തൊടുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരിച്ചാൽ ഇടുക്കി ജില്ലയിൽ നിന്നും തൊടുപുഴയെ വിട്ടുനൽകില്ലെന്ന ശക്തമായ നിലപാടിലാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മുന്നണിയിൽ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് പാർട്ടി തങ്ങളുടെ ആശങ്ക പരസ്യമാക്കിയത്. പുതിയ ജില്ല രൂപീകരിക്കുന്നത് ഇടുക്കിയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിൻ്റെ വിലയിരുത്തൽ. മൂവാറ്റുപുഴ ജില്ല രൂപീകരണത്തിനെതിരെ യുഡിഎഫ് യോഗത്തിൽ ശക്തമായി പ്രതികരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒരുങ്ങുകയാണ്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ തൊടുപുഴയെ പുതിയ ജില്ലയിലേക്ക് മാറ്റാനുള്ള സാധ്യതയാണ് പ്രതിഷേധത്തിന് പിന്നിൽ. ഇടുക്കി ജില്ലയുടെ പ്രധാന വാണിജ്യ-വികസന കേന്ദ്രമായ തൊടുപുഴയെ പുതിയ ജില്ലയിലേക്ക് മാറ്റിയാൽ അത് ഇടുക്കി ജില്ലയുടെ നിലനിൽപ്പിനെയും വികസനത്തെയും ബാധിക്കുമെന്ന് പാർട്ടി ഭയപ്പെടുന്നു. ഭാഷാപരമായ പ്രത്യേകതകളുള്ള ഇടുക്കിയിൽ നിന്ന് തൊടുപുഴ കൂടി മാറ്റിയാൽ ദേവികുളം, പീരുമേട് താലൂക്കുകളിലെ തമിഴ് ഭൂരിപക്ഷം ജില്ലയുടെ സ്വാധീന ഘടനയെ മാറ്റിമറിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ തൊടുപുഴയെ ഇതിലേക്ക് ഉൾപ്പെടുത്തി ഇടുക്കി ജില്ലയെ വിഭജിക്കാൻ അനുവദിക്കില്ലെന്നുമാണ് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ വ്യക്തമായ നിലപാട്.
മുല്ലപ്പെരിയാർ, മൂന്നാർ ഉൾപ്പെടുന്ന പ്രദേശങ്ങൾ കേരളത്തിൻ്റെ നിയന്ത്രണത്തിൽ നിന്ന് ദുർബലമാകാനുള്ള സാഹചര്യം പോലും ഇതിലൂടെ ഉണ്ടാകുമെന്ന ആശങ്കയും കേരള കോൺഗ്രസ് ഉയർത്തുന്നു. തൊടുപുഴ നഷ്ടപ്പെട്ടാൽ ഇടുക്കിയിലെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിന് തന്നെ വിള്ളൽ വീഴുമെന്ന ആശങ്കയും ജോസഫ് വിഭാഗത്തിനുണ്ട്. അതുകൊണ്ടുതന്നെ വിഷയത്തിൽ പരസ്യ പ്രതികരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് യുഡിഎഫ് വിശദമായ ചർച്ച നടത്തണമെന്നാണ് കേരള കോൺഗ്രസിൻ്റെ ആവശ്യം. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ഈ ആവശ്യം മുന്നണിയിൽ ഉന്നയിക്കും.
എന്നാൽ മൂവാറ്റുപുഴ ജില്ല രൂപീകരിക്കാൻ നിലവിൽ രാഷ്ട്രീയമായി അനുകൂല സാഹചര്യമാണെന്നാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ്റെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും അടുത്തതായി രൂപീകരിക്കുന്ന ജില്ല മൂവാറ്റുപുഴയായിരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസന ഫണ്ടുകൾ എറണാകുളം കേന്ദ്രീകൃതമാകുന്നതിനാൽ മലയോര മേഖലയുടെ വളർച്ചയ്ക്ക് പുതിയ ജില്ല അനിവാര്യമാണെന്നാണ് മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പക്ഷം.
എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം പുതിയതല്ല. 1982 ൽ കെ. കരുണാകരൻ മുന്നോട്ടു വെച്ച ആശയമാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും സജീവമാകുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ മൂവാറ്റുപുഴ ജില്ല എന്ന വിഷയം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് ദശാബ്ദങ്ങൾ പഴക്കമുള്ള ഈ ആവശ്യം വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക് ഉയർന്നുവന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഭരണപരമായ പുനഃസംഘടനയ്ക്കായി ഒരു ഡി ലിമിറ്റേഷൻ കമ്മീഷനെ (Delimitation Commission) നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ ജില്ലാ ചർച്ചകൾക്ക് വീണ്ടും ജീവൻ വച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ട്. മലപ്പുറത്തെ രണ്ട് അല്ലെങ്കിൽ മൂന്ന് ജില്ലകളായി വിഭജിക്കണമെന്ന ആവശ്യവും ഇതിനോടൊപ്പമുണ്ട്. തിരുവനന്തപുരം ജില്ലയുടെ തെക്കൻ മേഖലകളുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി നെയ്യാറ്റിൻകര കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും സജീവമായി ചർച്ചകളിൽ വരുന്നുണ്ട്.

