ഒഡീഷയിലെ പാരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ബംഗാൾ ഉൾക്കടലിൽ പനാമ പതാകയേന്തിയ ‘എംവി ഓഷ്യൻ വിന്നർ’ എന്ന ചരക്കുകപ്പൽ മുങ്ങി. ഓഗസ്റ്റ് 20-ന് രാത്രി 10:30 ഓടെ ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഏകദേശം 72,100 ടൺ ഇരുമ്പയിരുമായി പുറപ്പെട്ടതായിരുന്നു ഈ കപ്പൽ.
കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 പേർ ചൈനീസ് പൗരന്മാരും, 3 പേർ മ്യാൻമർ സ്വദേശികളും, ഒരാൾ ബംഗ്ലാദേശ് പൗരനുമാണ്. കപ്പലുമായുള്ള സിഗ്നലുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി ശക്തമായ രക്ഷാപ്രവർത്തനം നടത്തിവരുന്നു. നിലവിൽ കടലിൽ നിന്ന് രണ്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലൈഫ് റാഫ്റ്റുകളിൽ അഭയം പ്രാപിച്ച രണ്ട് ചൈനീസ് ജീവനക്കാരെയാണ് രക്ഷപെടുത്തിയത്.
കാണാതായ മറ്റ് ജീവനക്കാർക്കായി കൂടുതൽ ബോട്ടുകളും വിമാനങ്ങളും ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കപ്പൽ മുങ്ങാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ‘വരാദ്’, ‘അൻമോൽ’, ‘വിജിത്’ എന്നീ മൂന്ന് അത്യാധുനിക കപ്പലുകളും ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങളും സംഭവസ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. അപകടം നടന്ന് ഏറെ സമയമായതിനാൽ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അതീവ സങ്കീർണ്ണമാണ്.

