Friday, November 20, 2026
Home » 2035-ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്‌ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസി
2035-ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്‌ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസി

2035-ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്‌ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസി

by Editor

വാഷിങ്ടൺ: അമേരിക്കയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്റർ (Pew Research Center) പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് പ്രകാരം, 2035-ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്‌ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറും. 201 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ജനസംഖ്യാ കണക്കുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക വ്യാപകമായി ക്രിസ്ത്യൻ ജനസംഖ്യയിലും വർധന തുടരുമെങ്കിലും മുസ്ലിം ജനസംഖ്യാ വർധനവിനെ അപേക്ഷിച്ച് കുറവായിരിക്കും. മറ്റ് മേഖലകളെ അപേക്ഷിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലാണ് ജനസംഖ്യയിൽ കാര്യമായ വർധനയുണ്ടാകുക.

2020-ൽ ആഗോളതലത്തിൽ ക്രിസ്ത്യൻ ജനസംഖ്യ 227 കോടിയും (2.27 ബില്യൺ) മുസ്ലിം ജനസംഖ്യ 202 കോടിയും (2.02 ബില്യൺ) ആയിരുന്നു. എന്നാൽ 2035 ആകുമ്പോഴേക്കും മുസ്ലിം ജനസംഖ്യ 257 കോടിയായും (2.57 ബില്യൺ), ക്രിസ്ത്യൻ ജനസംഖ്യ 252 കോടിയായും (2.52 ബില്യൺ) മാറുമെന്ന് പഠനം വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ പ്രവണതകൾ തുടരുകയാണെങ്കിൽ 2070-ഓടെ ലോകത്തെ മുസ്ലിം ജനസംഖ്യ 360 കോടി (3.6 ബില്യൺ) കവിയും. ഇത് ആഗോള ജനസംഖ്യയുടെ 36 ശതമാനത്തോളം വരും. ഇതേ കാലയളവിൽ ക്രിസ്ത്യൻ ജനസംഖ്യ ഏകദേശം 300 കോടിക്ക് (3 ബില്യൺ) തൊട്ടുതാഴെയായിരിക്കും (ആഗോള ജനസംഖ്യയുടെ 29 ശതമാനം).

2070-ഓടെ ഇന്തോനേഷ്യയെ മറികടന്ന് പാക്കിസ്ഥാൻ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി മാറും (ഏകദേശം 46.1 കോടി). ഇന്ത്യ (ഏകദേശം 33.4 കോടി), നൈജീരിയ എന്നിവയായിരിക്കും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മതപരിവർത്തനത്തേക്കാൾ ഉയർന്ന ജനന നിരക്കാണ് ജനസംഖ്യാ മാറ്റത്തിന് പ്രധാന കാരണമാകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020-നും 2025-നും ഇടയിൽ മുസ്ലിം സ്ത്രീകളിലെ ശരാശരി ജനന നിരക്ക് 3.1 ഉം ക്രൈസ്‌തവ സ്ത്രീകളുടേത് 2.5 ഉം ആയിരുന്നു. എന്നാൽ മറ്റ് വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകളുടെ ശരാശരി ജനന നിരക്ക് 1.6 മാത്രമാണ്. ജനന നിരക്ക് നിലനിൽക്കാൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ കുറവാണിത്.

യൂറോപ്പിലെ ജനസംഖ്യ 2070 ഓടെ 17 ശതമാനം കുറയും. ഇവിടെ ക്രൈസ്‌തവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞ് 50.5 കോടിയിൽ നിന്ന് 32.4 കോടിയാകും. അതേസമയം, യൂറോപ്പിൽ മുസ്ലിം ജനവിഭാഗം ആറ് ശതമാനത്തിൽ നിന്ന് 13 ശതമാനമായി ഉയരും. വരും ദശകങ്ങളിൽ ബുദ്ധ മതക്കാരുടെ ആകെ എണ്ണത്തിലും ലോക ജനസംഖ്യയിലെ അവരുടെ അനുപാതത്തിലും ഗണ്യമായ കുറവുണ്ടാകും. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലുണ്ടാകുന്ന ജനസംഖ്യാ കുറവാണ് ഇതിന് പ്രധാന കാരണം.

