ടെഹ്‌റാൻ: ഇറാന്റെ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ബന്ദർ അബ്ബാസ്, സിരിക്, ജസക് (ജാസ്ക്), ഖേഷം (ഖിഷം) ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ പ്രദേശങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഖേഷം ദ്വീപിലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് നേരെ അമേരിക്ക “ചെറിയ തോതിലുള്ള ആക്രമണം” നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ഖേഷ്ം ദ്വീപിൽ യുഎസ് സൈന്യം പ്രൊജക്ടൈലുകൾ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇവിടുത്തെ വ്യോമപ്രതിരോധ സംവിധാനങ്ങളെയാണ് യുഎസ് ലക്ഷ്യമിട്ടത്. എന്നാൽ ബന്ദർ അബ്ബാസ്, സിരിക് എന്നീ തുറമുഖ നഗരങ്ങളിലുണ്ടായ സ്ഫോടനങ്ങൾ ഇറാന്റെ സ്വന്തം സൈനിക പ്രതിരോധ നീക്കങ്ങൾ കാരണമാണെന്നാണ് ചില ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ഇറാനെ കരമാർഗം പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ യുഎസ് ഉപരോധം (Task Force Iron Gate) നിലവിൽ വന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിനിടെ ഉപരോധം ലംഘിച്ച മൂന്ന് എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ വെച്ച് അഗ്നിക്കിരയായിട്ടുണ്ട്. ഒമാൻ കടലിൽ ഇറാന്റെ തുറമുഖം സന്ദർശിച്ച് മടങ്ങുകയായിരുന്ന ‘എം.വി ഹുഡ’ എന്ന ചരക്കുകപ്പലിന് നേരെ യുഎസ് ആക്രമണം നടത്തുകയും കപ്പൽ പ്രവർത്തനരഹിതമാക്കുകയും ചെയ്തു.
ചർച്ചകളിൽ പുരോഗതിയുണ്ടായാൽ പുതിയ ആക്രമണങ്ങൾ നടത്തില്ലെന്ന് വ്യക്തമാക്കുമ്പോഴും, തങ്ങളുടെ മൂന്ന് യുദ്ധക്കപ്പലുകൾ മേഖലയിൽ സർവസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ 38 തന്ത്രപ്രധാനമായ പാലങ്ങൾ വെറും ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ യുഎസിന് സാധിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
അതേസമയം യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും “നരകം പെയ്യിക്കുമെന്നും” ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ചി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭാഗത്തുനിന്ന് ഏതുസമയത്തും ഒരു മിസൈൽ/ഡ്രോൺ തിരിച്ചടി ഉണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർക്ക് കെട്ടിടങ്ങൾക്കുള്ളിൽ തന്നെ സുരക്ഷിതമായി തുടരാൻ യുഎസ് എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
റിയാദിന് നേരെ ഹൂതികളുടെ ശക്തമായ മിസൈൽ ആക്രമണം
റിയാദിലെ ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അരാംകോയുടെ എണ്ണ സംഭരണശാലകൾ, സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തങ്ങൾ ആറ് വൻകിട സൈനിക ഓപ്പറേഷനുകൾ നടത്തിയതായി ഹൂതി വക്താവ് യഹ്യ സരീ പ്രഖ്യാപിച്ചു. റിയാദ് ഉൾപ്പെടെ സൗദിയിലെ പ്രമുഖ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട മിസൈലുകൾ വ്യോമപ്രതിരോധ സേന തകർത്തു.
സൗദി തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷയുള്ള ‘കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ’ (KAFD) ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ സൗദി അരാംകോയുടെ പ്രധാന ഓഫിസ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ ചില്ലുകൾ തകരുകയും മുൻഭാഗത്തിന് കേടുപാടുകൾ വരികയും ചെയ്തതായി സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.
തലസ്ഥാനമായ റിയാദ്, കിഴക്കൻ പ്രവിശ്യ, രാജ്യത്തിന്റെ തെക്കൻ മേഖല എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമങ്ങൾ നടന്നതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ചുതന്നെ വ്യോമസേന തകർത്തു. ഇതിനുപുറമെ, റിയാദ്, തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി തകത്തതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.
റിയാദിന് നേരെയുള്ള ആക്രമണത്തിന് തൊട്ടുപിന്നാലെ സൗദി സഖ്യസേന യമൻ തലസ്ഥാനമായ സനയിലെ ഹൂതി താവളങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം നടത്തി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-ഷരിയ ഗ്രാമത്തിൽ സൗദി നടത്തിയ വ്യോമാക്രമണത്തിൽ 8 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 33 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി സഖ്യസേന സന ഉൾപ്പെടെയുള്ള 7 ഗവർണറേറ്റുകളിൽ 105-ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതികൾ ആരോപിക്കുന്നു.


