മക്ക മേഖലയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. 2026 നവംബർ 11 ബുധനാഴ്ച രാത്രിയോടെയുണ്ടായ ഈ ആക്രമണശ്രമത്തിൽ ആർക്കും പരിക്കേൽക്കുകയോ മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് സൗദി സിവിൽ ഡിഫൻസ് ഇന്ന് (വ്യാഴാഴ്ച) രാവിലെ ഔദ്യോഗികമായി അറിയിച്ചു.
ആകാശത്തുവെച്ച് തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക നഗരപരിധിക്ക് പുറത്തുള്ള രണ്ട് പ്രദേശങ്ങളിലാണ് വീണത്. മക്കയിലെ ഹറം പള്ളിയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ വടക്കുകിഴക്കുള്ള സബൂഹ ഗ്രാമത്തിലും, 21 കിലോമീറ്റർ കിഴക്കുള്ള വാദി അൽ മഗ്മസിലുമാണ് ഇവ പതിച്ചത്. അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സുരക്ഷാ നടപടികൾ സ്വീകരിച്ചു. മക്കയിലെ സാഹചര്യം പൂർണ്ണമായും ശാന്തവും സുരക്ഷിതവുമാണെന്നും തീർത്ഥാടകർക്കും താമസക്കാർക്കും യാതൊരു ആശങ്കയും വേണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മക്കയ്ക്ക് പുറമെ റിയാദ്, യാമ്പു, ഖമീസ് മുശൈത്ത്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. ആകെ അഞ്ച് മിസൈലുകളും രണ്ട് ഡ്രോണുകളും തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. അതേസമയം, വിശുദ്ധ നഗരങ്ങളെ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും സൗദിയിലെ സൈനിക, എണ്ണ കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നുമാണ് ഹൂതികളുടെ വാദം.
സൗദി സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും.
സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതോടെ സൗദിയിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന പ്രവാസികളും ഉംറ തീര്‍ഥാടകരും ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായി. ഇന്‍ഡിഗോയുടെ അറിയിപ്പനുസരിച്ച് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ നവംബര്‍ 21 വരെയും റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും ഉണ്ടാകില്ല. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സമാനമായ രീതിയില്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സർവീസുകളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ യാത്രക്കാരെ സമയബന്ധിതമായി അറിയിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചപ്പോഴും സൗദി വിമാനക്കമ്പനികൾ ജിദ്ദ, റിയാദ്, ദമാം റൂട്ടുകളിൽ സർവീസ് തുടരുന്നുണ്ട്. സൗദി എയർലൈൻസ് നവംബർ 16 മുതൽ കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഒമാൻ എയർ റിയാദിൽ നിന്നുള്ള സർവീസും പുനരാരംഭിച്ചിട്ടുണ്ട്. സര്‍വീസ് തുടരുന്ന വിദേശ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതും യാത്രക്കാരെ വലയ്‌ക്കുന്നു. നേരത്തെ 15,000 രൂപയുണ്ടായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 40,000 മുതല്‍ 50,000 രൂപ വരെ നല്‍കേണ്ടിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരക്ക് മൂന്നിരട്ടിയോളം വര്‍ധിച്ചതോടെ അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവരും സൗദിയിലേക്ക് മടങ്ങേണ്ടവരും വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്.


