ന്യൂഡൽഹി: നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. അത്യാവശ്യമായ സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനുമായി സഭാസമ്മേളനം വിളിച്ചുചേർക്കണമെന്ന് ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് കിരൺ റിജിജു സാമൂഹികമാധ്യമക്കുറിപ്പിൽ അറിയിച്ചു.
ലോക്‌സഭാ സമ്മേളനം നവംബർ 30-നും രാജ്യസഭയുടെ സമ്മേളനം ഡിസംബർ 2-നും ആരംഭിക്കും. നടപടികൾ പൂർത്തിയാക്കി ഡിസംബർ 3-ന് ഇരുസഭകളും പിരിയും. ഓഗസ്റ്റ് 13-ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിനാൽ (prorogue ചെയ്യാത്തതിനാൽ) അതിന്റെ തുടർച്ചയായാണ് ഈ പ്രത്യേക സമ്മേളനം ചേരുന്നത്.
സമ്മേളനത്തിന്റെ കൃത്യമായ അജണ്ട കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ‘അത്യാവശ്യമായ സർക്കാർ കാര്യങ്ങൾ’ തീർപ്പാക്കുന്നതിനാണ് സഭ ചേരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ മണ്ഡല പുനർനിർണയ ബില്ലും (Delimitation Bill) വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലും ഇതിൽ പ്രധാന അജണ്ടയായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി 33% വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള മണ്ഡല പുനർനിർണയ ബില്ലും (Delimitation Bill 2026) ഭരണഘടനയുടെ 131-ാം ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനും, നിലവിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റ് അനുപാതം 25 വർഷത്തേക്ക് കൂടി നിലനിർത്താനും പുതിയ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (നിലവിലെ അംഗബലം അനുസരിച്ച് 361 വോട്ടുകൾ) ആവശ്യമാണ്. ഏപ്രിലിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ബിൽ പാസായിരുന്നില്ല. നിലവിൽ ബില്ലിന് അനുമതി നൽകുന്നതിനായി കേന്ദ്ര മന്ത്രിസഭാ യോഗവും, സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗവും ചേരുന്നുണ്ട്.

