Thursday, October 29, 2026
Home » സുഡാനിലെ മാർക്കറ്റിൽ സൈന്യത്തിന്റെ ആക്രമണം: നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടു.
സുഡാനിൽ വംശഹത്യ.

സുഡാനിലെ മാർക്കറ്റിൽ സൈന്യത്തിന്റെ ആക്രമണം: നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടു.

by Editor

ന്യാല, സുഡാൻ: ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സുഡാനിൽ, സൈന്യം നടത്തിയ മാരകമായ ഡ്രോൺ ആക്രമണത്തിൽ നൂറിലധികം സാധാരണക്കാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ സുഡാനിലെ സൗത്ത് ഡാർഫർ പ്രവിശ്യയുടെ തലസ്ഥാനമായ ന്യാലയിലെ (Nyala) തിരക്കേറിയ ഒരു മാർക്കറ്റിലാണ് ഈ ഭീകരമായ ആക്രമണം നടന്നത്.

കൊല്ലപ്പെട്ടവരിലും, പരിക്കേറ്റ 113-ലധികം ആളുകളിലും ഭൂരിഭാഗവും ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലെത്തിയ സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെക്കൊണ്ട് പ്രദേശത്തെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമവും വൈദ്യുതി തടസ്സവും കാരണം മെഡിക്കൽ സംഘങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. അന്താരാഷ്ട്ര മെഡിക്കൽ ചാരിറ്റിയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (MSF) തങ്ങളുടെ ആശുപത്രിയിൽ 36 മൃതദേഹങ്ങൾ എത്തിയതായും 150-ഓളം പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകുന്നതായും സ്ഥിരീകരിച്ചു.

അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (RSF) നിയന്ത്രണത്തിലുള്ള ടാൻകോങ് മാർക്കറ്റിലാണ് തിങ്കളാഴ്ച വൈകിട്ടോടെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സുഡാൻ ഔദ്യോഗിക സൈന്യമാണെന്ന് (SAF) മനുഷ്യാവകാശ സംഘടനയായ എമർജൻസി ലോയേഴ്സും RSF-ഉം ആരോപിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് RSF ആവശ്യപ്പെട്ടിട്ടുണ്ട്.

2023 ഏപ്രിൽ മാസത്തിലാണ് സുഡാൻ ഔദ്യോഗിക സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ അധികാര തർക്കത്തെ തുടർന്ന് ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. സമീപകാലത്തായി ഇരുവിഭാഗങ്ങളും ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള വിവേചനരഹിതമായ ഇത്തരം വ്യോമാക്രമണങ്ങൾ കടുത്ത യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു

Send your news and Advertisements

You may also like

error: Content is protected !!