെ ചരിത്രത്തിന്റെ അവിഭാജ്യ ഭാഗമാണ്. പോർച്ചുഗീസ് അധിനിവേശങ്ങൾക്കെതിരെ കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിൽ നടന്ന നാവികപോരാട്ടങ്ങളും മലബാറിലെ ജനതയുടെ പ്രതിരോധവും ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളാണ്. മാപ്പിളപ്പാട്ടുകളിലൂടെ സാംസ്കാരിക സമ്പത്ത് പകരുകയും, വക്കം മൗലവി സ്ഥാപിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ‘സ്വദേശാഭിമാനി’യിലൂടെ നിർഭയമായ പത്രപ്രവർത്തനത്തിനും സാമൂഹിക നവോത്ഥാനത്തിനും വഴിതുറക്കുകയും ചെയ്തതും കേരളത്തിന്റെ മുസ്ലിം പാരമ്പര്യം നൽകിയ ശ്രദ്ധേയമായ സംഭാവനകളാണ്.

സാർവത്രിക വിദ്യാഭ്യാസത്തിന് തിരിതെളിച്ച ക്രൈസ്തവ മിഷണറിമാരുടെയും സമൂഹത്തിന്റെയും പ്രവർത്തനങ്ങളും കേരളത്തിന്റെ സാമൂഹിക പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചു. പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും, അധഃസ്ഥിതർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറക്കുകയും ചെയ്തതും, ബെഞ്ചമിൻ ബെയ്‌ലിയിലൂടെയും ഹെർമൻ ഗുണ്ടർട്ടിലൂടെയും അച്ചടിയന്ത്രം, നിഘണ്ടുക്കൾ, പത്രപ്രവർത്തനം എന്നിവയ്ക്ക് ശക്തമായ അടിത്തറ പാകിയതും, ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ആശുപത്രികളുടെയും വളർച്ചയ്ക്ക് വഴിയൊരുക്കിയതും, കുഷ്ഠരോഗി പരിചരണം ഉൾപ്പെടെയുള്ള സേവനപ്രവർത്തനങ്ങളിലൂടെ ജനതയുടെ ആരോഗ്യരംഗത്ത് വലിയ സംഭാവനകൾ നൽകിയതും കേരളത്തിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ മഹത്തായ സംഭാവനകളാണ്.

ഒന്നിനൊന്ന് കുറയാത്ത തുല്യ പ്രാധാന്യത്തോടെ, സമാനതകളില്ലാത്ത മൂന്ന് ധാരകൾ ഒരേ മനസ്സോടെ കൈകോർത്തുനിന്നപ്പോഴാണ് ഈ സമഗ്ര കേരളം പിറവിയെടുത്തത് – ആത്മാവിന്റെ തുടിപ്പുള്ള കൂട്ടായ അധ്വാനത്തിന്റെ പവിത്രഭൂമിയായി.

എന്നാൽ ഇന്ന് ചിലർ തങ്ങളുടെ നിക്ഷിപ്ത സ്വാർത്ഥ താൽപ്പര്യങ്ങൾക്കും, തുച്ഛമായ അധികാര ലാഭങ്ങൾക്കും വേണ്ടി മനുഷ്യർക്കിടയിൽ വിഷവിത്തുകൾ എറിയുന്നു. മത ചിഹ്നങ്ങളെയും വേഷങ്ങളേയും വിശ്വാസങ്ങളെയും പരിഹാസപാത്രങ്ങളാക്കി പരസ്പരം വിദ്വേഷം വളർത്തുന്നു.

വിശ്വാസമെന്നത് മനുഷ്യനെ സന്മാർഗത്തിലേക്കും കാരുണ്യത്തിലേക്കും നയിക്കേണ്ട വെളിച്ചമാണ്; മറിച്ച് മറ്റുള്ളവരെ അധിക്ഷേപിക്കാനുള്ള ആയുധമല്ല.

