Saturday, October 31, 2026
Home » ഇന്ത്യ സെൻസസ് 2027: ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിൽ വീട് കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ.
2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

ഇന്ത്യ സെൻസസ് 2027: ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിൽ വീട് കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ.

by Editor

ന്യൂ ഡൽഹി: 2027 ലെ ഭാരതത്തിന്റെ ജനസംഖ്യാ സെൻസസ് (Census 2027) സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു. ഇതനുസരിച്ച് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വീടുകൾ കയറിയുള്ള രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പ് 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ് നടക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ആദ്യമായി നൽകും. പൊതുജനങ്ങൾക്ക് ഓൺലൈൻ പോർട്ടൽ വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ജനുവരി 10 മുതൽ ജനുവരി 24 വരെ ഉണ്ടായിരിക്കും. വിട്ടുപോയ വിവരങ്ങൾ പരിശോധിക്കുന്നതിനായുള്ള റൗണ്ട് മാർച്ച് 1 മുതൽ മാർച്ച് 5 വരെ നടക്കും. 2027 മാർച്ച് 1 അർധരാത്രി 12 മണി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ജനസംഖ്യ കണക്കാക്കുക.

സ്വാതന്ത്ര്യാനന്തരം, 1931-ന് ശേഷം ആദ്യമായി ജാതി അധിഷ്ഠിത വിവര ശേഖരണം (പട്ടികജാതി/പട്ടികവർഗ്ഗം ഒഴികെയുള്ള ജാതികൾ കൂടി) ഈ സെൻസസിന്റെ ഭാഗമായി ഉണ്ടാകും. ഡിജിറ്റൽ സാക്ഷരത, കോവിഡ് വാക്സിനേഷൻ, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ 13 പുതിയ ചോദ്യങ്ങൾ ഉൾപ്പെടെ ആകെ 40 ചോദ്യങ്ങൾ വിവരശേഖരണത്തിന്റെ ഭാഗമായി ചോദിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നടപടികൾ നേരത്തെ (2026 നവംബർ 16 മുതൽ 2027 ജനുവരി 5 വരെ) പൂർത്തിയാക്കും. ക്രമസമാധാന പ്രശ്നങ്ങളുള്ള മണിപ്പൂർ, മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളായ ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിൽ ഈ സമയക്രമം ബാധകമല്ല. ഇവിടുത്തെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

സെൻസസ് നടപടികൾ സാധാരണയായി രണ്ട് ഘട്ടങ്ങളായാണ് (Two Phases) പൂർത്തിയാക്കുന്നത്. സെൻസസിന്റെ ഒന്നാം ഘട്ടമായ ‘ഹൗസ്‌ലിസ്റ്റിംഗും ഭവന സെൻസസും’ രാജ്യത്തുടനീളം പൂർത്തിയായിക്കഴിഞ്ഞു. 2026 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ ഉള്ള സമയത്താണ് ഒന്നാം ഘട്ട വിവരശേഖരണം നടന്നത്. കേരളം ഉൾപ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയായിട്ടുണ്ട്. ആഭ്യന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിൽ മാത്രമാണ് ഒന്നാം ഘട്ട നടപടികൾ താൽക്കാലികമായി മാറ്റിവെച്ചത്. ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായതിനെത്തുടർന്നാണ്, രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പിന്റെ തീയതികൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!