Sunday, November 15, 2026
Home » അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യയ്ക്ക് കിരീടം.
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യയ്ക്ക് കിരീടം.

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യയ്ക്ക് കിരീടം.

by Editor

അൽ അമീറത്ത്, ഒമാൻ: 2026 അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാരായി. ഒമാനിലെ അൽ അമീറത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന പന്തിൽ ബൗണ്ടറി നേടിയാണ് ഇന്ത്യ തങ്ങളുടെ ഒമ്പതാം കിരീടം സ്വന്തമാക്കിയത്.

338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും (80) ആര്യവീർ സെവാഗും (58) ചേർന്ന് ഒന്നാം വിക്കറ്റിൽ 95 റൺസിന്റെ മികച്ച തുടക്കം ആണ് നൽകിയത്. എന്നാൽ മധ്യനിര തകർന്നതോടെ 42-ാം ഓവറിൽ 252/8 എന്ന നിലയിലായിരുന്ന ഇന്ത്യയെ മനൽ ചൗഹാനും (47) മോഹിത് ഉൽവയും (26 പന്തിൽ പുറത്താകാതെ 49) ചേർന്ന് വിജയത്തിലേക്ക് നയിച്ചു. അവസാന പന്തിൽ ജയിക്കാൻ 3 റൺസ് വേണമെന്നിരിക്കെ, പാക്കിസ്ഥാൻ ബൗളർ അഹമ്മദ് ഹുസൈനെതിരെ ലോങ്ങ് ഓഫിലൂടെ ബൗണ്ടറി നേടി ഉൽവ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. അങ്ങനെ ‘ബോളറായ’ മോഹിത് ഉൽവ ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടചരിത്രത്തിൽ സ്വന്തം പേരെഴുതിച്ചേർത്തു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ഉസ്മാൻ ഖാൻ (107), അബ്ദുൾ ഖാദിർ (80), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (63) എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയ്ക്കായി കാവ്യ പട്ടേൽ 4 വിക്കറ്റും (4/68) ചിഗുരുപതി വെങ്കട 3 വിക്കറ്റും (3/40) വീഴ്ത്തി.

Send your news and Advertisements

You may also like

error: Content is protected !!