Friday, November 27, 2026
Home » ഇന്ത്യയും ചൈനയുമടക്കം 14 രാജ്യങ്ങൾക്കെതിരെ വീണ്ടും യുഎസിന്റെ തീരുവപ്രഹരം.

ഇന്ത്യയും ചൈനയുമടക്കം 14 രാജ്യങ്ങൾക്കെതിരെ വീണ്ടും യുഎസിന്റെ തീരുവപ്രഹരം.

by Editor

വാഷിങ്ടൺ: വ്യാവസായിക മേഖലയിലെ അമിത ഉൽപ്പാദന ശേഷി അമേരിക്കൻ വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയും ചൈനയുമടക്കം 14 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ പുതിയ ഇറക്കുമതി തീരുവ (tariffs) ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നിർദ്ദേശിച്ചു. പൊതുജനാഭിപ്രായം തേടുന്നതിനും ഹിയറിംഗുകൾക്കും (2027 ജനുവരി 25-ന് ആരംഭിക്കും) ശേഷമായിരിക്കും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. 2027 ജനുവരി അവസാനത്തോടെ ഇത് നടപ്പിലായേക്കും.

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ തീരുവയാണ് അമേരിക്ക നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പുവെച്ചാൽ ഇത് 17 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ, വിയറ്റ്നാം, സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങളെ വ്യാപാരക്കരാർ ചർച്ചയിൽ കടുത്ത സമ്മർദത്തിലാക്കാനുള്ള നീക്കമാണെന്നാണു വിലയിരുത്തൽ. നിലവിൽ ഇന്ത്യയ്ക്കുമേലുള്ള 10% തീരുവയാണ് ഒറ്റയടിക്കു കൂട്ടാനൊരുങ്ങുന്നത്. ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളുടെ അധിക ഉൽപാദനശേഷി തിരിച്ചടിയാകുന്നുവെന്ന ആശങ്കയെത്തുടർന്നാണു യുഎസിന്റെ കടുത്തനീക്കം. അതേസമയം യുഎസിന് ആവശ്യമുള്ള ചില ഭക്ഷ്യ– ഫാർമ ഉൽപന്നങ്ങൾ, വിമാനനിർമാണ ഘടകങ്ങൾ, രാസവസ്തുക്കൾ, സെമികണ്ടക്ടർ തുടങ്ങിയവയെ തീരുവയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം അധിക തീരുവയാണ് നിർദ്ദേശിച്ചിരിക്കുന്നത്; നിലവിലുള്ള തീരുവകൾ കൂടി ചേരുമ്പോൾ ചൈനയ്ക്കുള്ള ആകെ തീരുവ 40 മുതൽ 45 ശതമാനം വരെയാകാം. വിയറ്റ്നാമിന് 20% മുതൽ 35% വരെയും, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് 15 ശതമാനം വരെയും, ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവയ്ക്ക് 18 ശതമാനം വരെയും തീരുവ ബാധകമായേക്കും. സിംഗപ്പൂരിന് 10 ശതമാനമാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. അന്വേഷണ പരിധിയിലുണ്ടായിരുന്ന മെക്സിക്കോയെയും നോർവേയെയും തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്.

ഫെബ്രുവരിയിൽ ട്രംപിന്റെ ‘ലിബറേഷൻ ഡേ’ (Liberation Day) തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പകരമായാണ് പുതിയ നിയമവഴിയിലൂടെ ഭരണകൂടം വീണ്ടും തീരുവ യുദ്ധം കടുപ്പിക്കുന്നത്. സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള പ്രത്യേക തീരുവകൾക്ക് പുറമെ ഇവ അധികമായി ചുമത്തില്ലെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!