Saturday, August 22, 2026
Home » തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ.
മുഖ്യമന്ത്രി ജോസഫ് വിജയ്

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ.

by Editor

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഒരു ഗ്രാം സ്വർണമോതിരങ്ങളുടെ വിതരണ കരാർ കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും ലഭിച്ചു.

തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (TNMSC) 4,41,667 ഒരു ഗ്രാം സ്വർണമോതിരങ്ങൾ വാങ്ങുന്നതിനായി ജൂലൈ 14-നാണ് ടെൻഡർ ക്ഷണിച്ചത്. ആകെ പദ്ധതിയുടെ ചെലവ് 755.83 കോടി രൂപയാണ് കണക്കാക്കുന്നത്. TN Tenders Portal വഴി നടത്തിയ ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക (ലോവസ്റ്റ് ബിഡ്) ക്വോട്ട് ചെയ്ത ജോയ്അലുക്കാസിന് കരാറിന്റെ 70 ശതമാനവും, അതേ നിരക്ക് അംഗീകരിച്ച കല്യാൺ ജ്വല്ലേഴ്സിന് 30 ശതമാനവും വിതരണ ചുമതല ലഭിച്ചു.

ടെൻഡറിൽ ജോയ്അലുക്കാസ് ശ്രദ്ധേയമായ രീതിയിൽ കുറഞ്ഞ നിരക്കാണ് മുന്നോട്ടുവച്ചത്. ഒരു ഗ്രാം സ്വർണത്തിൻ്റെ നിലവിലെ വിലയ്ക്ക് പുറമെ ഒരു മോതിരത്തിന് അധികമായി വെറും 0.01 രൂപ മാത്രമാണ് കമ്പനി ക്വോട്ട് ചെയ്‌തത്. ഇതിൽ നിർമ്മാണച്ചെലവ്, ഇൻഷുറൻസ്, ഗതാഗതച്ചെലവ്, BIS ഹാൾമാർക്കിംഗ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. തമിഴ്‌നാട് ടെൻഡർ സുതാര്യതാ നിയമപ്രകാരം ജോയ്അലുക്കാസ് നൽകിയ ഏറ്റവും കുറഞ്ഞ നിരക്ക് ടെൻഡറിൽ പങ്കെടുത്ത മറ്റ് 10 കമ്പനികളെയും അറിയിച്ച് അതേ നിരക്ക് അംഗീകരിക്കാൻ തയ്യാറാണോ എന്ന് സർക്കാർ ചോദിച്ചു. ഇതിൽ കല്യാൺ ജ്വല്ലേഴ്‌സ് മാത്രമാണ് ജോയ്അലുക്കാസിൻ്റെ നിരക്ക് അംഗീകരിക്കാൻ തയ്യാറായത്.

“വിപണി വിലയേക്കാൾ ഒരു പൈസ മാത്രം അധികമാണ് ഞങ്ങൾ ഈടാക്കുക. സാമൂഹിക ക്ഷേമവികസനത്തിൽ പങ്കാളിയാവുകയാണ് ഇതുവഴി ജോയ് ആലുക്കാസ് ചെയ്യുന്നത്. ഉയർന്ന ക്യാരറ്റിലും ക്വാളിറ്റിയിലും ഹോൾമാർക്കിങ്ങോടു കൂടിയതുമായ സ്വർണമാണ് നൽകുക” – ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പ്രതികരിച്ചു.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. എൻ. അണ്ണാദുരൈയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15-നാണ് പദ്ധതി ഔദ്യോഗികമായി ആരംഭിക്കുന്നത്. ഈ പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഏതാണ്ട് 4 ലക്ഷത്തിലധികം കുഞ്ഞുങ്ങൾക്ക് പ്രതിവർഷം ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ ആശുപത്രികളിൽ പ്രസവം തിരഞ്ഞെടുക്കാൻ കൂടുതൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. തമിഴക വെട്രി കഴകം (TVK) മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നും പദ്ധതിയായിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ 1,28,499 സ്വർണമോതിരങ്ങൾ വിതരണം ചെയ്യേണ്ടതുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

 

Send your news and Advertisements

You may also like

error: Content is protected !!