ഗോൾഡ് കോസ്റ്റ്: സെന്റ് ഗ്രിഗോറിയോസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയിൽ ഈ വർഷത്തെ ഇടവക പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും നവംബർ 13, 14 (വെള്ളി, ശനി) തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കും.
നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്കും ധ്യാനപ്രസംഗത്തിനും റവ. ഫാ. അജിൻ കോശി ജോൺ നേതൃത്വം നൽകും. പെരുന്നാളിന്റെ പ്രധാന ദിവസമായ നവംബർ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഏഷ്യാ പസഫിക് ഭദ്രാസന സെക്രട്ടറി വെരി റവ. തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ്, കൊയ്ത്തുത്സവം (Harvest Festival), സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. കൊടിയിറക്കോടുകൂടി ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ പെരുന്നാൾ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യു കെ. മാത്യു, സെക്രട്ടറി സൂസൻ മാത്യു, ട്രസ്റ്റി ജിജോ ജോസ് എന്നിവർ അറിയിച്ചു.


