വാഴ്സ്വ: യൂറോപ്പിലെ ഏറ്റവും വലിയ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം പോളണ്ടിൽ അനാച്ഛാദനം ചെയ്തു. 2026 ഓഗസ്റ്റ് 15-ന് മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തിലാണ് ഭക്തിനിർഭരമായ ചടങ്ങുകളോടെ ഈ കൂറ്റൻ പ്രതിമ വിശ്വാസികൾക്കായി സമർപ്പിച്ചത്. മധ്യ പോളണ്ടിലെ കൊണോട്ടോപ്പി (Konotopie) എന്ന ചെറിയ ഗ്രാമത്തിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.
വ്ലോക്ലാവെക് രൂപതാ ബിഷപ്പ് മോൺസിഞ്ഞോർ ക്രിസ്റ്റോഫ് വെൻ്റ്കോവ്സ്‌കിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പ്രത്യേക വിശുദ്ധ കുർബാനയോടനുബന്ധിച്ചായിരുന്നു ഈ ചരിത്രപ്രധാനമായ ചടങ്ങ്. നൂറുകണക്കിന് വിശ്വാസികളുടെയും വൈദികരുടെയും സാന്നിധ്യത്തിലായിരുന്നു രൂപത്തിൻ്റെ ആശീർവാദവും അനാച്ഛാദനവും നടന്നത്.
പീഠം (Pedestal) ഉൾപ്പെടെ ഇതിന് ആകെ 55.6 മീറ്റർ (ഏകദേശം 182 അടി) ഉയരമുണ്ട്. മാതാവിന്റെ രൂപത്തിന് മാത്രം 40.6 മീറ്റർ ഉയരമുണ്ട്. ബാക്കി 15 മീറ്റർ കിരീടത്തിന്റെ ആകൃതിയിലുള്ള പീഠമാണ്. ഇതിന്റെ 15 മീറ്റർ ഉയരമുള്ള പീഠത്തിനുള്ളിൽ സന്ദർശകർക്കായി ഒരു വ്യൂയിങ് പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്‌തമായ ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ‘ക്രിസ്തുവിന്റെ രൂപ‘ത്തെക്കാളും ഉയരക്കൂടുതലുള്ളതാണ് ഈ അത്ഭുത ശില്പം എന്നത് ഇതിൻ്റെ സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും വലിയ മാതാവിന്റെ രൂപം ഫിലിപ്പീൻസിലുള്ള ‘മദർ ഓഫ് ഓൾ ഏഷ്യ’ (98 മീറ്റർ) ആണ്. അതിനുശേഷം ലോകത്തിലെ രണ്ടാമത്തെയും, യൂറോപ്പിലെ ഒന്നാമത്തെയും വലിയ മരിയൻ പ്രതിമയാണിത്.
പോളണ്ടിലെ പ്രമുഖ വ്യവസായിയായ റോമൻ കാർകോസിക്കും ഭാര്യ ഗ്രാനയും ചേർന്നാണ് തങ്ങളുടെ വ്യക്തിപരമായ കൃതജ്ഞതാ സമർപ്പണമായി ഈ പദ്ധതി പൂർണ്ണമായും സ്പോൺസർ ചെയ്തത്. ഏകദേശം 23 ദശലക്ഷം യൂറോയാണ് ഈ വിശുദ്ധ മന്ദിരത്തിൻ്റെ നിർമ്മാണച്ചെലവ്. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വലിയൊരു തീർത്ഥാടന കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഈ ദേവാലയ സമുച്ചയം.

