നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മാധ്യമലോകത്ത് വാക്കുകൾകൊണ്ടും പ്രവർത്തനംകൊണ്ടും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി.ആർ. സുമേരന്റെ കിരീടത്തിലേക്ക് അർഹിച്ച മറ്റൊരു പൊൻതൂവൽ കൂടി. മലയാളത്തിലെ ആദ്യ 24×7 സിനിമാ ന്യൂസ് & എന്റർടൈൻമെന്റ് ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷനായ (IPTV) ‘പുലരി ടിവി‘ ഏർപ്പെടുത്തിയ നാലാമത് അന്താരാഷ്ട്ര പുലരി ടിവി പുരസ്കാരത്തിൽ മികച്ച പി.ആർ.ഒ. (Public Relations Officer) ആയി പി.ആർ. സുമേരൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ റ്റി.എസ്. സുരേഷ് ബാബു ചെയർമാനും, ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖരായ വഞ്ചിയൂർ പ്രവീൺ കുമാർ, സംവിധായകൻ സി.വി. പ്രേംകുമാർ, നർത്തകിയും നടിയുമായ സിതാര ബാലകൃഷ്ണൻ, ചലച്ചിത്ര പി.ആർ.ഒയും ജേർണലിസ്റ്റുമായ അജയ് തുണ്ടത്തിൽ എന്നിവർ അംഗങ്ങളായുള്ള വിദഗ്ധ സമിതിയാണ് പി.ആർ. സുമേരനെ തിരഞ്ഞെടുത്തത്.
‘കല്യാണ മരം’ എന്ന ചിത്രത്തിന്റെ മികവുറ്റ വാർത്താപ്രചാരണത്തിനൊപ്പം, മലയാള സിനിമാ രംഗത്ത് കാൽനൂറ്റാണ്ടുകാലമായി സുമേരൻ നൽകി വരുന്ന ബഹുമുഖ സംഭാവനകളെക്കൂടി മുൻനിർത്തിയാണ് അവാർഡ് ജൂറി ഈ വലിയ ആദരവിന് സുമേരനെ തിരഞ്ഞെടുത്തത്.
ഒരു സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പി.ആർ.ഒ. ചുമതലയിൽ മാത്രമല്ല ഇദ്ദേഹത്തിന്റെ സർഗ്ഗാത്മകത പ്രകടമാകുന്നത്. സിനിമയെക്കുറിച്ചുള്ള ആഴത്തിലുള്ള എഴുത്തുകൾ, ശ്രദ്ധേയമായ സിനിമാ ഫീച്ചറുകൾ, ചലച്ചിത്രരംഗത്തെ പ്രതിഭകളുമായി നടത്തിയ അർത്ഥവത്തായ അഭിമുഖങ്ങൾ തുടങ്ങി ചലച്ചിത്ര മാധ്യമലോകത്ത് ഇദ്ദേഹം അർപ്പിച്ച നിരന്തരമായ സമർപ്പണത്തിന് ലഭിച്ച അർഹമായ അംഗീകാരമാണ് ഈ പുരസ്കാരം.
പത്രപ്രവർത്തനത്തിൽ നിന്ന് തുടങ്ങി സിനിമയുടെ പിന്നണി പ്രചാരണരംഗത്തും സാംസ്കാരിക മണ്ഡലത്തിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ച പി.ആർ. സുമേരന് ലഭിച്ച ഈ പുരസ്കാരം, സർഗ്ഗാത്മക യാത്രയുടെ അംഗീകാരമാണ്. സുമേരന്റെ കഠിനാധ്വാനത്തിനും അക്ഷരങ്ങളോടും കലയോടുമുള്ള അടങ്ങാത്ത പ്രണയത്തിനും ലഭിച്ച മകുടോദാഹരണമാണിത്.
തുടർച്ചയായ 250-ലേറെ സിനിമകളുടെ പി.ആർ.ഒ. പ്രവർത്തനങ്ങൾക്കും നിരന്തരമായ സാംസ്കാരിക ഇടപെടലുകൾക്കുമിടയിൽ ലഭിച്ച ഈ അംഗീകാരം, വരുംകാലങ്ങളിലെ അദ്ദേഹത്തിന്റെ സർഗ്ഗാത്മക പ്രയാണത്തിന് ഇരട്ടി മധുരവും വലിയൊരു പ്രചോദനവുമാകും എന്നതിൽ സംശയമില്ല.
