Sunday, November 15, 2026
Home » ഇന്ത്യയുടെ കയറ്റുമതിയിൽ ചരിത്രനേട്ടം: ഒക്ടോബറിൽ മാത്രം 90 ബില്യൺ ഡോളറിനടുത്ത്; ഒരു ട്രില്യൺ ഡോളർ ലക്ഷ്യത്തിലേക്ക് രാജ്യം.
ഇന്ത്യയുടെ കയറ്റുമതിയിൽ ചരിത്രനേട്ടം

ഇന്ത്യയുടെ കയറ്റുമതിയിൽ ചരിത്രനേട്ടം: ഒക്ടോബറിൽ മാത്രം 90 ബില്യൺ ഡോളറിനടുത്ത്; ഒരു ട്രില്യൺ ഡോളർ ലക്ഷ്യത്തിലേക്ക് രാജ്യം.

by Editor

ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതിയിൽ ചരിത്രപരമായ നേട്ടം. ഒക്ടോബറിൽ രാജ്യത്തിന്റെ മൊത്തം കയറ്റുമതി (ചരക്ക്, സേവനങ്ങൾ ഉൾപ്പെടെ) റെക്കോർഡ് ആയ 90 ബില്യൺ ഡോളറിനടുത്ത് (ഏകദേശം 89.9 ബില്യൺ ഡോളർ) എത്തി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിന്റെ (IITF) ഉദ്ഘാടന വേളയിലാണ് ഈ വിവരം പുറത്തുവിട്ടത്.

ആഗോളതലത്തിൽ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെയാണ് ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ സർവകാല റെക്കോർഡ് നേട്ടം. ഇതോടെ നടപ്പു സാമ്പത്തിക വർഷം ഒരു ട്രില്യൺ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് രാജ്യമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. ഒക്ടോബറിലെ മൊത്തം കയറ്റുമതിയിൽ ഏകദേശം 50 ബില്യൺ ഡോളർ ചരക്ക് കയറ്റുമതിയിൽനിന്നും 40 ബില്യൺ ഡോളർ സേവന കയറ്റുമതിയിൽനിന്നുമാണ് ലഭിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ, ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയുടെ ആകെ കയറ്റുമതി 570 ബില്യൺ ഡോളറിലെത്തിയതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും കയറ്റുമതിക്കാരുടെ ആത്മവിശ്വാസവും ആഗോള വെല്ലുവിളികളെ അതിജീവിക്കാനുള്ള രാജ്യത്തിന്റെ ശേഷിയുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ആഭ്യന്തര വിപണിയിലെ ശക്തമായ വ്യാപാര പ്രവർത്തനങ്ങളും മന്ത്രി എടുത്തുപറഞ്ഞു. ദീപാവലി ഉൾപ്പെടെയുള്ള സമീപകാല ഉത്സവകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപഭോക്തൃ ആവശ്യകതയിലും വ്യാപാര ഇടപാടുകളിലും വലിയ വർധനയുണ്ടായി. ഒക്ടോബറിലെ ജിഎസ്ടി വരുമാനം ആ മാസത്തെ സർവകാല റെക്കോർഡിലെത്തിയതായും അദ്ദേഹം അറിയിച്ചു. നവംബറിലും റെക്കോർഡ് ജിഎസ്ടി വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വ്യാപാരശേഷി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പ്രധാന വേദിയായി ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ മാറിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങൾ, വ്യവസായങ്ങൾ, ഉൽപ്പന്നങ്ങൾ, രാജ്യത്തിന്റെ വൈവിധ്യമാർന്ന ഉൽപ്പാദനശേഷി എന്നിവയെ ഒരേ വേദിയിൽ കൊണ്ടുവരാൻ മേളയ്‌ക്ക് കഴിയുന്നുണ്ട്. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ മുഖേന ഈ വേദി വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 45-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ ആണ് ന്യൂഡൽഹിയിൽ നടക്കുന്നത്. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 3,500-ലധികം പ്രദർശകരാണ് 14 ദിവസം നീളുന്ന മേളയിൽ പങ്കെടുക്കുന്നത്. ‘വികാസ് ഔർ വിരാസത്’ എന്നതാണ് ഈ വർഷത്തെ പ്രമേയം. പ്രാദേശിക ഉൽപ്പന്നങ്ങൾ, ചെറുകിട വ്യവസായങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, സാംസ്കാരിക പൈതൃകം, വിനോദസഞ്ചാര സാധ്യതകൾ, വികസന പദ്ധതികൾ എന്നിവ ഇവിടെ അവതരിപ്പിക്കും. ആഭ്യന്തര-രാജ്യാന്തര വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംരംഭകർക്ക് പുതിയ വിപണികൾ കണ്ടെത്തുന്നതിനും മേള പ്രധാന വേദിയാകും.

Send your news and Advertisements

You may also like

error: Content is protected !!