Thursday, October 29, 2026
Home » ചോദ്യം ചോദിക്കപ്പെടുക തന്നെ ചെയ്യും ‘S.I.R’ – കൈയടിക്കെടാ മല്ലയാ!
ജന്തർ മന്തർ സീസൺ II - ഭാഗം 1: അപ്പുക്കുട്ടനും കുട്ടപ്പായിയും തമ്മിൽ

ചോദ്യം ചോദിക്കപ്പെടുക തന്നെ ചെയ്യും ‘S.I.R’ – കൈയടിക്കെടാ മല്ലയാ!

ജന്തർ മന്തർ സീസൺ II - ഭാഗം 1: അപ്പുക്കുട്ടനും കുട്ടപ്പായിയും തമ്മിൽ

by Editor

ചായക്കടയിലെ ബെഞ്ചിലിരുന്ന് ടിവിയിലേക്കു നോക്കി അപ്പുക്കുട്ടൻ നിർത്താതെ കൈയടിക്കുകയാണ്.
അങ്ങോട്ടു കയറിവന്ന കുട്ടപ്പായി ഒന്നു പകച്ചുനിന്നു.
“ഇതെന്തോന്നാ അണ്ണാ? അണ്ണൻ രാവിലെ വികാരഭരിതനാണല്ലോ. ..”
“കാര്യമുണ്ടെടാ. നീ ഇരി, ഒരു ചായ പറയാം.”
“കൂടെ കടിക്കാൻ ഒന്നുമില്ലേ അണ്ണാ?”
“ഞാൻ പറയണത് കേട്ട് നീ താന്നെ കടിച്ചോളും.”
“ആ, എന്നാ പറ.”
“കുട്ടൂ, കഴിഞ്ഞ സീസണിൽ നമ്മള് ഒരു ചോദ്യം ചോദിച്ചാരുന്നല്ലോ, ‘എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജിവയ്ക്കണ്ടേ, മല്ലയാ?’.
അത് നമ്മുടെ ഖാർഗെജി ഏറ്റെടുത്തു ഉടനെ പത്രസമ്മേളനം ഒക്കെ വിളിച്ചു. പക്ഷേ ഒരു ചിന്ന ട്വിസ്റ്റ്;
“പുള്ളിക്ക് മുഖ്യമന്ത്രിമാര് രാജിവച്ചാൽ പോരാ, നമ്മുടെ ‘ജി’മാരും കൂടെ രാജിവയ്ക്കണമത്രേ”.
“ഏതു ‘ജി’മാര്?”
“എടാ, രാജ്യം ഭരിക്കുന്ന നമ്മുടെ രണ്ടു ‘ജി’മാര്. മോദിജിയും അമിത് ഷാജിയും. വേറെ ആര്?”

***********
ടിവിയിൽ പിന്നേം ബ്രേക്കിങ്. .. മൂന്നേ മൂന്നക്ഷരം. S I R.
കുട്ടപ്പായി ചായ ഊതിക്കുടിക്കുന്നതിനിടെ പറഞ്ഞു:
“അണ്ണോ, കഴിഞ്ഞ തവണ ഒരു ‘സർ’ വിട്ടുപോയതിന് എന്നെ എന്തോരം ചീത്ത വിളിച്ചു! ഇപ്പൊ നോക്കിയേ, നാട്ടില് മൊത്തം സാറാ!”
“പൊട്ടാ, അത് സാറല്ല. എസ്.ഐ.ആർ., സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. വോട്ടർ പട്ടിക ഒന്ന് അരിച്ചുപെറുക്കുന്ന പരിപാടിയാ. മരിച്ചുപോയോരും നാടുവിട്ടോരും ഒരേ സമയം രണ്ടു മണ്ഡലത്തിൽ ജീവിക്കുന്നോരും ഒക്കെ പട്ടികേന്ന് അങ്ങ് പുറത്താകും.”

കുട്ടപ്പായി ഞെട്ടി.
ജനാധിപത്യസ്നേഹിയായ കുമ്പിടി….
“അയ്യോ! അപ്പൊ നമ്മുടെ കുമ്പിടീടെ വോട്ടോ?”
“ഏതു കുമ്പിടി?”
“നന്ദനത്തിലെ കുമ്പിടിയെ അറിയത്തില്ലേ അണ്ണാ? ഒരേ സമയം പല സ്ഥലത്ത് പൊങ്ങുന്ന സ്വാമി. നമ്മുടെ പ്രകാശേട്ടനെ ഇപ്പൊ നാട്ടുകാര് അങ്ങനാ വിളിക്കുന്നെ. ഇത്രേം വലിയ ജനാധിപത്യസ്നേഹി വേറെ ആരൊണ്ട്? ഒറ്റ വോട്ടുകൊണ്ട് പുള്ളിക്ക് തൃപ്തിയാവത്തില്ല. മൂന്നു സംസ്ഥാനത്തായി നാലു പട്ടികയിൽ പേരുണ്ടെന്നാ കേസ്!”
“ദേ ഡാ, അവനല്ലേ ലവൻ? ടിവിയില്!”
“ഞാൻ പറഞ്ഞില്ലേ, കുമ്പിടിയാ കുമ്പിടി! പറഞ്ഞു തീരുന്നേനു മുമ്പേ ടിവിക്കകത്ത് കേറി!”