വർഷങ്ങൾക്കു മുൻപ് അക്ഷരങ്ങളുടെ ആഴക്കടലിലേക്ക് എടുത്തുചാടിയ ഒരു ചെറുപ്പക്കാരൻ, കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ അടയാളപ്പെടുത്തുന്നത് ഒരു വ്യക്തിയുടെ മാത്രം വളർച്ചയല്ല; മറിച്ച് മാധ്യമ-സിനിമാ രംഗങ്ങളിലെ സജീവമായ ഒരു ചരിത്രരേഖയെത്തന്നെയാണ്. പത്രപ്രവർത്തകൻ, ചലച്ചിത്ര പി.ആർ.ഒ., അഭിമുഖകാരൻ, സംവിധായകൻ, എഴുത്തുകാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗ്ഗാത്മക വ്യക്തിത്വമാണ് സുമേരൻ.
അക്ഷരങ്ങളോട് പ്രണയം തോന്നിയ നാൾ മുതൽ വാർത്തകളുടെ ലോകത്ത് സുമേരൻ സജീവമാണ്. മാധ്യമം, തേജസ്, ജനയുഗം എന്നീ പ്രമുഖ ദിനപത്രങ്ങളുടെ കൊച്ചി ബ്യൂറോകളിൽ റിപ്പോർട്ടറായി പ്രവർത്തിച്ച് വാർത്തകളുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന ഇദ്ദേഹത്തിന്റെ പത്രപ്രവർത്തന മികവ് സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് പദവിയിലേക്കുള്ള വഴിതുറന്നു.
കേവലം വാർത്ത റിപ്പോർട്ട് ചെയ്യലിൽ ഒതുങ്ങുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ ചിന്തകൾ. കന്യകയിൽ സീനിയർ സബ് എഡിറ്ററായും, കേരള കൗമുദിയുടെ ചലച്ചിത്ര പ്രസിദ്ധീകരണമായ ‘ഫ്ലാഷ് മൂവീസിൽ‘ സീനിയർ റിപ്പോർട്ടറായും പ്രവർത്തിച്ച അനുഭവസമ്പത്ത്, വരികൾക്കിടയിലെ സൗന്ദര്യത്തെയും സിനിമയുടെ പിന്നാമ്പുറങ്ങളെയും സൂക്ഷ്മമായി വീക്ഷിക്കാൻ അദ്ദേഹത്തിന് കരുത്തേകി.
ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘തീറ്റ റപ്പായി’ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമാ പി.ആർ.ഒ. (Public Relations Officer) രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് കണ്ടത് സമാനതകളില്ലാത്ത ഒരു യാത്രയായിരുന്നു. ഇന്ന് 250-ഓളം സിനിമകളുടെ പ്രചാരണച്ചുമതല ഇദ്ദേഹം നിർവഹിച്ചുകഴിഞ്ഞു.
ദേശീയ അവാർഡ് ജേതാക്കളായ ടി.വി. ചന്ദ്രൻ, പ്രിയനന്ദനൻ, സിദ്ധാർത്ഥ് ശിവ, മനോജ് കാന തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെയും ഒട്ടനവധി നവാഗതരുടെയും ചിത്രങ്ങൾക്ക് ജനശ്രദ്ധ നേടിക്കൊടുക്കുന്നതിൽ സുമേരന്റെ പങ്ക് വലുതാണ്. മലയാളം എന്ന അതിർവരമ്പുകൾ കടന്ന് തമിഴ്, മറാത്തി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാചിത്രങ്ങളിലേക്കും നിരവധി ഹ്രസ്വചിത്രങ്ങളിലേക്കും സുമേരന്റെ പ്രവർത്തനമേഖല വളർന്നു. റിലീസിനൊരുങ്ങുന്ന നിരവധി ചിത്രങ്ങളുടെ പ്രചാരണപ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്.
