മലങ്കര സഭയിൽ ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഓർത്തഡോക്സ് – യാക്കോബായ തർക്കം പ്രധാനമായും സഭയുടെ ഭരണാധികാരത്തെയും പള്ളികളുടെ ഉടമസ്ഥാവകാശത്തെയും ചൊല്ലിയുള്ളതാണ്. വിശ്വാസത്തിലും ആരാധനാക്രമങ്ങളിലും ഇരുവിഭാഗങ്ങളും തമ്മിൽ വ്യത്യാസങ്ങളില്ലെങ്കിലും, സഭയെ ആര് നയിക്കണം എന്നതിലാണ് ഈ ഭിന്നത നിലനിൽക്കുന്നത്. മലങ്കര സഭ ക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായ ഒരു സ്വതന്ത്രസഭയാണെന്നാണ് ഓർത്തഡോക്സ് സഭ വാദിക്കുന്നത്. എ.ഡി. 52-ൽ കേരളത്തിലെത്തിയ തോമാശ്ലീഹാ സ്ഥാപിച്ച സഭയ്ക്ക്, മറ്റൊരു വിദേശ സഭയുടെയും ഭരണപരമായ മേൽക്കോയ്മയ്ക്ക് കീഴിലാകേണ്ടതില്ല എന്നതാണ് സഭയുടെ പ്രധാന നിലപാട്.
എന്നാൽ തോമാശ്ലീഹായ്ക്ക് ശേഷം സഭയുടെ ആത്മീയ നേതൃത്വവും പട്ടത്വ അധികാരവും നിലനിന്നത് അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധത്തിലൂടെയായതിനാൽ മലങ്കര സഭ അന്ത്യോഖ്യൻ സഭയുടെ കീഴിൽ നിൽക്കണമെന്ന് യാക്കോബായ വിഭാഗം വാദിക്കുന്നു. ആരാധനാ വസ്ത്രം, പഠിപ്പിക്കൽ, ബൈബിൾ, ആരാധനാ ഭാഷ, പേര്, അപ്പോസ്തോലിക പിന്തുടർച്ച എന്നിങ്ങനെ ആറ് “മാനദണ്ഡങ്ങൾ” നിരത്തി മലങ്കര ഓർത്തഡോക്സ് സഭ ഒരു സഭയല്ലെന്ന് സ്ഥാപിക്കാനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമം. ഈ മാനദണ്ഡങ്ങളെല്ലാം നിൽക്കുന്നത് അന്ത്യോഖ്യൻ സഭയുടെ അടിത്തറയിലാണ് എന്ന് അവർ വാദിക്കുന്നു. ആ അടിത്തറ ചരിത്രത്തിന്റെ മുന്നിൽ നിലനിൽക്കുമോ എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്. ഓരോ വാദത്തിനും മറുപടി പറയുന്നത് സഭാപിതാക്കന്മാരുടെ രചനകൾ, അംഗീകൃത ചരിത്രഗ്രന്ഥങ്ങൾ, കോടതി വിധികൾ എന്നിവയെ ആശ്രയിച്ചാണ്. അവഹേളനത്തിന് അവഹേളനം കൊണ്ടല്ല, രേഖ കൊണ്ടാണ് മറുപടി.
ഒന്ന്: “അന്ത്യോഖ്യൻ പാരമ്പര്യം” — ചരിത്രം പറയുന്നതെന്ത്?
1.1 അന്ത്യോഖ്യ ഒരു ഗ്രീക്ക് നഗരമായിരുന്നു
റോമാ സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളിലൊന്നായിരുന്ന അന്ത്യോഖ്യയുടെ സഭാഭാഷ ഗ്രീക്ക് ആയിരുന്നു. പത്രോസിനും എവോദിയോസിനും ശേഷം അന്ത്യോഖ്യയുടെ മൂന്നാമത്തെ മെത്രാനും, ഏകദേശം 107–110-ൽ റോമിൽ രക്തസാക്ഷിയുമായ മാർ ഇഗ്നാത്തിയോസ് ആണ് അന്ത്യോഖ്യൻ സിംഹാസനത്തിന്റെ ഏറ്റവും വലിയ അഭിമാനം; ഓരോ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസും ഇന്നും “ഇഗ്നാത്തിയോസ്” എന്ന പേര് സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ്. റോമിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം എഴുതിയ ഏഴ് ലേഖനങ്ങളും (എഫേസൂസ്, മഗ്നേഷ്യ, ത്രാല്ലെസ്, റോം, ഫിലദെൽഫിയ, സ്മുർന്ന എന്നീ സഭകൾക്കും സ്മുർന്നയിലെ മെത്രാൻ പോളിക്കാർപ്പിനും) ഗ്രീക്കിലാണ്. സുറിയാനി ഓർത്തഡോക്സ് സഭ “സുറിയാനിക്കാരുടെ കിരീടം” എന്ന് വിളിക്കുന്ന മാർ സേവേറിയോസിന്റെ വിപുലമായ രചനകളും ഗ്രീക്കിലായിരുന്നു; അവ ഇന്ന് നിലനിൽക്കുന്നത് പിൽക്കാലത്തെ സുറിയാനി പരിഭാഷകളിലൂടെ മാത്രമാണ്.
