നിതീഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘രാമായണ പാർട്ട് വൺ’ (Ramayana: Part 1) ഇന്ത്യൻ ബോക്സ് ഓഫീസിൽ സർവ്വകാല റെക്കോർഡുകൾ തകർത്ത് പുതിയ ചരിത്രമെഴുതുകയാണ്. റിലീസ് ചെയ്ത് വെറും 4 ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 500 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, 5-ാം ദിവസമായ തിങ്കളാഴ്ചയും അഭൂതപൂർവ്വമായ കുതിപ്പാണ് നടത്തിയത്. പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ BookMyShow-ന്റെ ചരിത്രത്തിൽ ആദ്യമായി, ഒരു മണിക്കൂറിനുള്ളിൽ 1.38 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി രാമായണം സ്വന്തമാക്കി. ‘പുഷ്പ 2’, ‘ധുരന്ധർ 2’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ റെക്കോർഡുകളെയാണ് രാമായണം മറികടന്നത്.
വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആഗോള വിപണിയില്‍ എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം. ദുരന്ധര്‍ 2-ന്റെ ആഗോള കളക്ഷന്‍ 1,652 കോടി രൂപയിലെത്തിയ ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തിയത്. രാമായണത്തിന്റെ നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ ഈ നേട്ടത്തെയും മറികടക്കുമോ എന്ന ചര്‍ച്ചകളും സജീവമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ലെ ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബുക്ക് മൈ ഷോയിലെ പ്രാദേശിക ബുക്കിങ് കണക്കുകള്‍ പ്രകാരം ഉത്തരേന്ത്യയില്‍ നിന്നാണ് കൂടുതല്‍ ടിക്കറ്റ് വില്‍പ്പന. ഏകദേശം 63 ശതമാനം ബുക്കിങ്ങും ഉത്തരേന്ത്യയില്‍ നിന്നാണ്. ദക്ഷിണേന്ത്യയുടെ വിഹിതം 37 ശതമാനത്തോളമാണ്. മള്‍ട്ടിപ്ലക്സ് ശൃംഖലകള്‍ക്ക് പുറമെ ഗ്രാമീണ മേഖലകളിലും ചിത്രം മികച്ച മുന്നേറ്റം നടത്തുന്നുവെന്നതാണ് ശ്രദ്ധേയം. ആഗോള തലത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദേശ വിപണികളിലെ വിതരണക്കാര്‍ക്കും മികച്ച നേട്ടമുണ്ടാക്കാന്‍ ചിത്രത്തിന് കഴിയുന്നുവെന്നാണ് വിലയിരുത്തല്‍. അഞ്ച് ദിവസം കൊണ്ട് 660 കോടി രൂപ പിന്നിട്ടതോടെ 2000 കോടി ക്ലബ്ബിലേക്കുള്ള സാധ്യതകളും ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ 2000 കോടി രൂപയ്‌ക്ക് മുകളില്‍ ആഗോള കളക്ഷന്‍ നേടിയ ചിത്രമാണ് ദംഗല്‍. അതിന്റെ സംവിധായകനായ നിതീഷ് തിവാരിയാണ് രാമായണവും ഒരുക്കുന്നത്.


