Monday, November 2, 2026
Home » അർണാബിന് പിന്നാലെ മുറസു; ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്‌നാട്, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം.
അർണാബിന് പിന്നാലെ മുറസു; ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്‌നാട്, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം.

അർണാബിന് പിന്നാലെ മുറസു; ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്‌നാട്, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം.

by Editor

ചെന്നൈ: അർണാബ് ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശിൽ നാശം വിതച്ച് ഒരാഴ്ച തികയുന്നതിന് മുൻപ് ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടു. തീവ്ര ചുഴലിക്കാറ്റായി മാറിയ മുറസു, നവംബർ 3-ാം തീയതി പുലർച്ചെയോടെ ആന്ധ്രാപ്രദേശ് തീരത്ത് (നെല്ലൂരിനും നർസാപൂരിനും ഇടയിൽ) കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്‌നാട്, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ ആഞ്ഞടിക്കാൻ സാധ്യതയുള്ള കാറ്റിന്റെ വേഗത ചിലപ്പോൾ 120 കിലോമീറ്റർ വരെ ഉയർന്നേക്കാം എന്നാണ് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടലിൽ പോയവർ ഉടൻ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തീരദേശ ആന്ധ്രയിൽ അതിതീവ്ര മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. റായലസീമയിലും തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. ഒഡീഷയിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. നവംബർ 3 ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 6 വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്.

അർണാബ് അതിതീവ്ര ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ഇന്ത്യയുടെ കിഴക്കൻ തീരത്ത്, പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലും ഒഡീഷയിലും കനത്ത നാശനഷ്ടമാണ് വിതച്ചത്. അർണാബ് ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം ഒഡീഷയിൽ ഒരു ലക്ഷത്തിലേറെ ആളുകളെ ബാധിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ ഭീഷണി എത്തുന്നത്. ദക്ഷിണ ഒഡീഷയിൽ നവംബർ 4 വരെ മഴ തുടരുമെന്നാണ് അറിയിപ്പ്.

അർണാബ് ചുഴലിക്കാനെ തുടർന്ന് ആന്ധ്രാപ്രദേശിൽ 7 മുതൽ 8 വരെ മരണങ്ങളും, ഒഡീഷയിൽ ഉരുൾപൊട്ടലിലും പ്രളയത്തിലും പെട്ട് 6 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തിലധികം ആളുകളെ ഒഡീഷയിൽ കാണാതായിട്ടുമുണ്ട്. ആന്ധ്രാപ്രദേശിൽ മാത്രം ഏകദേശം 4,600 കോടിയിലധികം രൂപയുടെ (₹4,764 കോടി) പ്രാഥമിക നഷ്ടമാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിലയിരുത്തിയത്. ആന്ധ്രാപ്രദേശിൽ കോനസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിലായി നെല്ല്, വാഴ, തെങ്ങ്, പപ്പായ തോട്ടങ്ങൾ ഉൾപ്പെടെ 2.24 ലക്ഷത്തിലധികം ഹെക്ടറിലെ കൃഷി നശിച്ചു. ഇത് 3.45 ലക്ഷത്തിലധികം കർഷകരെ നേരിട്ട് ബാധിച്ചു.

ഒഡീഷയിൽ 75,388 ഹെക്ടറിലെ കൃഷിയെ പ്രളയം ബാധിച്ചു. തീരദേശ ജില്ലകളിൽ ദിവസങ്ങളോളം വൈദ്യുതി, മൊബൈൽ കണക്റ്റിവിറ്റികൾ പൂർണ്ണമായി തടസ്സപ്പെട്ടു. ആന്ധ്രയിലും ഒഡീഷയിലുമായി ആയിരക്കണക്കിന് വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചു. ഒഡീഷയിലെ ഒരു മലയോര ഗ്രാമം (ഗിഡിപബാലി) ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. മുൻകൂട്ടി കണ്ട് 1,80,000-ത്തിലധികം ആളുകളെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയതിനാലാണ് വൻ ദുരന്തം ഒഴിവാക്കാനായത്. നിലവിൽ കേന്ദ്രസംഘങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ നാശനഷ്ടം നേരിട്ട് വിലയിരുത്തി വരികയാണ്.

Send your news and Advertisements

You may also like

error: Content is protected !!