കൊച്ചി: സഭ ഐക്യത്തിനായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആഹ്വാനത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭയും യാക്കോബായ സഭയും. മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത ഓർത്തഡോക്സ് സഭ രാജ്യത്തെ നിയമവും 1934-ലെ സഭാ ഭരണഘടനയും അനുസരിച്ച് മാത്രമേ സമാധാന ചർച്ചകൾ മുന്നോട്ട് പോകാനാകൂ എന്ന് ആവർത്തിച്ചു. അതേസമയം നിലവിലെ സാഹചര്യത്തിൽ സഭാ ഐക്യം വിദൂരമാണെന്ന സൂചനയാണ് യാക്കോബായ വിഭാഗം നൽകുന്നത്.
സഭയിൽ സമാധാനത്തിനു അന്ത്യോഖ്യാ പാത്രിയാർക്കീസ് ബാവ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്തെത്തി സഭാ അധ്യക്ഷനുമായി ചർച്ചകൾക്ക് തയ്യാറാകുകയാണ് ആദ്യം വേണ്ടതെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. മുഖ്യമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്യുമ്പോൾ, സർക്കാർ അഭിഭാഷകർ കോടതിയിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ബോധിപ്പിക്കുന്നതെന്ന് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. ചർച്ചകൾ പോലും തുടങ്ങാതെ സമാധാന ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് കോടതിയെ അറിയിച്ചത് തെറ്റാണെന്നും, ഇത് സർക്കാരിന്റെ അറിവോടെയാണോ അതോ അഭിഭാഷകരുടെ താൽപ്പര്യപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചർച്ചകൾക്ക് സഭ എതിരല്ലെന്നും എന്നാൽ എല്ലാം മറന്ന് ശൂന്യതയിൽ നിന്നുള്ള ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഐക്യ ആഹ്വാനത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ, കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയാണ് ഓർത്തഡോക്സ് സഭയുടെ നിലപാടുകൾ വ്യക്തമാക്കിയത്. പാത്രിയാർക്കീസ് ബാവ കേരളത്തിൽ നിന്ന് മടങ്ങുന്നതിന് മുൻപ് 1934-ലെ സഭാ ഭരണഘടനയെക്കുറിച്ചുള്ള തന്റെ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും, മൈക്കിന് മുന്നിൽ നടത്തുന്ന പ്രസംഗങ്ങൾക്കപ്പുറം പ്രായോഗിക നടപടികൾ വേണമെന്നും സഭ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമവും 1995 -ലെയും 2017 -ലെയും സുപ്രീം കോടതി വിധികളും 1934-ലെ സഭാ ഭരണഘടനയും അംഗീകരിച്ചുകൊണ്ട് മാത്രമേ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് ഓർത്തഡോക്സ് സഭ ആവർത്തിച്ചു.
കോടതി വിധികൾ ലംഘിക്കുന്നവർക്ക് ഭരണകൂട സംവിധാനങ്ങൾ സംരക്ഷണം നൽകുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും സഭ വിമർശിച്ചു. മലങ്കര സഭയുടെ ഉടമസ്ഥതയിലുള്ള മണർകാട് സെന്റ് മേരീസ് പള്ളിയുൾപ്പടെയുള്ള ഇടങ്ങളിൽ മലങ്കര സഭ അധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവായുടെ അനുവാദമില്ലാതെ പാത്രിയാർക്കീസ് ബാവ പ്രവേശിക്കാനോ ശുശ്രൂഷകൾ നടത്താനോ ശ്രമിക്കുന്നത് നിയമലംഘനം ആണെന്നും സഭ വ്യക്തമാക്കി.
