ന്യൂഡൽഹി: ഉത്തർപ്രദേശിലെ അയോധ്യയെയും നേപ്പാളിലെ ജനക്പുർധാമിനെയും ബന്ധിപ്പിക്കുന്ന പുതിയ പ്രതിവാര ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി അനുമതി നൽകി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാംസ്കാരിക ബന്ധവും രാമായണ തീർത്ഥാടന ടൂറിസവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സർവീസ് ആരംഭിക്കുന്നത്.
രാമായണ പാരമ്പര്യവുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് പ്രധാന തീർഥാടന കേന്ദ്രങ്ങളെ റെയിൽ മാർഗം ബന്ധിപ്പിക്കുന്ന പദ്ധതി ആത്മീയ വിനോദസഞ്ചാരത്തിനും ഇന്ത്യ–നേപ്പാൾ ജനസമ്പർക്കത്തിനും പുതിയ സാധ്യതകൾ തുറക്കും. ഏകദേശം 604 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആഴ്ചയിൽ ഒരിക്കലാണ് ട്രെയിൻ സർവീസ് നടത്തുക. എല്ലാ ശനിയാഴ്ചയും ജനക്പുർധാമിൽ നിന്നും, എല്ലാ തിങ്കളാഴ്ചയും അയോധ്യ കന്റോൺമെന്റിൽ നിന്നും ട്രെയിൻ പുറപ്പെടും. യാത്ര ബിഹാറിലെയും ഉത്തർപ്രദേശിലെയും നിരവധി പ്രധാന പട്ടണങ്ങളിലൂടെയും നഗരങ്ങളിലൂടെയും കടന്നുപോകും.
രാമായണ പാരമ്പര്യത്തിൽ സവിശേഷ സ്ഥാനമുള്ള രണ്ട് സ്ഥലങ്ങളെയാണ് പുതിയ സർവീസ് ബന്ധിപ്പിക്കുന്നത്. മാതാ സീതയുടെ ജന്മസ്ഥലമായി ആദരിക്കപ്പെടുന്ന ജനക്പുർധാമും ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യയും തമ്മിലുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഈ സർവീസിന് സാധിക്കും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം അതിർത്തി കടന്നുള്ള യാത്രാസൗകര്യങ്ങൾ വിപുലീകരിക്കുന്നതിലും പുതിയ സർവീസ് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.