ഹിന്ദു മതവിഭാഗത്തിൻ്റെ ആഗോള ജനസംഖ്യാ വിഹിതത്തിൽ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുക്കളുടെ ആകെ എണ്ണത്തിൽ വർധനവുണ്ടാകുമെങ്കിലും ലോക ജനസംഖ്യയിലെ ശതമാനക്കണക്കിൽ നേരിയ കുറവുണ്ടാകും. എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദു ജനസംഖ്യയിൽ ഏറ്റവും വലിയ വർധനവുണ്ടാകുന്നത് ഇന്ത്യയിലായിരിക്കുമെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് വിദേശരാജ്യങ്ങളിലാണ് വളർച്ചാ നിരക്ക് കൂടുതൽ വേഗത്തിലാവുക.

ജൂത ജനസംഖ്യയിലും സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ആകെ ജൂത ജനസംഖ്യയുടെ 62 ശതമാനവും ഇസ്രയേലിൽ ജീവിക്കുന്നവരാകും. 2020-ൽ ഇത് 46 ശതമാനമായിരുന്നു. ബഹായികൾ, താവോയിസ്റ്റുകൾ, ജൈനന്മാർ, സിഖുകാർ, ഗോത്ര-നാടോടി മത വിശ്വാസികൾ എന്നിവരുൾപ്പെടെയുള്ള മറ്റ് എല്ലാ മത വിഭാഗങ്ങളുടെയും ആകെ എണ്ണത്തിൽ നേരിയ വർധനവുണ്ടാകുമെങ്കിലും 2070 ഓടെ ഇവരുടെ ആഗോള അനുപാതം രണ്ട് ശതമാനത്തിലും താഴെയായി ചുരുങ്ങും. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ അനുപാതത്തിൽ വലിയ ഇടിവുണ്ടാകും. 2020-ൽ ലോക ജനസംഖ്യയുടെ 24 ശതമാനമായിരുന്നത് 2070-ൽ 17 ശതമാനമായി കുറയും.

2020-നും 2070-നും ഇടയിൽ ആഗോള ജനസംഖ്യ 29 ശതമാനം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോക ജനസംഖ്യാ വളർച്ചയുടെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിലാണ്, പ്രത്യേകിച്ച് സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ. 2070-ഓടെ ലോക ജനസംഖ്യയുടെ നാലിലൊന്നിലധികവും ജീവിക്കുന്നത് ഈ മേഖലയിലായിരിക്കും. നിലവിൽ ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളും ക്രിസ്‌തു മതത്തിലോ ഇസ്ലാം മതത്തിലോ വിശ്വസിക്കുന്നവരാണ്. ഇവിടുത്തെ ഉയർന്ന ജനന നിരക്കും ആയുർ ദൈർഘ്യത്തിലെ വർധനവും ഇരു മതവിഭാഗങ്ങളുടെയും ആഗോള ജനസംഖ്യ ഉയർത്താൻ സഹായകമാകും.

ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ള രാജ്യമെന്ന സ്ഥാനമുള്ള അമേരിക്കയെ പിന്തള്ളി ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഒന്നാമതെത്തും. അമേരിക്കയിൽ ക്രിസ്ത്യാനികൾ ഏറ്റവും വലിയ മതവിഭാഗമായി തുടരുമെങ്കിലും ഭൂരിപക്ഷമല്ലാതാകാം. 2020 മുതൽ 2070 വരെയുള്ള ആഗോള ജനസംഖ്യാ പഠന പദ്ധതിയുടെ ഭാഗമായാണ് പ്യൂ റിസർച്ച് സെന്ററർ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. വയസ്, ജനനനിരക്ക്, കുടിയേറ്റം, മതപരമായ മാറ്റങ്ങൾ എന്നിവ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Send your news and Advertisements

You may also like

error: Content is protected !!