പുത്തൻകുരിശിൽ യാക്കോബായ സഭ നടത്തിയ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ്, കേരളത്തിലെ സഭകൾ ഒന്നിച്ചുനിൽക്കണമെന്നും സമാധാന ശ്രമങ്ങൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. സഭകൾ ഒന്നിച്ചുനിന്നാൽ എത്ര വലിയ ശക്തിയായി മാറുമെന്ന് എല്ലാവരും ചിന്തിച്ചുനോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമിച്ചു നിന്നാൽ ക്രിസ്തുവിന്റെ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാനും, കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും, സ്നേഹത്തിന്റെ വലിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭകൾ തമ്മിലുള്ള ഐക്യം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും അത് സംസ്ഥാനത്തിന്റെ വലിയ താൽപ്പര്യങ്ങൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹോദരങ്ങളെ ഒന്നിപ്പിക്കുക എന്ന ആഗ്രഹം സഫലമാക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും സ്വർഗ്ഗം പോലും ആഗ്രഹിക്കുന്നത് ആ ഒരുമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മുഖ്യമന്ത്രിയുടെ ആഹ്വാനം ചടങ്ങിലുള്ളവർ കയ്യടിച്ച് സ്വീകരിച്ചപ്പോൾ വേദിയിലുള്ളവർ മിണ്ടിയില്ലെന്ന് ഓർത്തഡോകസ് സഭ ചൂണ്ടിക്കാട്ടി. സമാധാന ആഹ്വാനം സ്വീകരിക്കാൻ കഴിയില്ലെന്ന തോന്നലാണ് അത് ഉണ്ടാക്കുന്നത്. സഭയിൽ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ദേവലോകത്തെ സഭാ ആസ്ഥാന വാതിൽ ചർച്ചകൾക്കായി തുറന്നിരിക്കുകയാണെന്നും കോട്ടയം ഭദ്രാസനാധിപൻ വ്യക്തമാക്കി.
അതേസമയം ഇന്ന് മണർകാട് പള്ളിയിൽ പാത്രിയാർക്കീസ് ബാവ കുർബാന അർപ്പിക്കുമെന്നായിരുന്നു യാക്കോബായ സഭയുടെ അറിയിപ്പ്. ഇതിനെ എതിർത്ത് ഓർത്തഡോക്സ് സഭ ഹൈക്കടോതിയെ സമീപിച്ചിരുന്നു. നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഹൈക്കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നത്തെ സന്ദർശനത്തിൽ പാത്രിയാർക്കീസ് ബാവ തീരുമാനമെടുക്കുമെന്നു യാക്കോബായ സഭ വ്യക്തമാക്കി.
ലയനത്തേക്കാൾ ഉപരിയായി രണ്ട് സഹോദര സഭകളായി സമാധാനത്തോടെ മുന്നോട്ട് പോകണമെന്നതും, കോടതി വിധികൾ മാറ്റിവെച്ചു തർക്കപരിഹാരത്തിന് നിയമനിർമ്മാണം വേണമെന്നതുമാണ് യാക്കോബായ സഭയുടെ പ്രധാന നിലപാട്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭരണപരവും അധികാരപരവുമായ തർക്കങ്ങൾ കാരണം, 1934-ലെ ഭരണഘടനയ്ക്ക് കീഴിൽ പൂർണ്ണമായി ലയിക്കുക എന്നത് പ്രായോഗികമല്ലെന്ന് അവർ കരുതുന്നു. വിശ്വാസപരമായി ഇരുവിഭാഗങ്ങളും ഒന്നാണെങ്കിലും, ഭരണപരമായി രണ്ട് സഹോദര സഭകളായി പരസ്പര ബഹുമാനത്തോടെയും സമാധാനത്തോടെയും നിലനിൽക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് യാക്കോബായ സഭയ്ക്കുള്ളത്. ചുരുക്കത്തിൽ സഭകൾ തമ്മിലുള്ള ഐക്യ ആഹ്വാനം പ്രഖ്യാപനത്തിന് അപ്പുറം യാഥാർത്ഥ്യത്തിലേക്ക് അടുക്കൽ വിദൂരമാണ് എന്നാണ് സൂചനകൾ.


