ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണിയെ തുടർന്ന് യുകെയിലെ മിൽഡൻ ഹാൾ (RAF Mildenhall) വ്യോമതാവളത്തിൽ നിന്ന് യുഎസ് സൈന്യം തങ്ങളുടെ വിമാനങ്ങൾ ഒഴിപ്പിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിൽഡൻ ഹാൾ വ്യോമതാവളത്തിലുണ്ടായിരുന്ന രണ്ട് യുഎസ് റീഫ്യൂവലിങ് ടാങ്കർ വിമാനങ്ങളും മറ്റ് ഏഴോളം സൈനിക വിമാനങ്ങളുമാണ് ജർമനിയിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും അടിയന്തരമായി മാറ്റിയത് എന്നാണ് റിപ്പോർട്ടുകൾ.
ഭീഷണിയെ തുടർന്ന് മിൽഡൻ ഹാൾ, ലേക്കൻഹീത് (RAF Lakenheath) എന്നീ വ്യോമതാവളങ്ങളിലെ സുരക്ഷാ നിലവാരം യുഎസ് സൈന്യം രണ്ടാമത്തെ ഉയർന്ന പ്രതിരോധ തലമായ ‘ഫോഴ്സ് പ്രൊട്ടക്ഷൻ കണ്ടീഷൻ ചാർലി’ (FPCON Charlie) ലേക്ക് ഉയർത്തിയിട്ടുണ്ട്. ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഇതാദ്യമായിട്ടല്ല ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽനിന്നും സുരക്ഷാ കാരണങ്ങളാൽ യുഎസ് വിമാനങ്ങൾ പിൻവലിക്കുന്നത്. കഴിഞ്ഞ മാസം ഇറാനുമായി ബന്ധമുള്ള സംഘത്തിന്റെ ഭീകരാക്രമണ സാധ്യതയെ തുടർന്ന് റോയൽ എയർഫോഴ്സ് (ആർഎഎഫ്) ഫെയർഫോർഡ് വ്യോമസേനാ താവളത്തിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ ബി-1 ബോംബർ വിമാനങ്ങൾ മാറ്റിയിരുന്നു. ബ്രിട്ടനിലെ വ്യോമകേന്ദ്രത്തിൽ നിന്ന് വിമാനങ്ങൾ നേരിട്ട് യുഎസിലെ സേനാ കേന്ദ്രങ്ങളിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്.
ബ്രിട്ടനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല സംഘടനകളുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഭീകരാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജൻസിന് വ്യക്തമായ സൂചനകൾ ലഭിച്ചു എന്നാണ് വിവരം. മിൽഡൻ ഹാൾ താവളത്തിൽ ഉണ്ടായിരുന്നത് യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന വലിയ റീഫ്യൂവലിങ് ടാങ്കർ വിമാനങ്ങളാണ്. വലിപ്പം കൂടിയ ഇത്തരം വിമാനങ്ങൾക്ക് ചുറ്റളവ് കൂടിയ സൈനിക താവളങ്ങളിൽ പെട്ടെന്ന് സുരക്ഷയൊരുക്കുക ബുദ്ധിമുട്ടാണ് എന്നതിനാലും, ഇവ എളുപ്പത്തിൽ ലക്ഷ്യം വെക്കാവുന്നവ ആയതിനാലുമാണ് മുൻകരുതലായി ഇവയെ ജർമനിയിലേക്ക് മാറ്റിയത്.
ഇറാന് മേൽ ആക്രമണം നടത്താൻ അമേരിക്ക ഉപയോഗിക്കുന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തങ്ങളുടെ നിയമാനുസൃതമായ ലക്ഷ്യങ്ങളായിരിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് (IRGC) നേരത്തെ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.
താവളങ്ങൾ അതീവ സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോഴും, ഇറാനിൽ നിന്നുള്ള ഭീഷണികൾ കാരണം യുഎസ് തങ്ങളുടെ വിമാനങ്ങൾ പെട്ടെന്ന് മാറ്റുന്നത് ശത്രുരാജ്യങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയേക്കുമോ എന്ന ആശങ്ക യുകെ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർക്കുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ “മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് ഞങ്ങൾ സാധാരണയായി പ്രതികരിക്കാറില്ല. പ്രവർത്തനപരമായ ആവശ്യങ്ങൾക്കനുസരിച്ച് വിമാനങ്ങളും മറ്റ് ആസ്തികളും താവളങ്ങൾ മാറാറുണ്ട്” എന്ന പൊതുവായ വിശദീകരണമാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വക്താവ് നൽകിയത്


