Friday, November 27, 2026
Home » 2029-ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

2029-ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ.

by Editor

ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (UCC) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ‘സംവിധാൻ ഗൗരവ് ദിവസ്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരന്മാർക്ക് വ്യത്യസ്ത നിയമങ്ങൾ ഉണ്ടാകരുതെന്നും ഹിന്ദു, മുസ്ലിം, ക്രൈസ്തവ, സിഖ്, പാഴ്സി വിഭാഗങ്ങളുൾപ്പെടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമവ്യവസ്ഥ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ശിൽപ്പികൾ ഏകീകൃത സിവിൽ കോഡ് സംസ്ഥാന നയത്തിന്റെ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ രൂപീകരിക്കരുതെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് യുസിസിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും രാഹുൽ ഗാന്ധിയും ഈ നിലപാടിനെ എതിർക്കുകയാണെന്നും ഷാ വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ കേവലം ഭരണനിർവഹണത്തിനുള്ള രേഖയായി കാണരുത്. രാജ്യത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന അടിസ്ഥാന പ്രമാണമാണത്. 2047-ടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ഭരണഘടനയുടെ വഴിയിലൂടെ മുന്നോട്ടുപോകണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.

വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതഭേദമില്ലാതെ പൊതുവായ നിയമസംവിധാനം കൊണ്ടുവരികയാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യം. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഇതുമായി ബന്ധപ്പെട്ട നിർദേശം മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഉത്തരാഖണ്ഡിലാണ് സ്വാതന്ത്ര്യാനന്തരം ആദ്യമായി യുസിസി നടപ്പാക്കിയത്.

ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപടികൾ മുന്നോട്ട് പോയതായി അമിത് ഷാ പരാമർശിച്ചു. ഉത്തരാഖണ്ഡിൽ നിയമം പ്രാബല്യത്തിൽ വരികയും, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിയമസഭാ നടപടികൾ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനായി സമിതികളെയും നിയോഗിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!