പാരിസ്: വടക്കുകിഴക്കൻ ഫ്രാൻസിലെ പ്രശസ്തമായ ബസിലിക്ക ഓഫ് സെന്റ്-നിക്കോളാസ്-ഡി-പോർട്ടിൽ നിന്ന് വിശുദ്ധ നിക്കോളാസിന്റെ (സാന്താക്ലോസ്) തിരുശേഷിപ്പ് മോഷ്ടിച്ച് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 28-നാണ് ബസിലിക്കയിലെ ചാപ്പലിൽ പ്രദർശിപ്പിച്ചിരുന്ന തിരുശേഷിപ്പ് പേടകം മോഷണം പോയത്. ചില്ല് കൂട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഇടവക വികാരിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ വെച്ച് പിടികൂടി. ചില്ല് കൂട് തകർത്ത് തിരുശേഷിപ്പ് മോഷ്ടിച്ചതായും പിന്നീട് അസ്ഥിഭാഗങ്ങൾ കത്തിക്കുകയും പൊടിച്ചു നശിപ്പിക്കുകയും ചെയ്തതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. സാമ്പത്തിക ലാഭത്തിനല്ല, മറിച്ച് തിരുശേഷിപ്പ് വണങ്ങുന്നത് വിഗ്രഹാരാധനയാണെന്ന ചിന്തയിൽ നിന്നാണ് താൻ ഇത് നശിപ്പിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും നിയമപരമായി കുറ്റത്തിന് ഉത്തരവാദിയാണെന്നും വൈദ്യപരിശോധനയിൽ വ്യക്തമായതായാണ് റിപ്പോർട്ടുകൾ.
അതേസമയം, നശിപ്പിക്കപ്പെട്ടത് ബസിലിക്കയിലെ ചാപ്പലിൽ പ്രദർശിപ്പിച്ചിരുന്ന ചെറിയ അസ്ഥിഭാഗമാണെന്നും ബസിലിക്കയുടെ ട്രഷറിയിൽ അതീവ സുരക്ഷയോടെ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ നിക്കോളാസിന്റെ പ്രധാന തിരുശേഷിപ്പ് സുരക്ഷിതമാണെന്നും സഭാധികൃതർ അറിയിച്ചു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ നിക്കോളാസിന്റെ ജീവിതകഥകളിൽ നിന്നാണ് ലോകമെമ്പാടും ആഘോഷിക്കുന്ന ‘സാന്താക്ലോസ്’ എന്ന സങ്കൽപ്പം രൂപപ്പെട്ടത്.