സ്ക്രീനിൽ പ്രകാശ് രാജിന്റെ ഒരു വീഡിയോ. SIR കഴിഞ്ഞപ്പോ ബെംഗളൂരുവിൽ പേര് വെട്ടിപ്പോയ കോടിയിലധികം പേരിൽ താനുമുണ്ടത്രേ. അതും ജനിച്ച മണ്ഡലത്തിൽ നിന്ന്.
“നമ്മുടെ ജയറാമേട്ടൻ ജനിച്ചത് പോലെ ആണോ അണ്ണാ. ..”
“അതെന്താടാ ഇവിടെ ജയറാമേട്ടന് കാര്യം” കൗതുകത്തോടെ അപുക്കുട്ടൻ ചോദിച്ചു.
അത് അണ്ണന് അറിയില്ലേ? നമ്മുടെ ജയരാമേട്ടൻ തമിഴ് നാട്ടിൽ വരുമ്പോൾ കുമ്പകൊന്നത് ജനിക്കും കേരളീത്തിൽ ചെല്ലുമ്പോൾ പാലക്കാട്. പിന്നെ കളിച്ചു വളർന്ന അമ്പലങ്ങൾ തമിഴ്നാട്ടിലും ഉണ്ട് അങ്ങ് കേരളത്തിലും ഉണ്ടെട്ടോ…”
“അഹ് പോട്ടെ നമ്മുടെ വിഷയത്തിലേക്കു വരാം, ശെ ആ ഫ്ലോ അങ്ങ് പോയി നിന്റെ ഒരു ജയറാമേട്ടൻ.”

“ദേ അവിടെയും കണ്ടു ഇവിടെയും കണ്ടു. ……..“ അപ്പുക്കുട്ടൻ ചിരിച്ചു.
“മുഖം ഓർമ്മയുണ്ടെടാ. നാലു കാർഡിലും ഇതേ മുഖമാണെന്നല്ലേ പരാതി. തമാശ തന്നെയാ, പക്ഷേ അതിന്റെ ബാക്കി പുള്ളി പറഞ്ഞില്ല. ബെംഗളൂരു ശാന്തിനഗറിൽ ഒന്ന്, ചെന്നൈ വേളാച്ചേരിയിൽ രണ്ട്, ഹൈദരാബാദിനടുത്ത് സെരിലിംഗംപള്ളിയിൽ ഒന്ന്. മൊത്തം നാലു പട്ടികയിൽ പേരുണ്ടെന്നു പറഞ്ഞ് ഒരു വക്കീലാ കേസ് കൊടുത്തത്. സമൻസ് പലവട്ടം അയച്ചു, ആള് ഹാജരായില്ല. അവസാനം ജാമ്യമില്ലാ വാറണ്ട് വന്നപ്പോ നേരിട്ട് കോടതിയിൽ ചെന്നു. ജാമ്യത്തിന് കെട്ടിവെക്കാൻ പറഞ്ഞത് നാലായിരം രൂപ. കാർഡൊന്നിന് ആയിരം വെച്ച്!”

“ഹോ! അപ്പൊ ഇതിനാണോ ‘ഒരാൾക്ക് ഒരു വോട്ട്‘ എന്നു പറയുന്നെ?”
“അതൊക്കെ നമ്മളെപ്പോലുള്ള സാധാരണക്കാർക്ക്. സിനിമാക്കാർക്ക് ഡബിൾ റോളും ട്രിപ്പിൾ റോളും ഒക്കെ ശീലമല്ലേ, വോട്ടർ പട്ടികേലും ഒരു അതുക്കും മേലെ റോൾ. തമിഴ്നാട്ടിലെ പേര് നേരത്തേ സറണ്ടർ ചെയ്തതാന്നാ പുള്ളീടെ വക്കീൽ കോടതിയിൽ പറഞ്ഞത്. സറണ്ടർ ചെയ്യണേൽ ആദ്യം ഒരെണ്ണം കൈയിൽ വേണമല്ലോ!”

