Tuesday, November 24, 2026
Home » മണർകാട് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കില്ല; മലങ്കരസഭയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
മണർകാട് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കില്ല; മലങ്കരസഭയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മണർകാട് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കില്ല; മലങ്കരസഭയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

by Editor

കോട്ടയം: മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്‌ച നടത്തി. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ദേവലോകം അരമന മാനേജർ ഫാ.അലക്സാണ്ടർ പി. ഡാനിയേൽ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

മലങ്കരസഭയുടെ മണർകാട്, കോതമംഗലം, റാക്കാട് പള്ളികളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിയമവിരുദ്ധമായി പ്രവേശിച്ചതിൽ സഭയ്ക്കുണ്ടായ വേദന പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി സഭാധ്യക്ഷന് ഉറപ്പു നൽകി. നിയമവിരുദ്ധമായതൊന്നും സർക്കാർ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭാ സമാധാനത്തിനായി ചർച്ചകളുടെ വാതിൽ എക്കാലവും തുറന്നിട്ടിരിക്കുകയാണ്. എന്നാൽ നിലവിലെ അന്തരീക്ഷത്തിൽ സമാധാന ചർച്ചകൾ ഫലപ്രാപ്‌തിയിലെത്തില്ല. കോടതി വിധി നടപ്പായ ആട്ടിൻകുന്ന് പള്ളിയിലടക്കം സംഘർഷ സാഹചര്യമുണ്ടാകുന്നു. അക്രമങ്ങൾ വെടിഞ്ഞ് സമാധാനം പുന:സ്ഥാപിക്കുന്ന മുറയ്ക്ക് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ചർച്ചകളാകാമെന്നും സഭാനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു.

ആട്ടിൻകുന്ന് പള്ളിയിലെ പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാന ചർച്ചകൾ അവസാന ഘട്ടത്തിലെത്തി എന്ന അഡീഷണൽ അഡ്വക്കറ്റ് ജനറലിന്റെ വസ്തുതാവിരുദ്ധമായ നിലപാടിലുള്ള അമർഷം സഭാനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സർക്കാരിലെ ചിലർ സഭാ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്നതിലെ ആശങ്കയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. കുടിക്കാഴ്ച്ച അരമണിക്കൂറിലേറെ നീണ്ടു. പരിശുദ്ധ കാതോലിക്കാ ബാവയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മടങ്ങിയത്.

മലങ്കര സഭയിലെ പരമാധികാര തർക്കം: ചരിത്രം പറയുന്നതെന്ത്?

Send your news and Advertisements

You may also like

error: Content is protected !!