ന്യൂ ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (SOM) വനിതാ പ്രതിനിധി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് പരാജയം. മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ് ഒന്നാം സ്ഥാനം നേടി. നിലവിലെ അധ്യക്ഷ പി.ടി ഉഷയ്‌ക്ക് ഇതോടെ അടുത്ത തവണ ഐഒഎ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവസരവും നഷ്ടമായി.
നാല് സ്ഥാനങ്ങളിലേക്കായി ആറ് മുന്‍ വനിതാ കായികതാരങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ 53 വോട്ടുകള്‍ നേടിയ അഞ്ജു ബോബി ജോര്‍ജ് ഒന്നാമതെത്തി. മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍ 50 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. മുന്‍ അമ്പെയ്‌ത്ത് താരം ഡോള ബാനര്‍ജി 45 വോട്ടുകളും ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ 43 വോട്ടുകളും നേടി തിരഞ്ഞെടുക്കപ്പെട്ടു. 40 വോട്ടുകള്‍ മാത്രമാണ് പി.ടി ഉഷയ്‌ക്ക് ലഭിച്ചത്. ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ അത്‌ലറ്റ് അനിത പോള്‍ ദുരൈ ആറ് വോട്ടുകളുമായി അവസാന സ്ഥാനത്തായി.
സ്‌പോര്‍ട്‌സ് പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ ഐഒഎ അധ്യക്ഷ സ്ഥാനത്തേക്കുള്ള ജനറല്‍ ബോഡി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂ. അതിനാല്‍ ഈ തിരഞ്ഞെടുപ്പിലെ പരാജയം പി.ടി ഉഷയുടെ തുടര്‍ അധ്യക്ഷ സ്ഥാനമോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.ടി. ഉഷയും ന്യൂ ഭാരത് പാനലും തമ്മിൽ തർക്കം നിലനിന്നിരുന്നു. തന്നെ പരാജയപ്പെടുത്താൻ സംഘടിത നീക്കം നടക്കുന്നുവെന്നും ന്യൂ ഭാരത് പാനൽ വാട്സാപ്പിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നും ഉഷ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഭരണാധികാരികൾക്ക് പരാതിയും നൽകിയിരുന്നു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ച് എതിർപക്ഷം പ്രചാരണം നടത്തിയെന്ന ആരോപണങ്ങൾക്കിടെയാണ് വോട്ടെടുപ്പ് നടന്നത്.
ആദ്യമായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും വോട്ടർമാരുടെ തീരുമാനം മാനിക്കുന്നുവെന്നും അഞ്ജു ബോബി ജോർജ് പ്രതികരിച്ചു. ഡിസംബർ അഞ്ചിന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി.