ഒരേ വായുവും ശ്വസിച്ച്, ഒരേ വെള്ളവും കുടിച്ച്, ഒരേ മണ്ണിന്റെ ഒരേ ആകാശ തണലിൽ കഴിയുന്ന നമ്മൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു – നമ്മെ ഭിന്നിപ്പിക്കുന്നവരുടെ കളിപ്പാവകളാകാൻ നാം തയ്യാറല്ലെന്ന്. പരസ്പരം ചവിട്ടിത്താഴ്ത്തുന്ന ഈ വഴിയേ പോയാൽ തകരുന്നത് നമ്മുടെ അച്ഛനപ്പൂപ്പന്മാർ രക്തവും വിയർപ്പും നൽകി കെട്ടിപ്പടുത്ത സൗഹാർദ്ദത്തിന്റെ കേരളമാണ്,ഇന്ത്യയാണ്.

എല്ലാ വിശ്വാസങ്ങളുടെയും ഉള്ളടക്കം സ്നേഹമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങിയെത്തണം.

അമ്പലഗോപുരങ്ങളിൽ നിന്ന് ഉയരുന്ന ഓങ്കാരനാദവും, മുസ്ലിം പള്ളികളിൽ നിന്ന് അലയടിക്കുന്ന ബാങ്കുവിളിയും, ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ ഗീതങ്ങളും ചെന്നുതൊടുന്നത് ഒരേ ആകാശത്തെയാണ്.

ആ വിശുദ്ധ നാദങ്ങൾ കാറ്റിൽ ലയിച്ചു പെയ്യുമ്പോൾ നാം എന്തിന് ആകുലപ്പെടണം? എന്തിനാണ് നമ്മുടെ മനസ്സുകൾ അസ്വസ്ഥമാകുന്നത്? എനിക്കും നിനക്കും അവനും അവൾക്കും – ഈ ഭൂമിയിലെ ഓരോ ശ്വാസത്തിനും – ഇവിടെ ജീവിക്കാൻ തുല്യമായ അവകാശമുണ്ട്.

വേർതിരിവുകളുടെ ഇരുളകറ്റി, ഒരേ ആകാശത്തിന് കീഴിൽ ഒരൊറ്റ മനുഷ്യരായി, സ്നേഹത്തിന്റെ അനന്തപ്രകാശമായി മാറാൻ നമുക്ക് സാധിക്കട്ടെ.

അന്ന് മാത്രമായിരിക്കും നമ്മൾ മണ്ണിൽ തീർക്കുന്ന പൂക്കളങ്ങളിലും, സ്നേഹത്തോടെ പങ്കുവെക്കുന്ന പെരുന്നാൾ വിഭവങ്ങളിലും, രാവിൽ വെളിച്ചം ചൊരിയുന്ന ക്രിസ്മസ് നക്ഷത്രങ്ങളിലും യഥാർത്ഥ ഈശ്വരചൈതന്യം പുഞ്ചിരിക്കുന്നത്. അന്ന് മാത്രമായിരിക്കും നമ്മുടെ ആഘോഷങ്ങൾ ഈ നാടിന്റെ ഹൃദയമിടിപ്പും, മനുഷ്യത്വത്തിന്റെ മനോഹരമായ സംഗീതവുമായി മാറുന്നത്!

അതുകൊണ്ട്, എല്ലാ വിശ്വാസങ്ങളുടെയും ആത്മാവ് ‘സ്നേഹം’ മാത്രമാണെന്ന പവിത്രമായ ആ തിരിച്ചറിവിലേക്ക്… നമുക്ക് വീണ്ടും തിരികെ നടക്കാം.

മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും ഈ വലിയ സത്യം നെഞ്ചിലേറ്റുന്ന ഏവർക്കും… എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ !

ജോയ് കെ.മാത്യു

Send your news and Advertisements

You may also like

error: Content is protected !!