Tuesday, October 13, 2026
Home » റഷ്യയും യുക്രെയ്നും തമ്മിൽ ഊർജമേഖലയിൽ വെടിനിർത്തലെന്ന് ട്രംപ്; യുക്രെയ്ന് പുതിയൊരു പ്രസിഡന്റിനെ ആവശ്യമുണ്ടെന്നും ട്രംപ്
റഷ്യ യുക്രൈന്‍ യുദ്ധം

റഷ്യയും യുക്രെയ്നും തമ്മിൽ ഊർജമേഖലയിൽ വെടിനിർത്തലെന്ന് ട്രംപ്; യുക്രെയ്ന് പുതിയൊരു പ്രസിഡന്റിനെ ആവശ്യമുണ്ടെന്നും ട്രംപ്

by Editor

വാഷിങ്ടൺ: റഷ്യയും യുക്രെെയ്നും തമ്മിൽ ഊർജമേഖലയിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ‘ഊർജ വെടിനിർത്തൽ’ നിലവിൽ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സ്വന്തം സാമൂഹികമാധ്യമമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ ട്രംപിന്റെ ഈ പ്രസ്താവന തനിക്ക് പുതിയ വാർത്തയാണെന്ന് യുക്രെെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പ്രതികരിച്ചു. റഷ്യ ഇതിനോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യയും യുക്രെെയ്നും തമ്മിലുള്ള യുദ്ധത്തിൽ ഊർജമേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്നും ഈ കരാർ ആരും ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.

ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം യുക്രെെയ്നിലെ ഖാർകീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതായി യുക്രെെയ്ൻ ആരോപിച്ചു. റഷ്യ ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണം നിർത്തുകയാണെങ്കിൽ തങ്ങളും റഷ്യൻ എണ്ണ ശുദ്ധീകരണശാലകളെ ലക്ഷ്യമിട്ടുള്ള തിരിച്ചടികൾ നിർത്താൻ തയ്യാറാണെന്ന് സെലൻസ്‌കി വ്യക്തമാക്കി. ട്രംപ് റഷ്യയുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയതാണെങ്കിൽ അത് എപ്പോൾ ആരംഭിക്കുമെന്ന് തങ്ങളെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിലെ ഇന്ധനവില കുറയ്ക്കുന്നതിനായി റഷ്യയിൽ നിന്ന് വലിയ തോതിൽ ഡീസൽ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങളിൽ ട്രംപ് ഇളവ് വരുത്തിയിരുന്നു. റഷ്യയുമായുള്ള ട്രംപിന്റെ ഈ നീക്കത്തെ ‘ശക്തരായ പങ്കാളികളുടെ ദുർബലമായ തീരുമാനം‘ എന്ന് സെലൻസ്‌കി പരസ്യമായി വിമർശിച്ചു. സെലൻസ്‌കിയുടെ വിമർശനത്തിന് പിന്നാലെ, റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾ ആക്രമിക്കരുതെന്ന തന്റെ നിർദേശം സെലൻസ്‌കി ലംഘിച്ചതായി ട്രംപ് കുറ്റപ്പെടുത്തി. സെലൻസ്‌കിക്ക് റഷ്യയുമായി സമാധാന കരാറിലെത്താൻ സാധിക്കുന്നില്ലെന്നും, യുക്രെെയ്ന് പുതിയൊരു പ്രസിഡന്റിനെ ആവശ്യമുണ്ടെന്നും ട്രംപ് പരസ്യമായി പ്രസ്താവിച്ചു.

കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം; നാറ്റോ സഖ്യരാജ്യമായ ബൾഗേറിയയുടെ കടൽ അതിർത്തിക്കുള്ളിൽ നടക്കുന്ന ആദ്യ ആക്രമണം.

Send your news and Advertisements

You may also like

error: Content is protected !!