മനാമ: ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം നടത്തി. മൂന്ന് ദിവസത്തിനിടെ ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന രണ്ടാമത്തെ സൈനിക നീക്കമാണിത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) അയച്ച ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ ആകാശത്തുവെച്ച് നിർവീര്യമാക്കിയതായി ബഹ്‌റൈൻ പ്രതിരോധ സേനയും യു.എസ് സൈന്യവും വ്യക്തമാക്കി.
ആക്രമണത്തിൽ റഡാർ സംവിധാനം തകർത്തുവെന്ന ഇറാന്റെ അവകാശവാദം അമേരിക്ക നിഷേധിച്ചു. യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആക്രമണ ശ്രമങ്ങളെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് പ്രതിരോധം ശക്തമാക്കുമെന്നും ഇറാനാണ് ഇതിന്റെ ഉത്തരവാദിയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാന്റെ ഏഴ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി ബഹ്‌റൈൻ സൈന്യം വ്യക്തമാക്കി.
രാജ്യത്തിന് നേരെ ഇറാൻ തുടരുന്ന ശത്രുതാപരമായ നീക്കങ്ങളുടെ ഭാഗമാണിതെന്ന് പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അതീവ ജാഗ്രതയിലായിരുന്ന സൈന്യമാണ് ആക്രമണത്തെ പ്രതിരോധിച്ചത്. രാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിന്‍റെ എല്ലാ വിഭാഗങ്ങളും പൂർണ്ണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. മുൻകരുതലെന്ന നിലയിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ബാൽക്കണിയിൽ നിൽക്കരുതെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ബഹ്‌റൈനിലെ ആക്രമണ ശ്രമങ്ങൾക്ക് പിന്നാലെ യു.എസ് എംബസി പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ഭാഗത്തുനിന്നും ആക്രമണത്തിന് സാധ്യതയുണ്ടെന്നും, വിമാനങ്ങൾ റദ്ദാക്കാനും വ്യോമപാത അടയ്ക്കാനും സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ബഹ്‌റൈന് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നീക്കങ്ങൾ തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ മൈൻ ആക്രമണമുണ്ടായി തീപിടിച്ചതായും ഇറാൻ നാവികസേന അറിയിച്ചു. കപ്പലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. നാവിഗേഷൻ, ട്രാക്കിങ് സംവിധാനങ്ങൾ ഓഫാക്കിയ ശേഷം, ഇറാന്റെ അനുമതിയില്ലാതെ നിരോധിത തെക്കൻ പാതയിലൂടെ രഹസ്യമായി കടക്കാൻ ശ്രമിച്ച കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്ന് ഐ.ആർ.ജി.സി നാവികസേന വ്യക്തമാക്കി. ഇതിന് പിന്നാലെ അതേ പാതയിലൂടെ എത്തിയ മറ്റ് രണ്ട് കപ്പലുകൾ ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന് പിന്മാറി.
20 ലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണയുമായി സഞ്ചരിച്ചിരുന്ന കപ്പലാണ് വലിയ സ്ഫോടനത്തെ തുടർന്ന് പേർഷ്യൻ ഗൾഫിന്റെ തെക്കൻ ഭാഗത്ത് മുങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. കടലിൽ എണ്ണ ചോർച്ചയ്ക്കും മറ്റ് അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും മറ്റ് കപ്പലുകളും ഈ പാത ഒഴിവാക്കണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, റിയാദിന് നേരെയും കിഴക്കന്‍ പ്രവിശ്യക്ക് നേരെയും ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമം സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നിര്‍വീര്യമാക്കി. റിയാദിലേക്ക് വന്ന 2 ബാലിസ്റ്റിക് മിസൈലുകളും കിഴക്കന്‍ പ്രവിശ്യയിലേക്ക് എത്തിയ 3 ഡ്രോണുകളും തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
അമേരിക്ക ഏഴ് നിബന്ധനകള്‍ അംഗീകരിക്കണം; ഇല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍


