ശ്രീനഗർ: ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനക്കെതിരെ പാക്കിസ്ഥാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബുധനാഴ്ച ശ്രീനഗർ സന്ദർശിച്ച സെർജിയോ ഗോർ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പരാമർശം നടത്തിയത്.
ഇസ്‌ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അംബാസഡറുടെ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. ജമ്മു കശ്മീർ എന്നത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു തർക്കപ്രദേശമാണെന്ന് പാക്കിസ്ഥാൻ ആവർത്തിച്ചു. കശ്മീർ വിഷയത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ദീർഘകാലമായി പുലർത്തിവരുന്ന നയങ്ങൾക്ക് വിരുദ്ധമാണ് പുതിയ പ്രസ്താവനയെന്ന് അവർ ആരോപിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീർ സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ. ബുധനാഴ്ച ശ്രീനഗറിൽ എത്തിയ സെർജിയോ ഗോർ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും ഒരുമിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതിനിടെ ആണ്, സെർജിയോ ഗോർ ജമ്മു കശ്മീരിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. ജമ്മു കശ്മീരിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്നുമായിരുന്നു സെർജിയോ ഗോർ പറഞ്ഞത്. “ഇവിടെ വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഞാൻ ആദ്യമായാണ് ഇവിടെ സന്ദർശിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന തരത്തിൽ മനോഹരമായ ഒരു സ്ഥലമാണ്. ഇവിടെ വരാൻ കഴിഞ്ഞതിലും ഈ സ്ഥലം കാണാൻ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്ലാദമുണ്ട്”- സെർജിയോ ഗോർ പറഞ്ഞു.
മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ച ഊഷ്മളവും ഹൃദ്യവുമായിരുന്നുവെന്നും സെർജിയോ ഗോർ പറഞ്ഞു. ഈ ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ജമ്മു കശ്മീർ സന്ദർശിക്കുന്നതിന് യുഎസ് പൗരന്മാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദക്ഷിണ, മധ്യേഷ്യ പ്രത്യേക പ്രതിനിധിയുമായിരുന്നു ഗോർ.
സെർജിയോ ഗോറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത് വളരെ നല്ലൊരു ചർച്ചയായിരുന്നു എന്ന് ഒമർ അബ്ദുള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുവായ ബന്ധങ്ങൾക്കൊപ്പം, ജമ്മു കശ്മീരിന്റെ വികസനത്തിനായി യുഎസിന് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. വരും വർഷങ്ങളിൽ ജമ്മു കശ്മീരും യുഎസും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്ന് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് വാഷിംഗ്ടൺ അല്ല, മറിച്ച് ന്യൂഡൽഹിയാണ് എന്ന് ഒമർ അബ്ദുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയോട് പരാതി പറയുന്ന ശീലം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ തന്റെ സന്ദർശനത്തിനിടയിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് പുറമെ, അദ്ദേഹം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും സന്ദർശിച്ചു ചർച്ചകൾ നടത്തി. കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യം, സാമ്പത്തിക വികസനം തുടങ്ങിയ കാര്യങ്ങൾ ഗവർണറും മുഖ്യമന്ത്രിയും അംബാസഡറോട് വിശദീകരിച്ചിരുന്നു.