സുറിയാനി സാഹിത്യത്തിന്റെ ജന്മഭൂമി അന്ത്യോഖ്യയല്ല, എദേസ്സയും (ഊർഹായി) നിസിബിസുമാണ്. മാർ അപ്രേം, മാർ യാക്കോബ് സെരൂഗ് തുടങ്ങിയ സുറിയാനി ആചാര്യന്മാരെല്ലാം ആ മെസപ്പൊട്ടേമിയൻ പാരമ്പര്യത്തിൽ പെട്ടവരാണ്. അതുകൊണ്ട് “അന്ത്യോഖ്യൻ” എന്നതും “സുറിയാനി” എന്നതും ഒന്നാണെന്ന ധാരണ തന്നെ ചരിത്രപരമായി തെറ്റാണ്.
ആധാരം: എവുസേബിയോസ്, സഭാചരിത്രം 3.36 (ഇഗ്നാത്തിയോസ്, പത്രോസിന് ശേഷം അന്ത്യോഖ്യയിലെ രണ്ടാമത്തെ പിൻഗാമി; ഏഴ് ലേഖനങ്ങൾ); Sebastian P. Brock, An Introduction to Syriac Studies (Gorgias Press); New Catholic Encyclopedia, “Severus of Antioch” (സേവേറിയോസിന്റെ രചനകൾ ഗ്രീക്കിൽ, സുറിയാനി പരിഭാഷയിൽ മാത്രം നിലനിൽക്കുന്നു).
1.2 “അന്ത്യോഖ്യൻ സ്കൂൾ” യഥാർത്ഥത്തിൽ ആരുടേതാണ്?
സഭാചരിത്രത്തിൽ “അന്ത്യോഖ്യൻ സ്കൂൾ” എന്നത് ഒരു നിശ്ചിത ദൈവശാസ്ത്ര ധാരയുടെ പേരാണ്. താർസൂസിലെ ദിയദോറോസ്, മോപ്സുവെസ്ത്യയിലെ തെയദോറോസ്, നെസ്തോറിയോസ് എന്നിവരാണ് അതിന്റെ പ്രധാന പ്രതിനിധികൾ. നെസ്തോറിയോസ് തെയദോറോസിന്റെ ശിഷ്യനായിരുന്നു. ഈ ധാരയെ അവകാശമാക്കിയത് സുറിയാനി ഓർത്തഡോക്സ് സഭയല്ല, പേർഷ്യയിലെ പൗരസ്ത്യ സഭയാണ് (Church of the East). 484-ലെ ഒരു പേർഷ്യൻ സുന്നഹദോസ് (ബേത് ലാപത്ത്) തെയദോറോസിനെ സത്യവിശ്വാസത്തിന്റെ കാവൽക്കാരനായി അംഗീകരിച്ചതായി പിൽക്കാല രേഖകൾ (605-ലെ സുന്നഹദോസ്) പറയുന്നു; ആ സഭ ഇന്നും അദ്ദേഹത്തെ “വ്യാഖ്യാതാവ്” (the Interpreter) എന്ന് ആദരിക്കുന്നു. എന്നാൽ 553-ലെ കുസ്തന്തീനോപ്പോലീസ് സുന്നഹദോസ് തെയദോറോസിനെ ശപിച്ചു; സിറിൽ പക്ഷത്തുള്ള സഭകൾ നെസ്തോറിയോസിനെ ശപിക്കുന്നു. സുറിയാനി ഓർത്തഡോക്സ് സഭ പിൽക്കാലത്ത് ദിയദോറോസിനെയും തെയദോറോസിനെയും കുറോസിലെ തെയദോറെത്തോസിനെയും കുറ്റംവിധിച്ചു. മറിച്ച്, പൗരസ്ത്യ (അസീറിയൻ) സഭ ഇന്നും തങ്ങളുടെ ആരാധനയിൽ നെസ്തോറിയോസിനെയും ദിയദോറോസിനെയും തെയദോറോസിനെയും സ്മരിക്കുന്നു.
