കൊച്ചി: 2026-ലെ ട്രെൻഡ്സ് ഇംപ്രസാരിയോ മിസ് കേരള കിരീടം മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി പി. ചിത്രാംബരി സ്വന്തമാക്കി. കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ഗ്രാൻഡ് ഫിനാലെയിലാണ് ചിത്രാംബരി ഈ നേട്ടം കൈവരിച്ചത്. കേരള വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും 2025-ലെ മിസ് കേരള ശ്രീനിധിയും ചേർന്ന് വിജയിയെ കിരീടം അണിയിച്ചു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ് ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ച ചിത്രാംബരി. മത്സരത്തിൽ മേഘ മറിയ ജോസ് ഒന്നാം റണ്ണറപ്പായും (‘എറ്റേണൽ ബ്യൂട്ടി’ പുരസ്കാരം), കാജൽ ലിബി രണ്ടാം റണ്ണറപ്പായും (‘ബ്യൂട്ടി വിത്ത് എലഗൻസ്’ പുരസ്കാരം) തിരഞ്ഞെടുക്കപ്പെട്ടു. കിരീട ജേതാവായ ചിത്രാംബരിക്ക് ‘മിസ് ബ്യൂട്ടിഫുൾ സ്മൈൽ’ പുരസ്കാരവും ലഭിച്ചു. ഗോപിക കൃഷ്ണൻ (മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ), ഡോണ മൈക്കൽ (മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ഫിറ്റ്നസ്) എന്നിവരും മറ്റ് വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി.
മാനസ പ്രകാശ് മിസ് ഇന്നർ വോയ്സ് ആയും, മൈഥിലി ദിലീപ് മിസ് ബ്യൂട്ടിഫുൾ ഐസ് ആയും, എ. ദൃശ്യ സൂരജ് മിസ് ടാലൻ്റഡ് ആയും, അമൃത നായർ മിസ് കൺജീനിയാലിറ്റി ആയും അവാർഡുകൾ നേടി. ചടങ്ങിന്റെ ഭാഗമായി പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. സൗന്ദര്യവും കഴിവുകളും മാറ്റുരച്ച ഈ വേദി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് പുതിയൊരു ചരിത്രമായി മാറി.

