Thursday, October 1, 2026
Home » ക്ഷമയില്ലാതെ എന്ത് ക്ഷമത ?
ക്ഷമയില്ലാതെ എന്ത് ക്ഷമത ?

ക്ഷമയില്ലാതെ എന്ത് ക്ഷമത ?

by Editor

അസഹിഷ്ണുത എവിടെയും മുഖമുദ്രയാകാൻ തുടങ്ങിയ നമ്മുടെ കാലത്ത് ആസ്വാദനക്ഷമത എന്നത് അതിൻ്റെ യഥാർത്ഥത്തിൽ വളരെ അപൂർവമാകാൻ തുടങ്ങിയിട്ടുണ്ട് . ആവിഷ്കാരം പ്രകടനപരമോ ധ്വന്യാത്‌മകമോ ആകട്ടെ അതിൻ്റെ സൗന്ദര്യത്തിൽ മുഴുകാനും പോരായ്മകളിൽ നെറ്റി ചുളിയാനും ആദ്യം വേണ്ടത് അതിനെ ഒന്ന് പരിഗണിക്കാനുള്ള ശ്രദ്ധയും സാവകാശവുമാണ്. ഒന്ന് ഇരുന്ന് തിന്നാൻ വരെ ക്ഷമയില്ലാത്തവർക്ക് ഭക്ഷണം പോലും ആസ്വദിച്ച് കഴിക്കാൻ കഴിയില്ല . പിന്നെയാണോ കലയും സാഹിത്യവും ? കാലത്തിനൊത്ത് കോലം എന്ന മട്ടിൽ ആവിഷ്‌കാരങ്ങൾ വാലു മുറിഞ്ഞ കുറുക്കനെപ്പോലെ ഇതാണിപ്പോൾ ട്രൻ്റ് എന്നൊക്കെ പറഞ്ഞ് റീലുകളിലും ഏഐയിലും അഭിരമിക്കുകയാണ്.

നൃത്തം, സംഗീതം, അഭിനയം എന്നിവയുടെ ശാസ്ത്രീയ ചിട്ടവട്ടങ്ങൾ ക്ഷമയോടെ പരിശീലിക്കാനുള്ള ആസ്വാദനക്ഷമതയൊന്നും പണ്ടും ആൾക്കൂട്ടത്തിനുണ്ടായിരുന്നില്ല. എന്നാലും ജനസാമാന്യത്തിന് ബോധിക്കുന്ന ഏറെ പ്രചാരമുള്ള ഭാഷയിൽ പറഞ്ഞാൽ ജനപ്രിയത എന്ന നിലയ്‌ക്കും മിനിമം ചില കലാമൂല്യങ്ങൾ അനിവാര്യമായിരുന്നു. മികച്ച എഴുത്തുകാരും സിനിമാക്കാരും നാടകക്കാരും പാട്ടുകാരും അവരുടെ കലയിൽ നിലയുറപ്പിച്ചു കൊണ്ട് സമൂഹത്തോട് സംവദിക്കുന്നതിൽ വിജയിച്ചിരുന്നു. അഥവാ അവരുടെ ആവിഷ്‌കാരങ്ങളെ തിരിച്ചറിയാനുള്ള ഒരു ക്ഷമത ആസ്വാദകപക്ഷത്തിനുണ്ടായിരുന്നു. അത്തരം ആസ്വാദകരുടെ എണ്ണം കലാവിഷ്കാരങ്ങളുടെ എല്ലാ മണ്ഡലത്തിലും ഗണ്യമായി കുറയുകയാണ്. പുതിയ കലാപ്രവർത്തകർക്ക് മറ്റുള്ളവരുടെ കല ആസ്വദിക്കാനുള്ള ക്ഷമത വളരെ കുറവാണ്. പുതിയ എഴുത്തുകാർക്ക് മറ്റുള്ളവരെ വായിക്കാനുള്ള ക്ഷമതയും കുറവാണ്. ആത്മരതിയുടെയും സെൽഫ് മാർക്കറ്റിങ്ങിൻ്റെയും താണ്ഡവമാണിപ്പോൾ നടക്കുന്നത്. ഇതൊക്കെ കാണാനും കേൾക്കാനുമുള്ള ക്ഷമ സമൂഹത്തിന്
നശിച്ചു പോയിട്ടുണ്ടെങ്കിൽ അതിന് നമ്മൾ സമൂഹത്തെ മാത്രമായിട്ട് കുറ്റം പറഞ്ഞിട്ട് കാര്യവുമില്ലല്ലോ.

