Thursday, November 19, 2026
Home » ക്വാഡ് ഉച്ചകോടി: മോദി കരുത്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും ട്രംപ്.
ക്വാഡ് ഉച്ചകോടി: മോദി കരുത്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും ട്രംപ്.

ക്വാഡ് ഉച്ചകോടി: മോദി കരുത്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും ട്രംപ്.

by Editor

മനില: ഫിലിപ്പീൻസിലെ മനിലയിൽ ക്വാഡ് (Quad) ഉച്ചകോടി നടന്നു. ആസിയാൻ (ASEAN) ഉച്ചകോടിയോടനുബന്ധിച്ചാണ് ഇന്നലെ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ നേതാക്കൾ മനിലയിൽ ഒത്തുചേർന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി സനയ് തകായിച്ചി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.

ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി തന്റെ സുഹൃത്താണെന്നും, കരുത്തനായ നേതാവാണെന്നും, ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ജപ്പാൻ പ്രധാനമന്ത്രി സനയ് തകായിച്ചി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ പ്രശംസ.

ഇറക്കുമതി തീരുവയുടെ (tariffs) കാര്യത്തിൽ യുഎസുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന മോദിയെ ചൂണ്ടിക്കാട്ടി, “അദ്ദേഹം വളരെ കടുപ്പക്കാരനായ ഒരാളാണ്” എന്ന് ട്രംപ് പറഞ്ഞു. തുടർന്ന് തകൈച്ചിയെ ചൂണ്ടിക്കാട്ടി, അവർ “ഇതിലും കടുപ്പക്കാരിയായിരിക്കാം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുശേഷം ആൽബനീസിക്ക് നേരെ തിരിഞ്ഞ ട്രംപ്, അദ്ദേഹത്തിന്റെ മുതുകിൽ സൗഹൃദത്തോടെ തട്ടിക്കൊണ്ട്, “നമ്മൾ… നമ്മൾ കുഴപ്പമില്ലാതെ പോകുന്നുണ്ട്” എന്ന് പറഞ്ഞു.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ്, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ, അപൂർവ ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല, ഊർജ സുരക്ഷ, സൈബർ സുരക്ഷ, നിർമ്മിത ബുദ്ധി (AI) എന്നീ മേഖലകളിലെ സഹകരണമാണ് പ്രധാനമായും ഈ തവണത്തെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.

ചൈനയുടെ വർധിച്ചുവരുന്ന സൈനിക, സാമ്പത്തിക സ്വാധീനത്തെ നേരിടാനുള്ള ഒരു സന്തുലന ശക്തിയായാണ് ‘ക്വാഡ്’ (Quad) ദീർഘകാലമായി കണക്കാക്കപ്പെടുന്നത്. എന്നാൽ, ബെയ്ജിംഗിനെതിരായ ഒരു സഖ്യമായി ഇതിനെ വിശേഷിപ്പിക്കുന്നത് ഒഴിവാക്കാൻ അംഗരാജ്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ജപ്പാനു സമീപം അടുത്തിടെ നടത്തിയ നാവികാഭ്യാസങ്ങളുടെ തുടർച്ചയായി, സമുദ്ര നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയുക്ത സൈനികാഭ്യാസം ക്വാഡ് സംഘടിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

2027-ൽ മുംബൈയിൽ വെച്ച് പ്രഥമ ‘ക്വാഡ് ബിസിനസ് ലീഡേഴ്സ് ഫോറം’ (Quad Business Leaders Forum) നടത്താനും സംയുക്ത സമുദ്ര നിരീക്ഷണ അഭ്യാസങ്ങൾ സംഘടിപ്പിക്കാനും ഉച്ചകോടിയിൽ തീരുമാനമായി. ക്വാഡിനെ വിശ്വസനീയ പങ്കാളിത്തത്തിന്റെ വേദി എന്നാണ് മോദി വിശേഷിപ്പിച്ചത്. ആസിയാൻ–ഇന്ത്യ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആസിയാൻ രാജ്യങ്ങളുമായി അടുത്ത സൗഹൃദത്തിനു അതിയായ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നതെന്ന് മോദി പറഞ്ഞു.

Photo Courtesy: FB/narendramodi

ആസിയാന്‍ – ഇന്ത്യ ഉച്ചകോടിയിൽ വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Send your news and Advertisements

You may also like

error: Content is protected !!