Thursday, October 15, 2026
Home » പാക്കിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു; 32 വിദ്യാർത്ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു.
പാക്കിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു; 32 വിദ്യാർത്ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു.

പാക്കിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു; 32 വിദ്യാർത്ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു.

by Editor

പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിൽ ഒരു സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 32-ലധികം വിദ്യാർത്ഥികളും ഒരു അധ്യാപികയും മരണപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലെ ദിർ കോളനിയിലുള്ള ‘അൽ-ഖൈർ എഡ്യൂക്കേഷൻ സെന്റർ’ എന്ന സ്കൂളിലാണ് ഇന്ന് (ഒക്ടോബർ 15 വ്യാഴാഴ്ച) രാവിലെ 8:48-ഓടെ രാജ്യം കണ്ട ഏറ്റവും വലിയ ഈ ദുരന്തം സംഭവിച്ചത്.

അപകടത്തിൽ 40-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട കുട്ടികളിൽ 12 പേർ പെൺകുട്ടികളാണ്. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗം പേരും 6 -നും 13 -നും ഇടയിൽ പ്രായമുള്ള ചെറിയ കുട്ടികളാണ്. പരിക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 50-ലധികം ആളുകളിൽ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ലേഡി റീഡിംഗ് ആശുപത്രി അധികൃതർ അറിയിച്ചു.

ഇടുങ്ങിയ തെരുവിലായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത് എന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ജെസിബികൾക്കും വലിയ വാഹനങ്ങൾക്കും പ്രവേശിക്കാൻ കഴിയാത്തതിനാൽ നാട്ടുകാരും വോളന്റിയർമാരും കൈകൾ കൊണ്ടും മൺവെട്ടികൾ കൊണ്ടും അവശിഷ്ടങ്ങൾ മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്.

മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഈ ഭാരം താങ്ങാനാവാതെ മുകളിലത്തെ മേൽക്കൂര താഴത്തെ നിലയിലെ ക്ലാസ് റൂമുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ ദുർബലമായ നിർമ്മാണവും താങ്ങാൻ കഴിയാത്ത ഭാരവുമാണ് തകർച്ചയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

 

Send your news and Advertisements

You may also like

error: Content is protected !!