മികച്ച ആസ്വാദനം ഒരു കലാസൃഷ്‌ടി തന്നെയാണ് എന്നൊന്നും പറഞ്ഞാൽ മനസ്സിലാകുന്ന കലാന്തരീക്ഷം ഇന്ന് മലയാളത്തിലില്ല. മികച്ച സൃഷ്‌ടി പോലും ഒരു കലാസൃഷ്‌ടിയാവുന്നില്ല എന്നതാണ് പുതിയ വൈപരീത്യം.

വായനയും ശ്രവണവുമൊക്കെ സജീവമായ കാലത്തെ ആസ്വാദനനിലവാരം അവയെയൊക്കെ പാർശ്വവൽക്കരിച്ച് തിമർത്താടുന്ന ഈ കാഴ്ച്ചക്കാലത്തിനില്ല. പുസ്തകങ്ങളും റേഡിയോയും ക്ഷമാപൂർവമുള്ള ആസ്വാദനം നിർബന്ധമായും ആവശ്യപ്പെടുന്നു. ആ ക്ഷമത ശീലിച്ചവരുടെ സിനിമ കാണലും ഗൗരവപൂർണമായിരുന്നു. രചനയിലും സംവിധാനത്തിലുമൊക്കെ നല്ല ചലച്ചിത്രകാരന്മാരെ പ്രതീക്ഷിക്കുന്ന ആ മുഖ്യധാര ഇന്ന് നഷ്‌ടമായി. കാഴ്ച്ചക്കാലം എല്ലാത്തിൻ്റെയും ഗൗരവം കുറച്ചു എന്നതാണ് ടീവി ആസ്വാദന ലോകത്തിന് ദുർഭാവന ചെയ്ത പ്രധാന കാര്യം. അതാണ് ജെൻസീറീൽസിലും ഏ ഐ മ്യൂസിക്കിലും വന്നെത്തി നിൽക്കുന്നത്.

ചീത്തക്കാലത്തും കവിതകളുണ്ടാവും, ചീത്തക്കാലത്തിൻ്റെ കവിതകൾ എന്ന് ലാറ്റിനമേരിക്കൻ നെരൂദ പറഞ്ഞതു കൊണ്ട് വായിക്കുന്നതെല്ലാം കവിതയാണെന്നും കാണുന്നതെല്ലാം സിനിമയാണെന്നും സമ്മതിച്ചു കൊടുക്കണമെന്ന് വച്ചാൽ, കുറച്ച് പാടാണ്. ജീവിതത്തിന് വേഗം കൂടിയിട്ടുണ്ട് എന്നതിനാൽ ഓടിക്കൊണ്ട് ഭക്ഷണം കഴിക്കണം, നടന്നു കൊണ്ട് മൂത്രമൊഴിക്കണം എന്നൊന്നും ആവശ്യപ്പെടരുത്. വേഗത കൂടിയ കാലത്ത് വേഗത കൂടിയ ആസ്വാദനം എന്ന് ന്യായീകരിക്കുന്നവർ ഒരു കാര്യം ഓർക്കുക – ഇപ്പോഴും നമ്മുടെയൊക്കെ ഹൃദയം മിടിക്കുന്നത് പഴയ അതേ താളത്തിലാണ്. ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും ഹൃദയത്തിൻ്റെ അഭാവമുണ്ട് . ഈ കാലത്ത് ചാറ്റ് ജീ പീടി തന്നെയാണ് ഏറ്റവും വലിയ കലാ സാഹിത്യ സ്രഷ്‌ടാവ്. ഫോണിൽ ജീവിക്കുന്നവർ ഏറ്റവും വലിയ ആസ്വാദകരും. ക്ഷമയില്ലാത്തവർക്ക് സംഗമിക്കാനുള്ള ഇടം. ഒരേ തൂവൽ മലയാളികൾ ഒരേ റീലിൽ രസിക്കുന്നു.

പ്രകാശൻ കരിവെള്ളൂർ

Send your news and Advertisements

You may also like

error: Content is protected !!