Monday, August 17, 2026
Home » “ഭൂമിക്ക് ഒരു പൂക്കളം” അത്തപ്പൂക്കളത്തിനപ്പുറം ഭൂമിയുടെ ഓണം
“ഭൂമിക്ക് ഒരു പൂക്കളം” അത്തപ്പൂക്കളത്തിനപ്പുറം ഭൂമിയുടെ ഓണം

“ഭൂമിക്ക് ഒരു പൂക്കളം” അത്തപ്പൂക്കളത്തിനപ്പുറം ഭൂമിയുടെ ഓണം

by Editor

അത്തം തുടങ്ങി.
നാടിന്റെ വഴികളിൽ പൂക്കളങ്ങൾ വിരിഞ്ഞു.
വീടുകളുടെ മുറ്റങ്ങളിൽ നിറങ്ങൾ പുഞ്ചിരിച്ചു.
മൊബൈൽ സ്ക്രീനുകളിൽ ഓണാശംസകൾ പൂത്തുലഞ്ഞു.
“സന്തോഷം നിറഞ്ഞ ഓണം…”
“സമൃദ്ധിയുടെ ഓണം…”
“ഐശ്വര്യത്തിന്റെ ഓണം…”
എല്ലാ ദിക്കുകളിൽനിന്നും ആശംസകൾ വന്നു.

പക്ഷേ, എന്റെ മനസ്സ് മാത്രം ആ ആഘോഷങ്ങളുടെ നടുവിൽ ഉണ്ടായിരുന്നില്ല.
അത് എവിടെയോ, ഒരു മലവെള്ളപ്പാച്ചിലിൽ വീട് നഷ്ടപ്പെട്ട ഒരാളുടെ കണ്ണീരിനരികിലായിരുന്നു.
മണ്ണിനടിയിൽപ്പെട്ട ഒരു നിലവിളിയുടെ അരികിലായിരുന്നു.
നദി കവർന്നെടുത്ത ഒരു കുഞ്ഞിന്റെ കളിപ്പാട്ടത്തിനരികിലായിരുന്നു.
വീട് നഷ്ടപ്പെട്ട മനുഷ്യരോടൊപ്പം, വേരോടെ പിഴുതെറിയപ്പെട്ട മരങ്ങളോടൊപ്പം, ഒഴുക്കിൽപ്പെട്ടുപോയ പക്ഷിക്കൂടുകളോടൊപ്പം…

അന്ന് ഞാൻ എന്നോട് തന്നെ ഒരു ചോദ്യം ചോദിച്ചു. “ഈ ഭൂമിയുടെ ദുരിതത്തിൽ എനിക്ക് എന്ത് പങ്കുണ്ട്?” ഉത്തരം വളരെ അസ്വസ്ഥമാക്കുന്നതായിരുന്നു. “പ്രകൃതിദുരന്തങ്ങൾ തടയാൻ ഞാൻ ദൈവമല്ലല്ലോ…” എന്ന് പറഞ്ഞ് ഞാൻ മാറിനിന്നു.

ദുരന്തങ്ങൾ തടയാൻ പാടുപെടുന്ന മനുഷ്യർക്ക് ഒരു കൈത്താങ്ങും നൽകിയില്ല. ഒരു വ്യക്തി എന്ന നിലയിൽ ഈ ഭൂമിയെ കുറച്ചെങ്കിലും മലിനമാക്കാതിരിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് തിരിഞ്ഞുനോക്കിയില്ല. എന്റെ സൗകര്യങ്ങളുടെ ചുവരുകൾക്കുള്ളിൽ ഇരുന്ന്, “ഇതൊന്നും എന്റെ പ്രശ്നമല്ല…” എന്ന് മനസ്സിനെ പഠിപ്പിച്ചു.

അപ്പോൾ എനിക്ക് തോന്നി – നമ്മൾ ഭൂമിയോട് ചെയ്യുന്ന ക്രൂരതകൾ ഒരിക്കലും അവൾ മറക്കുന്നില്ലെന്ന്.

