Saturday, August 22, 2026
Home » സിറിയയിലെ വ്യോമതാവളത്തിന് നേരെ ഇസ്രായേൽ ആക്രമണം; തുർക്കി ഇസ്രായേൽ ബന്ധം കൂടുതൽ വഷളാകുന്നു.
ഇസ്രയേൽ തുർക്കി

സിറിയയിലെ വ്യോമതാവളത്തിന് നേരെ ഇസ്രായേൽ ആക്രമണം; തുർക്കി ഇസ്രായേൽ ബന്ധം കൂടുതൽ വഷളാകുന്നു.

by Editor

അലപ്പോ: തുർക്കി സൈന്യം ഉപയോഗിക്കാൻ ഒരുങ്ങുന്നു എന്ന് ആരോപിച്ച് വടക്കൻ സിറിയയിലെ അലപ്പോയ്ക്ക് സമീപമുള്ള അബു അൽ ദുഹൂർ (Abu al-Duhur) വ്യോമതാവളത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ തുർക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാകുന്നു. വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുർക്കിക്ക് പരസ്യമായ മുന്നറിയിപ്പ് നൽകി. തുർക്കി സൈന്യം സിറിയയിൽ തെക്കോട്ട് വ്യാപിക്കുന്നത് തങ്ങൾ സഹിക്കില്ലെന്നും, മുൻപ് നൽകിയ മുന്നറിയിപ്പുകൾ തുർക്കി അനുസരിക്കാത്തതിനാലാണ് ആക്രമണം നടത്തി സന്ദേശം കൂടുതൽ വ്യക്തമാക്കിയതെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇസ്രായേലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജയിക്കാനും ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനും നെതന്യാഹു കണ്ടെത്തിയ രാഷ്ട്രീയ ആയുധമാണ് തുർക്കി വിരോധമെന്ന് തുർക്കി പ്രസിഡൻഷ്യൽ വക്താവ് ബുർഹാനെറ്റിൻ ദുരാൻ കുറ്റപ്പെടുത്തി. നെതന്യാഹു ഒരുക്കുന്ന ‘കെണിയിൽ‘ തുർക്കി വീഴില്ലെന്നും തങ്ങൾ സംയമനം പാലിക്കുമെന്നും തുർക്കി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

ആക്രമണം നേരിട്ട താവളത്തിൽ തുർക്കി സൈനികർ താവളമടിക്കാൻ പ്ലാൻ ചെയ്തിരുന്നില്ലെന്നും, എന്നാൽ പുതിയ സിറിയൻ സൈന്യത്തിന് പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിന്റെ ഭാഗമായി തുർക്കി സൈനിക ഉദ്യോഗസ്ഥർ അവിടെ സന്ദർശനം നടത്തിയിരുന്നുവെന്നും സിറിയൻ വിദേശകാര്യമന്ത്രി അസദ് അൽ ഷൈബാനി സ്ഥിരീകരിച്ചു. ഇസ്രായേൽ ഭീഷണിപ്പെടുത്തിയാലും സിറിയൻ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള പിന്തുണ തുർക്കി തുടരുമെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ തങ്ങളുടെ പ്രധാന സഖ്യകക്ഷികളായ തുർക്കിയും (നാറ്റോ അംഗം) ഇസ്രായേലും തമ്മിൽ നേരിട്ടൊരു യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ അമേരിക്ക ഇടപെടുന്നുണ്ട്. യുഎസ് പ്രത്യേക പ്രതിനിധി ടോം ബറാക്ക് ഇസ്രായേലിന്റെ ആക്രമണത്തെ അനാവശ്യമായ പ്രകോപനമെന്ന് വിമർശിച്ചു. ഇസ്രായേൽ, തുർക്കി, സിറിയ എന്നീ രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഒരു ‘ഡീകൺഫ്ലിക്ഷൻ മെക്കാനിസം‘ രൂപീകരിക്കാൻ അമേരിക്ക സജീവമായി ശ്രമിക്കുന്നുണ്ട്.

