ന്യൂ ഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ (Belonging: A Journey of Love) എന്ന ഓർമ്മക്കുറിപ്പുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ സംഭാഷണത്തിലാണ് (വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്) രാഹുൽ ഗാന്ധി ഈ വെളിപ്പെടുത്തൽ നടത്തിയത്.
രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് ഒരു അബദ്ധമായിരുന്നില്ലെന്നും, അദ്ദേഹം കൊല്ലപ്പെടുന്നതിനുള്ള സാഹചര്യം മനഃപൂർവം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1991-ൽ രാജീവ് ഗാന്ധി ബിഹാർ സന്ദർശിച്ചപ്പോൾ 21 വയസ്സുകാരനായിരുന്ന രാഹുലും ഒപ്പമുണ്ടായിരുന്നു. തുറന്ന ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന രാജീവ് ഗാന്ധിക്ക് നേരെ കല്ലേറും പ്രതിഷേധവുമുണ്ടായത് തന്നെ ഏറെ ആശങ്കപ്പെടുത്തിയെന്നും, ഇക്കാര്യത്തിൽ താൻ പിതാവുമായി തർക്കിച്ചിരുന്നുവെന്നും രാഹുൽ ഓർത്തെടുത്തു. ബിഹാർ പര്യടനത്തിന് ശേഷം വീട്ടിലെത്തിയ രാഹുൽ, “അമ്മേ, പപ്പയുടെ സുരക്ഷയ്ക്കായി നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിനായി എനിക്ക് ഉടൻ തന്നെ തിരികെ വരേണ്ടി വരും” എന്ന് തന്നോട് പറഞ്ഞിരുന്നതായി സോണിയ ഗാന്ധി സംഭാഷണത്തിൽ വെളിപ്പെടുത്തി.
ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം രാജീവ് ഗാന്ധിയുടെ സുരക്ഷയെക്കുറിച്ച് സോണിയ ഗാന്ധി അതീവ ആശങ്കയിലായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വീട്ടിലെ കമ്പിവേലികൾ പരിശോധിക്കുന്നതും കാവൽക്കാർ ഉറങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതും അമ്മ പതിവാക്കിയിരുന്നുവെന്നും പ്രിയങ്ക ഓർമ്മിച്ചു.
1991 ൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിൻവലിച്ചത്. ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു 1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ചന്ദ്രശേഖർ ആയിരുന്നു അന്ന് കാവൽ പ്രധാനമന്ത്രി.


