Thursday, October 15, 2026
Home » ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ
ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ

by Editor

റിയാദ്: അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ മലയാളി നഴ്‌സ് ഫിലോമിന (32) സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ലഗേജിൽ സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞുവെച്ചതും തുടർന്ന് കസ്റ്റഡിയിലെടുത്തതും.

സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി അനന്ത് നിവാസിൽ രവിയുടെയും സെൽവിയുടെയും മകളായ ഫിലോമിനയാണ് നിരോധിത മരുന്ന് കൈവശം വച്ചതിന് പിടിയിലായത്. ഫിനോമിനക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് സൗദിയിലെ ഇന്ത്യൻ നയതന്ത്ര അധികൃതർ വ്യക്തമാക്കി. ഒന്നര മാസത്തെ അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാനായി റിയാദിലേക്ക് മടങ്ങിയ ഫിലോമിനയെക്കുറിച്ച് അവസാനമായി ലഭിച്ചത് ജിദ്ദ വിമാനത്താവളത്തിൽ തന്നെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന സന്ദേശം മാത്രമായിരുന്നു. ഇതിനുശേഷം യുവതി എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ഉള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല.

റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നു വർഷമായി നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഫിലോമിന. ഒക്ടോബർ പത്തിന് ബംഗളൂരുവിൽ നിന്ന് ഭർത്താവ് ജോണിനോടും കുടുംബത്തോടും യാത്രപറഞ്ഞ് വിമാനം കയറിയ ഫിലോമിന, ജിദ്ദയിലെത്തിയ ശേഷം കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ജിദ്ദയിൽ നിന്ന് റിയാദിലേക്കുള്ള കണക്ഷൻ വിമാനത്തിൽ യാത്ര തുടരാനിരിക്കെയാണ് യുവതിയെ കാണാതാകുന്നത്.

വിമാനത്താവളത്തിൽ ഇറങ്ങിയ തന്നെ ജീവനക്കാർ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ച ശേഷം സെക്യൂരിറ്റി ഉദ്യോഗസ്ഥർ പാസ്പോർട്ട് വാങ്ങി വെച്ചെന്നുമായിരുന്നു ഫിലോമിന കുടുംബത്തിന് നൽകിയ അവസാന സന്ദേശം. തന്റെ ബാഗുകളും സാധനങ്ങളും കൊണ്ടു പോകാൻ മറ്റാരെയെങ്കിലും ഏർപ്പാടാക്കാൻ വിമാനത്താവളത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടതായും ഫിലോമിന വാട്‌സാപ്പിലൂടെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫിലോമിനയുടെ മൊബൈൽ ഫോൺ പൂർണമായും സ്വിച്ച് ഓഫായി. തുടർന്ന് റിയാദിലെ ആശുപത്രിയിലും താമസ സ്ഥലത്തും അന്വേഷിച്ചെങ്കിലും ഫിലോമിന അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് സഹപ്രവർത്തകർ നൽകിയത്. ജിദ്ദയിൽ വിമാനമിറങ്ങിയ ശേഷം പലതവണ ഫോണിൽ ബന്ധപ്പെടാൻ കുടുംബം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

റിയാദിലെ ജോലിസ്ഥലത്ത് ഫിലോമിന എത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ കുടുംബം ഇന്ത്യൻ എംബസിക്കും സാമൂഹിക പ്രവർത്തകർക്കും പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് വ്യക്തമായത്. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ഫിലോമിനയെ മോചിപ്പിക്കുന്നതിനാവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!