ചുരുക്കത്തിൽ: ദൈവശാസ്ത്ര അർത്ഥത്തിലുള്ള “അന്ത്യോഖ്യൻ പാരമ്പര്യം” സുറിയാനി ഓർത്തഡോക്സ് സഭ ശപിച്ചുതള്ളിയ പാരമ്പര്യമാണ്. അവർ ഇന്ന് പുകഴ്ത്തുന്നത് ഒരു നഗരത്തിന്റെ പേര് മാത്രമാണ്, ആ നഗരത്തിന്റെ ദൈവശാസ്ത്രമല്ല.
ആധാരം: Encyclopaedia Britannica, “Theodore of Mopsuestia”; Catholic Encyclopedia, “Nestorius”; C. Nahra, “A Theological Exploration of the Chalcedonian Implications of 451 on the Syriac Churches” (Maronite Seminary, 2020), Ronald Roberson-നെ ഉദ്ധരിച്ച്; Gorgias Encyclopedic Dictionary of the Syriac Heritage (GEDSH), “Theodore of Mopsuestia” (553-ലെ ശാപം); R. A. Greer, Theodore of Mopsuestia: Exegete and Theologian (1961).
1.3 സുറിയാനി ഓർത്തഡോക്സ് വിശ്വാസത്തിന്റെ വേര് അലക്സന്ത്രിയയിൽ
ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ക്രിസ്തുശാസ്ത്രം — “ദൈവവചനത്തിന്റെ മനുഷ്യാവതാരം ചെയ്ത ഏക സ്വഭാവം” (mia physis) — അലക്സന്ത്രിയയിലെ വിശുദ്ധ സിറിലിന്റെ ഉപദേശമാണ്. അന്ത്യോഖ്യൻ ധാരയ്ക്കെതിരെ ആ ഉപദേശം നിലനിർത്തിയതാണ് ഈ സഭകളുടെ മുഴുവൻ ചരിത്രവും.
- മാർ സേവേറിയോസ് പഠിച്ചത് അലക്സന്ത്രിയയിലാണ് (പിന്നീട് ബെയ്റൂത്തിൽ നിയമപഠനം). അദ്ദേഹത്തിന്റെ കൃതികളിലൊന്നായ Philalethes (സത്യസ്നേഹി), സിറിലിനെ കൽക്കദോന്യ പക്ഷത്താക്കാൻ ശേഖരിച്ച് ചക്രവർത്തിക്ക് സമർപ്പിച്ച 244 ഉദ്ധരണികൾ സന്ദർഭം തെറ്റിച്ച് ഉപയോഗിച്ചതാണെന്ന് തെളിയിക്കുന്ന മറുപടിയാണ്; സിറിലിനെ അണുവിട തെറ്റാതെ പിന്തുടരുന്നുവെന്നതായിരുന്നു അദ്ദേഹത്തിന്റെ എല്ലാ രചനകളുടെയും അവകാശവാദം.
- 518-ൽ അന്ത്യോഖ്യയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ അഭയം നൽകിയത് അലക്സന്ത്രിയൻ പാത്രിയർക്കീസ് തിമോത്തിയോസ് ആണ് (സ്രോതസ്സുകൾ അദ്ദേഹത്തെ തിമോത്തിയോസ് മൂന്നാമൻ എന്നും നാലാമൻ എന്നും വ്യത്യസ്തമായി എണ്ണുന്നു). 538-ൽ ഈജിപ്തിലെ ക്സോയിസിൽ (സഖാ) വച്ചാണ് അദ്ദേഹം കാലം ചെയ്തത്. കോപ്റ്റിക് സഭ ഇന്നും (ഒക്ടോബർ 12) അദ്ദേഹത്തിന്റെ ഈജിപ്തിലേക്കുള്ള വരവ് ഓർമ്മിക്കുന്നു.
