Thursday, August 20, 2026
Home » കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെർജിയോ ഗോർ
ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന യുഎസ് അംബാസഡറുടെ പ്രസ്‌താവനക്കെതിരെ പാക്കിസ്ഥാൻ.

കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെർജിയോ ഗോർ

by Editor

കാശ്മീർ: ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ആദ്യമായി കശ്മീർ താഴ്‌വരയിൽ സന്ദർശനം നടത്തുന്നു. രണ്ട് ദിവസത്തെ ഈ തന്ത്രപ്രധാന നയതന്ത്ര സന്ദർശനത്തിനായി അദ്ദേഹം ശ്രീനഗറിലെത്തി. 2026 ജനുവരിയിൽ യു.എസ് അംബാസഡറായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കശ്മീർ സന്ദർശനമാണിത്. സന്ദർശനത്തിനിടെ അദ്ദേഹം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും തെക്ക്-മധ്യ ഏഷ്യൻ കാര്യങ്ങൾക്കായുള്ള യു.എസ് പ്രത്യേക ദൂതനുമായ സെർജിയോ ഗോറിന്റെ ഈ സന്ദർശനം പ്രാദേശികമായും അന്തർദേശീയമായും വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. മേഖലയുടെ സുരക്ഷാ സാഹചര്യം, വികസനം, വിനോദസഞ്ചാര സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ മുഖ്യമന്ത്രിയും ലെഫ്റ്റനന്റ് ഗവർണറും ആയുള്ള കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായേക്കും.

അമേരിക്കൻ സ്ഥാനപതിയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക യുഎസ് സംഘം ശ്രീനഗറിലെത്തിയിട്ടുണ്ട്. ഗോറിൻ്റെ സന്ദർശനം കണക്കിലെടുത്ത് ജമ്മു കശ്‌മീർ പോലീസും സുരക്ഷാ സേനകളും മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കാശ്‌മീരിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം വ്യാഴാഴ്‌ച ഗോർ ലഡാക്കിലേക്ക് പോകുമെന്നാണ് വിവരം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ഗോറിൻ്റെ കാശ്‌മീർ സന്ദർശനം. ജൂൺ 18-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗോറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇന്ത്യ- അമേരിക്ക സുരക്ഷാ സഹകരണം, പ്രത്യേകിച്ച് ഭീകരവിരുദ്ധ പ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്ത് തടയലും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഗോർ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോറിൻ്റെ ആദ്യ കാശ്‌മീർ സന്ദർശനം മേഖലയുടെ സുരക്ഷാ, സാമ്പത്തിക, നയതന്ത്ര പ്രാധാന്യം സംബന്ധിച്ച അമേരിക്കൻ ഇടപെടലിന്റെ പശ്ചാത്തലത്തിലും ശ്രദ്ധേയമാണ്.

യു.എസ് സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുമെങ്കിലും കശ്മീരിന്റെ ആഭ്യന്തര പ്രശ്നങ്ങൾ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിക്ക് മുന്നിൽ അവതരിപ്പിക്കില്ലെന്നും ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്. കശ്മീർ സന്ദർശിക്കുന്നതിനെതിരെ അമേരിക്കൻ പൗരന്മാർക്ക് യു.എസ് ഏർപ്പെടുത്തിയിട്ടുള്ള ഉയർന്ന യാത്രാ വിലക്ക്  പിൻവലിക്കണമെന്ന് പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥാനപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!