ചടയമംഗലം: കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായു എർത്ത് സെന്ററിൽ (Jatayu Earth’s Center) അടുത്തിടെയായി സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിതേഷ് തിവാരിയുടെ ‘രാമായണം’ (Ramayana: Part 1) സിനിമയിലെ ജടായു-രാവണ യുദ്ധരംഗം തരംഗമായതോടെയാണ് ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹം വർദ്ധിച്ചത്. പ്രശസ്ത ശിൽപിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചൽ രൂപകൽപ്പന ചെയ്ത ജടായു ശിൽപമാണ് ഇവിടുത്തെ പ്രധാന ആകർഷണം. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ഈ ശിൽപത്തിനുള്ളിൽ ഡിജിറ്റൽ മ്യൂസിയവും 6D തിയേറ്ററും ഒരുക്കിയിട്ടുണ്ട്.
നിലവിൽ പ്രതിദിനം 7,000-ത്തിലധികം സന്ദർശകർ ഇവിടെ എത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളാണ് കൂടുതലായും എത്തുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ ജടായു വീണ സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ചടയമംഗലത്തെ പാറയും അവിടുത്തെ ശിൽപവും കാണാൻ സഞ്ചാരികൾക്കിടയിൽ വലിയ താല്പര്യം വർദ്ധിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടന കാലവും അവധി ദിനങ്ങളും കൂടി വരുന്നതോടെ തിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് സൂചനകൾ.
കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 38 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്ററും അകലെയായാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ജഡായു ശിൽപത്തിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന പല നിലകളിലായുള്ള ഓഡിയോ – വിഷ്വൽ മ്യൂസിയവും 6D തിയറ്ററുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ശ്രീരാമൻ്റേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര സൂക്ഷിച്ചിരിക്കുന്ന രാമക്ഷേത്രവും സന്ദർശകർക്ക് ഇവിടെ കാണാം. സിപ്-ലൈനിങ്, വാലി ക്രോസിങ്, റോക്ക് ക്ലൈംബിങ്, റാപ്പല്ലിങ്, പെയിന്റ് ബോൾ, കമാൻഡോ നെറ്റ് ക്ലൈംബിങ് തുടങ്ങിയ നിരവധി സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.
പ്രധാന ശില്പത്തിനടുത്തേക്ക് പ്രവേശനം ലഭിക്കുന്ന സാധാരണ ടിക്കറ്റിന് 250 മുതൽ 400 രൂപ വരെയാണ് നിരക്ക്. സ്വിസ് സാങ്കേതിക വിദ്യയുള്ള കേബിൾ കാർ വഴിയാണ് യാത്ര ചെയ്യുന്നതെങ്കിൽ ഒരാൾക്ക് 550 രൂപ മുതൽ 650 രൂപ വരെ ചെലവാകും. കാൽനടയായി മല കയറാൻ ആഗ്രഹിക്കുന്നവർക്ക് 300 മുതൽ 350 രൂപ നിരക്കിൽ വാക്ക് വേ ടിക്കറ്റ് എടുക്കാവുന്നതാണ്. രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയാണ് (വാരാന്ത്യങ്ങളിൽ 6:00 വരെ) പ്രവേശനം അനുവദിക്കുന്നത്.