അന്ത്യോഖ്യ നഗരം കൈവിട്ടപ്പോൾ “അന്ത്യോഖ്യൻ പാത്രിയർക്കീസിനെ” സംരക്ഷിച്ചതും അദ്ദേഹത്തിന്റെ ശവകുടീരത്തിന് മണ്ണൊരുക്കിയതും അലക്സന്ത്രിയയാണ്.
ആധാരം: Encyclopaedia Britannica, “Severus of Antioch”; New Catholic Encyclopedia, “Severus of Antioch”; V. C. Samuel, The Council of Chalcedon Re-examined (CLS, Madras, 1977); P. Allen & C. T. R. Hayward, Severus of Antioch (Routledge, 2004).
1.4 “യാക്കോബായ” പരമ്പരയ്ക്ക് കൈവയ്പ്പ് നൽകിയത് അലക്സന്ത്രിയ
ആറാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ ചക്രവർത്തിയുടെ പീഡനകാലത്ത് കൽക്കദോന്യ വിരുദ്ധരുടെ മെത്രാൻ പരമ്പര ഏതാണ്ട് അറ്റുപോയിരുന്നു. ഗസ്സാനിദ് രാജാവ് ഹാരിഥിന്റെ അഭ്യർത്ഥന പ്രകാരം, തെയദോറാ ചക്രവർത്തിനിയുടെ ഇടപെടലിൽ, ഏകദേശം 542/543-ൽ കുസ്തന്തീനോപ്പോലീസിൽ വച്ച് യാക്കോബ് ബുർദ്ദാനയെ എദേസ്സയുടെ മെത്രാനായി രഹസ്യമായി അഭിഷേകം ചെയ്തു. അഭിഷേകം ചെയ്തത് അലക്സന്ത്രിയൻ പാത്രിയർക്കീസ് തെയദോസിയോസ് ആണ്.
ഈ യാക്കോബാണ് സിറിയയിലുടനീളം സഞ്ചരിച്ച് അനേകം പട്ടക്കാരെയും മെത്രാന്മാരെയും വാഴിച്ച് സുറിയാനി ഓർത്തഡോക്സ് ഹയരാർക്കിയെ പുനർജീവിപ്പിച്ചത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് “യാക്കോബായ” എന്ന വിളിപ്പേര് വന്നത്. ഇന്ന് “പത്രോസിൽ നിന്ന് തുടങ്ങുന്ന കോയമാരുടെ ശൃംഖല” എന്ന് പുകഴ്ത്തുന്ന പരമ്പര ആറാം നൂറ്റാണ്ടിൽ അറ്റുപോകാതിരുന്നത് അലക്സന്ത്രിയയുടെ കൈവയ്പ്പ് കൊണ്ടാണ്. ആ പേര് ഏറ്റെടുക്കുന്നവർ ആ ചരിത്രവും ഏറ്റെടുക്കേണ്ടി വരും.
ആധാരം: എഫേസൂസിലെ യോഹന്നാൻ, Lives of the Eastern Saints, അദ്ധ്യായം 49–50 (ed. E. W. Brooks, Patrologia Orientalis 18–19); W. H. C. Frend, The Rise of the Monophysite Movement (Cambridge University Press, 1972), പേ. 285–293; GEDSH, “Yaʿqub Burdʿoyo”; Volker Menze, Justinian and the Making of the Syrian Orthodox Church (Oxford University Press, 2008).
1.5 “അന്ത്യോഖ്യൻ” പാത്രിയർക്കീസ് അന്ത്യോഖ്യയിൽ ഇല്ലാതായിട്ട് പതിനഞ്ച് നൂറ്റാണ്ട്.