“എന്നിട്ട് ബെംഗളൂരുവിലെ പേര് വെട്ടിയതിന് കമ്മീഷൻ എന്താ പറയുന്നെ?”
“BLO വീട്ടിൽ ചെന്നു നോക്കി. അയൽക്കാരോടും ഫ്ലാറ്റിന്റെ ഉടമയോടും ചോദിച്ചു. നാലു കൊല്ലമായി ആള് അവിടെ താമസമില്ല, ഇപ്പൊ വേറെ വാടകക്കാരാ. പുള്ളിയോടു നേരിട്ട് ചോദിച്ചപ്പോ പുള്ളിയും അതു സമ്മതിച്ചെന്നാ ഉദ്യോഗസ്ഥര് പറയുന്നെ.”
“ജനിച്ചെടത്ത് പേരുണ്ട്, താമസിക്കുന്നെടത്ത് ആളില്ല! അളിയാ, ദൃശ്യത്തിലെ ജോർജുകുട്ടി ആഗസ്റ്റ് രണ്ടിന് എവിടാരുന്നെന്ന് പറഞ്ഞെ. …
“അങ്ങ് പാരെപള്ളിയിലെ ധ്യാനത്തിന് അണ്ണാ “
പുള്ളിയും വല്ലോ ധ്യാനത്തിന് പോയതാകും അണ്ണാ. നമ്മൾ എന്തിനാ എഴുതാപ്പുറം വായിക്കുന്നെ.
“ഒക്ടോബറിൽ പുള്ളി പിന്നേം മൈക്കെടുത്തു. നമ്മുടെ വോട്ടുകൾ എടുത്തുകളയാൻ ഇവരാരാ എന്ന്. ‘വോട്ടുകൾ’ എന്നാ പറഞ്ഞെ, ബഹുവചനം! പുള്ളിക്ക് അത് വെറും വ്യാകരണമല്ലെടാ, അനുഭവമാ!”

കുട്ടപ്പായി തലയിൽ കൈവെച്ചു.
“നാലിടത്ത് പേരുണ്ടെന്ന് കേസുള്ള ആള്, താമസമില്ലാത്തിടത്തെ ഒരെണ്ണം പോയപ്പോ ‘ജനാധിപത്യം മരിച്ചേ’ എന്ന് നെലവിളി!”
“ഇതാടാ ഇവരുടെ ‘വോട്ട് ചോരി’. ഒന്നിൽ കൂടുതൽ കൈയിലുണ്ടെന്ന് പരാതിയുള്ളോന്റെ ഒരെണ്ണം പോയാ അത് മോഷണം… ഒന്നുപോലും കിട്ടാതെ ക്യൂവിൽ നിക്കുന്ന പാവത്തിന്റെ കാര്യം ആർക്കും അറിയണ്ട… ഉള്ളോന് പിന്നേം കൊടുക്കും, ഇല്ലാത്തോന്റെ ഉള്ളതും പോകും.”
ആമേൻ എന്ന് പറയടാ കുട്ടു..
“ആമേൻ അണ്ണാ …”
“വീഡിയോ വന്ന പാടേ നേതാക്കന്മാര് അതങ്ങ് ഏറ്റുപിടിച്ചല്ലോ അളിയാ.”
“കാള പെറ്റെന്നു കേട്ടപ്പോ കയറെടുത്തു. ആരാ പെറ്റത്, എന്താ പെറ്റത്, ഒന്നും നോക്കണ്ട. മടിയിൽ കനമില്ലാത്തോന് വഴിയിൽ പേടിക്കണ്ടല്ലോ. പിന്നെന്തിനാ പട്ടിക അരിക്കുമ്പോ ഇത്ര വെപ്രാളം?”

*********************
കേൾക്കണോ പ്രിയ കൂട്ടരേ; S.I.R പുതുക്കി തിരഞ്ഞെടുക്കപ്പെട്ട എല്ലാം മുഖ്യന്മാരും രാജിവയ്ക്കണമത്രേ. അപ്പോ പിന്നെ നുമ്മ കേരളം മുതലേ അങ്ങ് തുടങ്ങുവല്ലേ! അയ്യയോ അങ്ങനെ പറഞ്ഞൂടാ പിന്നെ ആകെപാടെ നുമ്മ കൈയിൽ ഉള്ള 2-3 സംസ്ഥാനം കൂടെ അങ്ങ് പോവില്ലേ! പിന്നെ നുമ്മ എങ്ങനെ ഭരിക്കും കുട്ടു“
അല്ല അണ്ണാ ഈ ഖാർഗ് ജി ക്ക് എന്താ സുഖമില്ലേ?

അപ്പുമോന്റെ പത്രസമ്മേളനം എന്നാ അറിയിപ്പുമായി ബിഗ് സ്‌ക്രീനിൽ ഉടൻ.
“അണ്ണാ, ദേ ക്ലാസ് തുടങ്ങാൻ പോണു!” എന്ന് കുട്ടപ്പായി
അപ്പുക്കുട്ടൻ എണീറ്റു.
“ആ ക്ലാസിന് ഒരു ചായ കൊണ്ടൊന്നും തികയത്തില്ലഡാ ഉവേ. നീ പിന്നെ വാ.
അല്ലേലും. ..
ചിലതൊക്കെ കേൾക്കാനും പറയാനുമായി. ഉണ്ട് ..
പാക് ലാം
വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം അണ്ണാ.
ജയ് ഹിന്ദ്

ടോം അലക്സ്

“അപ്പൊ എന്തൊക്കെ പറഞ്ഞാലും മുഖ്യ ‘മന്ത്രി’ രാജിവയ്ക്കണ്ടേ മല്ലയ“!

Send your news and Advertisements

You may also like

error: Content is protected !!