Tuesday, October 13, 2026
Home » സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മാസപ്പടിക്കേസിൽ പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

by Editor

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് സംസ്ഥാന വിജിലൻസ് രണ്ട് എഫ്ഐആറുകൾ (FIR) രജിസ്റ്റർ ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവരെ പ്രതികളാക്കിയാണ് വിജിലൻസ് കേസ് എടുത്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാന സർക്കാരിന് നൽകിയ വിവരങ്ങളുടെയും അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിന്മേലുള്ള ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.

രണ്ട് എഫ്ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടാമത്തെ കേസിൽ പിണറായി വിജയൻ്റെ മകൾ വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ടു കേസിലും വീണ പ്രതിയാണ്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -1 ആണ് രണ്ട് എഫ്ഐറുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയത്. ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും രണ്ടാമത്തേത് കുഴൽപ്പണ ഇടപാട് കേസുമാണ്.

സിഎംആർഎല്ലും പിണറായി വിജയൻ്റെ മകൾ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇ.ഡി ഡിജിപിക്ക് നൽകിയ നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നേരത്തെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ എസ്ഐടിയുടെ പ്രാഥമികാന്വേഷണമല്ല, എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ തന്നെ അന്വേഷിക്കാനാണ് കോടതി നിർദേശിച്ചത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം ഷാജഹാൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്‌ച വരുത്തിയെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു.

സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ.ഡി വിവരങ്ങൾ നൽകിയത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1)(ബി) പ്രകാരം പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും ബിഎൻഎസ്എസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർക്കാർ പ്രാഥമിക അന്വേഷണത്തിനു മാത്രം ഉത്തരവിട്ടതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇസഡ്.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) കടക്കുകയാണ്. എന്നാൽ, തങ്ങളെ കേൾക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയനും വീണയും ഡിവിഷൻ ബെഞ്ചിന് മുൻപാകെ റിട്ട് അപ്പീൽ നൽകിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!