518-ൽ മാർ സേവേറിയോസ് പുറത്താക്കപ്പെട്ടതിനുശേഷം സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കാസനം ഒരിക്കലും സ്ഥിരമായി അന്ത്യോഖ്യയിൽ ഉണ്ടായിട്ടില്ല. പല സ്ഥലങ്ങളിൽ മാറിമാറി കഴിഞ്ഞ ശേഷം 1293 മുതൽ മാർദീനിനടുത്തുള്ള ദയറാ ദ്-മോർ ഹനന്യോ (കുങ്കുമ ദയറാ / ദയറുൽ സഫറാൻ) ആയിരുന്നു ആസ്ഥാനം. 1933-ൽ ഹോംസിലേക്കും 1959-ൽ ദമസ്കോസിലേക്കും മാറി (ചില സ്രോതസ്സുകൾ 1932, 1957 എന്നീ വർഷങ്ങൾ നൽകുന്നു). അതായത് “അന്ത്യോഖ്യ” ഇന്ന് ഒരു സ്ഥാനനാമമാണ്, ഭൂമിശാസ്ത്രമല്ല. സ്ഥാനനാമം കൊണ്ട് പാരമ്പര്യം അവകാശപ്പെടാമെങ്കിൽ, 629 മുതൽ നിലനിൽക്കുന്ന പൗരസ്ത്യ കാതോലിക്കായുടെ (മഫ്രിയാൻ) സ്ഥാനനാമത്തിനും പതിനാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് (ഭാഗം ഏഴ് കാണുക).
ആധാരം: Syriaca.org, “Dayr al-Zaʿfarān” (1293 മുതൽ ഒന്നാം ലോകമഹായുദ്ധം വരെ പാത്രിയർക്കാസനം); Syriac Orthodox Patriarchate, “The Patriarchate” (Source: The Hidden Pearl); Ignatius Aphram I Barsoum, The Scattered Pearls.
1.6 എഫേസൂസ് 431: അന്ത്യോഖ്യ നിന്നത് ഏത് പക്ഷത്ത്?
മൂന്ന് സാർവത്രിക സുന്നഹദോസുകളിൽ “ഇവരുടെ ഒരു സ്ഥാനിയും പങ്കെടുത്തിട്ടില്ല” എന്നാണ് കുറിപ്പിലെ വാദം. എങ്കിൽ ഓറിയന്റൽ ഓർത്തഡോക്സ് വിശ്വാസത്തിന്റെ ഏറ്റവും നിർണ്ണായകമായ സുന്നഹദോസിൽ അന്ത്യോഖ്യ എന്ത് ചെയ്തുവെന്ന് നോക്കാം.
431 ജൂൺ 22-ന് വിശുദ്ധ സിറിലിന്റെ അദ്ധ്യക്ഷതയിൽ സുന്നഹദോസ് നെസ്തോറിയോസിനെ മുടക്കി, പരിശുദ്ധ കന്യകയെ “ദൈവമാതാവ്” (തെയോതോക്കോസ്) എന്ന് പ്രഖ്യാപിച്ചു. ദിവസങ്ങൾക്ക് ശേഷം (ജൂൺ 26/27) എത്തിയ അന്ത്യോഖ്യൻ പാത്രിയർക്കീസ് യോഹന്നാൻ, 42-43 മെത്രാന്മാരെ കൂട്ടി ഒരു എതിർ സുന്നഹദോസ് നടത്തി, സിറിലിനെയും എഫേസൂസിലെ മെംനോനെയും മുടക്കി. ജൂലൈ 16-ന് സിറിലിന്റെ സുന്നഹദോസ് യോഹന്നാനെയും അനുയായികളെയും മുടക്കി. 433-ലെ “ഐക്യ ഫോർമുല” വഴിയാണ് പിന്നീട് യോഹന്നാൻ സിറിലുമായി രമ്യതയിലായത്.
അതായത് തെയോതോക്കോസ് വിശ്വാസം നിർവചിച്ച സുന്നഹദോസിനെതിരെ ദിവസങ്ങൾക്കകം എതിർ സുന്നഹദോസ് കൂടിയത് അന്ത്യോഖ്യൻ സിംഹാസനമാണ്. “സുന്നഹദോസിൽ ആര് ഉണ്ടായിരുന്നു” എന്ന മാനദണ്ഡം ഏറ്റവും വലിയ തിരിച്ചടിയാകുന്നത് അന്ത്യോഖ്യയ്ക്ക് തന്നെയാണ്.
ആധാരം: എഫേസൂസ് സുന്നഹദോസിന്റെ നടപടിരേഖകൾ (Mansi, Sacrorum Conciliorum Nova et Amplissima Collectio, vol. IV — “Acta Conciliabuli”); Philip Schaff, History of the Christian Church, vol. III, §138; New Catholic Encyclopedia, “Ephesus, Council of”; John A. McGuckin, St. Cyril of Alexandria: The Christological Controversy (Brill, 1994).
തുടരും …
ടോം അലക്സ്


