തൃശൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവച്ചു. ഇന്നാണ് അവർ തന്റെ രാജി പ്രഖ്യാപിച്ചത്. 2024 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന് ഏകദേശം രണ്ടര വർഷത്തിന് ശേഷമാണ് ഈ രാജി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ച ശേഷം പത്മജ രാജിക്കത്ത് ഇമെയിൽ വഴി അയച്ചതായാണ് റിപ്പോർട്ടുകൾ. ഇത് പത്മജയുടെ കുടുംബപരമായ വിഷയമായതിനാൽ സ്വന്തം താല്പര്യം പോലെ തീരുമാനമെടുക്കാമെന്ന് രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്മജയെ പിടിച്ചുനിർത്താൻ ഇനി ചർച്ചകൾ ഉണ്ടാകില്ലെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
ബിജെപിയിൽ ചേർന്നത് ആലോചിക്കാതെ എടുത്ത ഒരു തെറ്റായ തീരുമാനമായിരുന്നു എന്നും ആ തെറ്റ് തിരുത്തുകയാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയുടെ ആശയങ്ങളുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നും കുടുംബത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടെന്നും അവർ വ്യക്തമാക്കി. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തൃശൂരില്‍ വലിയ അവഗണനയാണ് നേരിടേണ്ടിവന്നത്. അപ്പോള്‍ പെട്ടെന്ന് എടുത്ത തീരുമാനമാണ്. ബിജെപിയിൽ ചെന്ന് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തെറ്റിപ്പോയി എന്നു തോന്നി. പദവി കിട്ടിയില്ല എന്ന പേരിലല്ല രാജി. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. രാജീവ് ചന്ദ്രശേഖര്‍ തികച്ചും മാന്യനായ വ്യക്തിയാണ്. അദ്ദേഹം ആ പാര്‍ട്ടിയില്‍ യോജിച്ച ആളാണോ എന്നു തന്നെ തോന്നിയിട്ടുണ്ട് എന്നും പത്മജ പറഞ്ഞു.
തിരികെ കോൺഗ്രസിൽ ചേരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പത്മജ പറഞ്ഞു. എന്നാൽ, സഹോദരൻ കെ. മുരളീധരൻ അവരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. പത്മജ ആവശ്യമുന്നയിച്ചാൽ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയപ്പോൾ, തൃശൂരിലെ ചില കോൺഗ്രസ് നേതാക്കൾ ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.