നമ്മുടെ ശരീരത്തിൽ ഒരു മുറിവുണ്ടായാൽ, ആദ്യം നാം മരുന്നിടും. മുറിവ് ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യും. അകത്ത് കെട്ടിക്കിടക്കുന്ന വിഷം പുറത്തെടുക്കും. പക്ഷേ, ഭൂമിയുടെ മുറിവുകൾക്ക് ആരാണ് മരുന്നിടുക?

നാം മലകൾ ഇടിച്ചുനിരത്തുന്നു. പുഴകളുടെ സ്വാഭാവിക ഒഴുക്കിന് കെട്ടുകൾ തീർക്കുന്നു. നദിയുടെ വഴിയിൽ കോൺക്രീറ്റ് കുത്തിനിറയ്ക്കുന്നു. കാടിന്റെ നെഞ്ചിൽ മുറിവുണ്ടാക്കുന്നു. ഭൂമിയുടെ വയറ്റിൽ അഗാധഗർത്തങ്ങൾ തീർക്കുന്നു. വായുവിൽ വിഷം നിറയ്ക്കുന്നു.

പിന്നെ ഒരുനാൾ— മഴ പെയ്യുന്നു.
നദി കരകവിഞ്ഞൊഴുകുന്നു.
മണ്ണ് ഇളകുന്നു.
മല ഇടിയുന്നു.
കടൽ കരയിലേക്ക് കയറിവരുന്നു.
നാം അതിന് പേരിടുന്നു – “പ്രകൃതിദുരന്തം.”

പക്ഷേ, ഒരു രാത്രി ഞാൻ മറ്റൊരു കഥ കേട്ടു.
അത് ഭൂമി എന്ന അമ്മയുടെ കഥയായിരുന്നു.
“നിങ്ങൾ എന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കി,” അവൾ പറഞ്ഞു. “ഞാൻ സഹിച്ചു”.
എന്റെ നെഞ്ചിൽനിന്ന് മലകൾ വെട്ടിയെടുത്തു. ഞാൻ സഹിച്ചു.
എന്റെ രക്തമായിരുന്ന നദികളെ തടഞ്ഞു. ഞാൻ സഹിച്ചു.
എന്റെ ശ്വാസമായിരുന്ന കാടുകൾ വെട്ടിമാറ്റി. ഞാൻ സഹിച്ചു.
എന്റെ വയറ്റിൽ കുഴികൾ കുത്തി. ഞാൻ സഹിച്ചു.
എന്റെ ശ്വാസത്തിലേക്ക് പുക നിറച്ചു. ഞാൻ സഹിച്ചു.
പക്ഷേ…”

അവൾ കുറച്ചുനേരം നിശ്ശബ്ദയായി.
“മുറിവേറ്റ ശരീരം സ്വയം സുഖപ്പെടാൻ ശ്രമിക്കും. ഞാനും അതുതന്നെയാണ് ചെയ്യുന്നത്.”
അവളുടെ വാക്കുകൾ കേട്ടപ്പോൾ, ഓണത്തിന്റെ ഓർമ്മ വന്നു.

മാവേലി ഒരിക്കൽ വന്നത് എല്ലാവർക്കും ഒരുപോലെ സന്തോഷമുള്ള ഒരു നാട് കാണാനല്ലേ?
അവിടെ ആരും വിശന്നിരിക്കരുത്.
ആരും അന്യരാകരുത്.
ആരും ചവിട്ടിമെതിക്കപ്പെടരുത്.
അങ്ങനെയെങ്കിൽ, മാവേലിയുടെ നാട് എന്നത് മനുഷ്യർക്കു മാത്രം വേണ്ടിയുള്ള ഒരു നാടാണോ?

