അമൂർ: റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തുപ്പൊലേവ് തു-95 (Tu-95) തന്ത്രപ്രധാന ബോംബർ വിമാനം തകർന്നു വീണ് ആറ് സൈനികർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ഏഴ് ജീവനക്കാരിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. റഷ്യയുടെ കിഴക്കൻ പ്രവിശ്യയായ അമൂർ (Amur) മേഖലയിൽ പതിവ് പരിശീലന പറക്കലിനിടെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
വിമാനത്തിന് തകരാർ സംഭവിച്ചയുടൻ പൈലറ്റുമാർ ജനവാസ മേഖലയിൽ നിന്നും വിമാനത്തിന്റെ ഗതി മാറ്റിവിട്ടു. തുടർന്ന് ക്രാസ്നോയറോവോ (Krasnoyarovo) ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. ഇതിനാൽ വൻ ദുരന്തം ഒഴിവായി. പതിവ് പരിശീലന ദൗത്യത്തിലായിരുന്ന വിമാനത്തിൽ അപകടസമയത്ത് മറ്റ് ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഉണ്ടായിരുന്നില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശീതയുദ്ധ കാലം മുതൽ റഷ്യൻ വ്യോമസേനയുടെ ഒരു പ്രധാന ശക്തികേന്ദ്രമാണ് നാല് എഞ്ചിനുകളുള്ള ഈ Tu-95 ടർബോപ്രോപ് ബോംബർ വിമാനങ്ങൾ. സംഭവത്തെക്കുറിച്ച് റഷ്യൻ വ്യോമസേനയുടെ പ്രത്യേക സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശവും പോരാട്ടവും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വന്തം അതിർത്തിക്കുള്ളിൽ ഇത്തരമൊരു വ്യോമാപകടം സംഭവിച്ചിരിക്കുന്നത് റഷ്യയ്ക്ക് തിരിച്ചടിയാണ്. ശീതയുദ്ധ കാലം മുതൽ സേവനത്തിലുള്ള ഈ യുദ്ധവിമാനത്തെ യുക്രെയ്നെതിരെ സാധാരണ ക്രൂയിസ് മിസൈലുകൾ തൊടുക്കുന്നതിനായി റഷ്യൻ സൈന്യം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. 2025 ജൂണിൽ യുക്രെയ്ൻ നടത്തിയ സ്പൈഡർവെബ് ഓപ്പറേഷനിൽ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ വ്യോമസേനയുടെ നിരവധി ടിയു 95 വിമാനങ്ങൾ തകർക്കുകയും തകരാറിലാക്കുകയും ചെയ്തിരുന്നു.
യുക്രയ്ൻ റഷ്യ യുദ്ധം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റഷ്യൻ സേന യുക്രയ്ൻ തലസ്ഥാനമായ കീവിലും ഒഡെസ, ഡിനിപ്രോ തുടങ്ങിയ നഗരങ്ങളിലും 124-ലധികം ഡ്രോണുകൾ ഉപയോഗിച്ച് ശക്തമായ വ്യോമാക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ രാജ്യത്തുടനീളം 9 പേർ കൊല്ലപ്പെടുകയും 80-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കീവിലെ ചരിത്രപ്രസിദ്ധമായ ‘നാഷണൽ അക്കാദമി ഓഫ് സയൻസസ്’ കെട്ടിടത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. റഷ്യൻ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് യുക്രയ്നിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാണ ശാലകൾ പൂർണ്ണമായും അടച്ചുപൂട്ടി. ഇതോടൊപ്പം വൈദ്യുതി നിലയങ്ങൾ തകർന്നതുമൂലം യുക്രയ്നിലെ പല നഗരങ്ങളിലും കടുത്ത ഊർജ്ജ പ്രതിസന്ധി തുടരുകയാണ്
യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുമെന്ന സൂചന നൽകിക്കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തങ്ങളുടെ സൈന്യത്തിന്റെ എണ്ണം വീണ്ടും വർദ്ധിപ്പിക്കാൻ ഉത്തരവിട്ടു. കൂടാതെ 2027-ലേക്കുള്ള റഷ്യയുടെ പ്രതിരോധ ബജറ്റ് വിഹിതം 27 ശതമാനമായി വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
റഷ്യൻ സൈന്യത്തെ സഹായിക്കാൻ കൂടുതൽ ഉത്തരകൊറിയൻ സൈനികർ റഷ്യയിൽ എത്തുന്നതായി യുക്രയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. റഷ്യൻ പക്ഷത്തുനിന്ന് യുദ്ധം ചെയ്യുന്നതിനിടെ യുക്രയ്ൻ സൈന്യത്തിന്റെ പിടിയിലായ രണ്ട് ഉത്തരകൊറിയൻ യുദ്ധത്തടവുകാരെ യുക്രയ്ൻ ദക്ഷിണ കൊറിയയ്ക്ക് കൈമാറി.
അതിനിടെ യുക്രയ്ന് തദ്ദേശീയമായി ‘പാട്രിയറ്റ്’ (Patriot) വ്യോമപ്രതിരോധ മിസൈലുകൾ നിർമ്മിക്കാനുള്ള അനുമതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയതായി യുക്രയ്ൻ സ്ഥിരീകരിച്ചു.

