ലഡാക്ക്: കിഴക്കൻ ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങൾക്ക് ഇന്ത്യ ഔദ്യോഗികമായി പേരുകൾ പ്രഖ്യാപിച്ചതിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ പുതിയ നയതന്ത്ര തർക്കം. ഇന്ത്യയുടെ ഈ നടപടി നിയമവിരുദ്ധവും അസാധുവുമാണെന്ന് ചൈന അവകാശപ്പെടുമ്പോൾ, ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യാഥാർഥ്യം മാറ്റാനാകില്ലെന്നും ഇന്ത്യ ശക്തമായ മറുപടി നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ലഡാക്ക് ഭരണകൂടവുമായും പ്രാദേശിക സ്റ്റേക്ക്ഹോൾഡർമാരുമായും കൂടിയാലോചിച്ചാണ് സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ ഈ 28 സ്ഥലങ്ങളുടെ പേരുകൾ ഒക്ടോബർ 2-ന് ഉൾപ്പെടുത്തിയത്. ഇതിൽ 10 കൊടുമുടികൾ, 3 മലകൾ, 7 പ്രദേശങ്ങൾ, 2 ചുരങ്ങൾ, 2 ഹിമാനികൾ (Glaciers), ഒരു താഴ്വര, ഒരു നദി, ഒരു തടാകം എന്നിവ ഉൾപ്പെടുന്നു. 2020-ലെ ഇന്ത്യ-ചൈന സൈനിക സംഘർഷത്തിൽ പ്രധാന തർക്കമേഖലകളായിരുന്ന ഗോഗ്ര (Gogra), ഹോട്ട് സ്പ്രിങ്സ് (Hot Springs) തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളും ഈ പട്ടികയിലുണ്ട്. കൂടാതെ അലിഷ ഗിരി, കനിഷ്ക കൊടുമുടി, സൊറാവർ കൊടുമുടി, പർപിക് ഹിമാനി തുടങ്ങിയവയും ഇതിൽപ്പെടും.
ബീജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഇന്ത്യയുടെ നടപടിയെ എതിർത്തു. ഇന്ത്യ ഏകപക്ഷീയമായി രൂപീകരിച്ച ‘ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ’ ചൈന ഒരിക്കലും അംഗീകരിക്കുന്നില്ല. ലഡാക്കിലെ 28 പ്രദേശങ്ങൾക്ക് ഔദ്യോഗിക പേരുകൾ പ്രഖ്യാപിച്ച ഇന്ത്യൻ സർക്കാരിൻ്റെ നീക്കം നിയമവിരുദ്ധവും അസാധുവും ആണെന്നും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെ ചൈന അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ പ്രസ്താവനകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ത്യയുടെ പരമാധികാരം ആവർത്തിച്ചു വ്യക്തമാക്കി. “കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യവും അഭേദ്യവുമായ ഘടകമാണ്. ചൈന എത്രയൊക്കെ നിഷേധിച്ചാലും ഈ യാഥാർഥ്യം മാറ്റാനാകില്ല”- വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഔദ്യോഗിക ഭൂപടങ്ങൾ കൃത്യമാക്കുന്നതിനും അതിർത്തി മേഖലകളെക്കുറിച്ച് പൊതുജനാവബോധം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നടപടിയെന്ന് ഇന്ത്യ വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് ചൈന സ്വന്തം നിലയിൽ ചൈനീസ് പേരുകൾ നൽകി ഭൂപടങ്ങൾ പുറത്തിറക്കിയതിനോടുള്ള ഇന്ത്യയുടെ ശക്തമായ മറുപടിയായാണ് ലഡാക്കിലെയും അരുണാചലിലെയും സ്ഥലങ്ങൾക്ക് ഇന്ത്യ ഔദ്യോഗികമായി പേരുകൾ പുനഃക്രമീകരിച്ച് ഭൂപടം പരിഷ്കരിച്ചത്.