ഒരു നല്ല മാധ്യമപ്രവർത്തകൻ നല്ലൊരു ശ്രോതാവുകൂടിയാണ്. അത് തെളിയിക്കുന്നതാണ് സുമേരന്റെ അഭിമുഖങ്ങൾ. ചലച്ചിത്രലോകത്തെ വിവിധ മേഖലകളിലെ പ്രതിഭകളായ 750-ലധികം ആളുകളെ അഭിമുഖം നടത്തുകയും അവരെക്കുറിച്ച് മനോഹരമായ ഫീച്ചറുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നൂറിലധികം പ്രമുഖരുടെ ചിന്തകളെ പൊതുസമൂഹത്തിന് മുന്നിലെത്തിക്കാനും സുമേരന് കഴിഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ദളിത് ചിന്തകൻ കെ.എം. സലിംകുമാറുമായി നടത്തിയ അഭിമുഖവും, ജനശക്തി വാരികയിൽ ഡോ. എം. ലീലാവതി, വി.എസ്. അച്യുതാനന്ദൻ, പ്രൊഫ. എം.കെ. സാനു എന്നിവരുമായി നടത്തിയ ആഴത്തിലുള്ള സംഭാഷണങ്ങളും കേരളീയ പൊതുമണ്ഡലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ശബ്ദമാകാൻ ഇദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. ആദിവാസി-ദളിത്-മനുഷ്യാവകാശ പോരാട്ടങ്ങളെക്കുറിച്ചുള്ള ആധികാരികമായ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ സുമേരനിലെ മാധ്യമപ്രവർത്തകൻ എന്നും മുന്നിലുണ്ടായിരുന്നു.
ആനുകാലികങ്ങളിൽ കവിതകൾ എഴുതിക്കൊണ്ട് സാഹിത്യലോകത്തും സ്വന്തമായൊരിടം സുമേരൻ കണ്ടെത്തി. ‘അരണി കടഞ്ഞെടുത്ത അഗ്നി’, ‘തോന്ന്യാക്ഷരങ്ങൾ’ എന്നീ പുസ്തകങ്ങളുടെ പ്രസാധകനായും നിരവധി സുവനീറുകളുടെ പത്രാധിപരായും അദ്ദേഹം തന്റെ സാഹിത്യമുദ്ര പതിപ്പിച്ചു.
അക്ഷരങ്ങളിൽ മാത്രമല്ല, ദൃശ്യമാധ്യമങ്ങളിലും ഇദ്ദേഹത്തിന്റെ സർഗ്ഗാത്മകത തെളിഞ്ഞുനിന്നു. വിവിധ ഓൺലൈൻ ചാനലുകളിൽ എഡിറ്ററായി പ്രവർത്തിച്ച പരിചയസമ്പത്തോടെ, വിവിധ വിഷയങ്ങളിൽ ഡോക്യുമെന്ററികൾക്ക് തിരക്കഥയും സംവിധാനവും ഒരുക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും വികസന വീഡിയോകൾക്കും പരസ്യങ്ങൾക്കും ദൃശ്യാവിഷ്കാരം നൽകാനും സുമേരന് സാധിച്ചു.
മലയാള ചലച്ചിത്രമേഖലയിലെ പ്രമുഖ സംഘടനകളായ ‘ഫെഫ്ക’ (FEFKA) പി.ആർ.ഒ. യൂണിയൻ നിർവാഹക സമിതി അംഗം, ‘മാക്ട’ (MACTA) അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ട് സഹപ്രവർത്തകരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന മികച്ചൊരു സംഘാടകൻ കൂടിയാണ് സുമേരൻ.
അക്ഷരങ്ങളെ പ്രാണനായി കണ്ട്, സിനിമയെ ജീവിതത്തോടു ചേർത്തുപിടിച്ച്, മാധ്യമപ്രവർത്തനത്തിന്റെ സൽശീലങ്ങളും ചലച്ചിത്രലോകത്തെ ക്രിയാത്മക ഇടപെടലുകളും ഒരുപോലെ ഒത്തിണക്കിയ പി.ആർ. സുമേരന്റെ സർഗ്ഗാത്മക പ്രയാണം കലയെയും സമൂഹത്തെയും സ്നേഹിക്കുന്ന വരുംതലമുറയിലെ മാധ്യമപ്രവർത്തകർക്കും ചലച്ചിത്രപ്രേമികൾക്കും എന്നും ഒരു വഴികാട്ടിയായിരിക്കും. സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകളും അക്ഷരങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അദ്ദേഹം നടത്തുന്ന നിരന്തരമായ അന്വേഷണങ്ങളും ആ വ്യക്തിത്വത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
– ജോയ് കെ. മാത്യു