ബശ്ശാർ അൽ അസദ് ഭരണം ഒഴിഞ്ഞതിനു ശേഷം നിലവിൽ വന്ന പുതിയ സിറിയൻ സർക്കാരുമായി തുർക്കി ശക്തമായ സഖ്യത്തിലാണ്. സിറിയൻ സൈന്യത്തെ പുനർനിർമ്മിക്കാനും അവർക്ക് പരിശീലനം നൽകാനും തുർക്കി സഹായിക്കുന്നുണ്ട്. എന്നാൽ, തുർക്കി സൈന്യം സിറിയയിൽ തങ്ങളുടെ അതിർത്തിക്കപ്പുറത്തേക്ക് വിന്യസിക്കപ്പെടുന്നത് ഇസ്രായേൽ കടുത്ത സുരക്ഷാ ഭീഷണിയായി കാണുന്നു. മാത്രമല്ല നാറ്റോ അംഗമായ തുർക്കി, ആണവായുധ ശേഷിയുള്ള പാക്കിസ്ഥാൻ, സാമ്പത്തിക ശക്തിയായ സൗദി അറേബ്യ എന്നിവർ ചേർന്ന് രൂപീകരിച്ച പുതിയ പ്രതിരോധ സഖ്യം പശ്ചിമേഷ്യയിൽ ഇസ്രായേലിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഒക്ടോബർ 7-ലെ ആക്രമണങ്ങൾക്ക് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അപലപിച്ചിരുന്നു. ഹമാസിനെ ഒരു വിമോചന പ്രസ്ഥാനമായി തുർക്കി പരസ്യമായി പിന്തുണയ്ക്കുകയും അവരുടെ നേതാക്കൾക്ക് അഭയം നൽകുകയും ചെയ്യുന്നുണ്ട്. ഇസ്രായേലുമായി നിലനിന്നിരുന്ന എല്ലാവിധ വ്യാപാര-സാമ്പത്തിക ബന്ധങ്ങളും തുർക്കി പൂർണ്ണമായി നിർത്തിവെച്ചിരുന്നു. ഗസ്സയിലെ കൂട്ടക്കൊലകൾ മുൻനിർത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കെതിരെ തുർക്കി അറ്റോർണി ജനറൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര കോടതിയിൽ (ICJ) ഇസ്രായേലിനെതിരെയുള്ള വംശഹത്യ കേസിൽ തുർക്കി കക്ഷിചേരുകയും ചെയ്തു.

ഇതിന് തിരിച്ചടിയായി, ഓട്ടോമൻ സാമ്രാജ്യത്വ കാലത്ത് നടന്ന ‘അർമേനിയൻ വംശഹത്യ‘ (Armenian Genocide) ഇസ്രായേൽ ഔദ്യോഗികമായി അംഗീകരിച്ചു. ഇത് തുർക്കിയെ കടുത്ത രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. മാത്രമല്ല തുർക്കിയെ പ്രതിരോധിക്കാൻ മെഡിറ്ററേനിയൻ മേഖലയിലെ എണ്ണ-വാതക റൂട്ടുകൾ ലക്ഷ്യമിട്ട് ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇസ്രായേലും സഖ്യമുണ്ടാക്കി. ഇത് മെഡിറ്ററേനിയൻ കടലിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു ‘ശീതയുദ്ധ’ (Cold War) സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഗസ്സയിലെയും ലെബനനിലെയും യുദ്ധ സാഹചര്യങ്ങൾക്ക് പുറമേ, ഇപ്പോൾ നാറ്റോയിലെ വലിയ സൈനിക ശക്തിയായ തുർക്കിയുമായി ഇസ്രായേൽ നേരിട്ട് കൊമ്പുകോർക്കുന്നത് പശ്ചിമേഷ്യയെ കൂടുതൽ സങ്കീർണ്ണമായ ഒരു വലിയ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

ഗൾഫ് മേഖലയിൽ യുദ്ധസമാന അന്തരീക്ഷം: പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!