ഒരു പക്ഷിക്ക് കൂടുകൂട്ടാൻ ഇടമില്ലാത്തിടത്ത് എന്ത് ഓണം?
ഒരു പുഴയ്ക്ക് ഒഴുകാൻ വഴിയില്ലാത്തിടത്ത് എന്ത് സമൃദ്ധി?
ഒരു കുന്നിന് നിലനിൽക്കാൻ കഴിയാത്തിടത്ത് എന്ത് വികസനം?
ഒരു മരത്തിന് ശ്വാസം വിടാൻ കഴിയാത്തിടത്ത് എന്ത് ആഘോഷം?

അത്തപ്പൂക്കളത്തിലെ ഓരോ പൂവിനും പിന്നിൽ ഒരു പ്രകൃതിയുണ്ട്.
ഓണസദ്യയിലെ ഓരോ അരിമണിക്കും പിന്നിൽ ഒരു മണ്ണുണ്ട്.
തിരുവോണപ്പുലരിയിലെ ഓരോ കാറ്റിനും പിന്നിൽ ഒരു കാടുണ്ട്.
നമ്മൾ മറന്നുപോയത് അതാണ്.
അന്ന് ഞാൻ എന്റെ ഓണാശംസകൾ കുറച്ചുനേരത്തേക്ക് മാറ്റിവച്ചു.
പകരം, ഭൂമിയോട് ഒരു ചെറിയ വാക്ക് പറഞ്ഞു—

“അമ്മേ… നിന്റെ മുറിവുകൾ എന്റെ പ്രശ്നമല്ലെന്ന് ഇനി ഞാൻ പറയില്ല. എനിക്ക് ഒറ്റയ്ക്ക് നിന്നെ രക്ഷിക്കാനാവില്ലായിരിക്കാം. പക്ഷേ, നിന്നെ കൂടുതൽ മുറിവേൽപ്പിക്കാതിരിക്കാൻ എനിക്ക് കഴിയും. നിന്നെ രക്ഷിക്കാൻ ഇറങ്ങിയ ഒരാളുടെ കൈ പിടിക്കാൻ എനിക്ക് കഴിയും. എന്റെ പങ്ക് ചെറുതാണെങ്കിലും, അത് ഞാൻ ചെയ്യും.”

അതാണ് ഈ അത്തത്തിന് ഞാൻ കണ്ടെത്തിയ ഏറ്റവും വലിയ പൂവ്.
മനുഷ്യന്റെ മുറ്റത്ത് മാത്രം പൂക്കുന്ന പൂക്കളമല്ല – ഭൂമിയുടെ നെഞ്ചിലും ഒരു പൂക്കളം വിരിയട്ടെ.

മാവേലി വരുമ്പോൾ, മനുഷ്യർ മാത്രം സന്തോഷത്തോടെ കാത്തുനിൽക്കുന്ന ഒരു നാടല്ല, പുഴയും പാടവും മലയും മരവും പക്ഷിയും മൃഗവും ഒരുമിച്ച് ചിരിക്കുന്ന ഒരു ഭൂമിയാകട്ടെ നമ്മുടേത്.

ഈ അത്തം മുതൽ, ആശംസകൾ സ്ക്രീനുകളിൽ മാത്രം അയക്കാതെ, ഭൂമിക്കും ഒരു ഓണം സമ്മാനിക്കാം.

ഭൂമിക്ക് മുറിവേൽപ്പിക്കാത്ത ഒരു ജീവിതം. പ്രകൃതിയെ ഉപേക്ഷിക്കാത്ത ഒരു മനസ്സ്. മറ്റൊരാളുടെ ദുരിതത്തിൽ “എന്റെ പ്രശ്നമല്ല” എന്ന് പറയാത്ത ഒരു മനുഷ്യൻ. ഒരുപക്ഷേ… അതാണ് നമ്മൾ മാവേലിയെ കാത്തിരിക്കുന്നതിന്റെ യഥാർത്ഥ അർത്ഥം.

ഉണ്ണിസാൻ
16/08/2026

Send your news and Advertisements

You may also like

error: Content is protected !!